കണ്ണൂര്‍: പാടിയോട്ടുചാല്‍ എച്ചിലാംപാറയില് കോണ്‍ഗ്രസ്-ഡിവൈഎഫ്ഐ സംഘര്‍ഷത്തില്‍ മൂന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. എച്ചിലാംപാറയിലെ പുതിയപറമ്പത്ത് സജീഷ് (24), മീത്തലെ വീട്ടില്‍ ദിനില്‍ (24) പി വി അര്ജുന് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വൈദ്യുതി തൂണുകളില്‍ പോസ്റ്ററുകള്‍ പതിച്ചതിനെചൊല്ലി നേരത്തേ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമായി വാക്കേറ്റം നടന്നിരുന്നു. ഞായറാഴ്ച ഡിവൈഎഫ്ഐയുടെ സമ്മേളനത്തോടനുബന്ധിച്ച് പ്രവര്‍ത്തകര്‍ കൊടികെട്ടിയത് വീണ്ടും വാക്കേറ്റത്തിനും സംഘര്‍ഷാവസ്ഥയ്ക്കും കാരണമായി.
രാത്രി വൈകി എച്ചിലാംപാറയില് വച്ചുണ്ടായ വക്കേറ്റം കയ്യാങ്കളിയില്‍ കലാശിച്ചാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് പെരിങ്ങോം പോലീസെത്തി പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടി തോരണങ്ങള്‍ നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: