600 കോടിയുടെ സ്വത്ത് ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ചു

Monday 1 June 2015 7:18 pm IST

അഹമ്മദാബാദ്:എല്ലാ സുഖസൗകര്യങ്ങള്‍ക്കും നടുവിലായിരുന്നു ഞായറാഴ്ച വരെ ബന്‍വര്‍ലാല്‍ രഘുനാഥ് ദോഷിയെന്ന വ്യവസായ പ്രമുഖന്റെ ജീവിതം. തിങ്കള്‍ പുലര്‍ന്നപ്പോള്‍ അദ്ദേഹം ഒരു ഭിക്ഷാംദേഹിയായി. 600 കോടിയുടെ വ്യവസായ സാമ്രാജ്യം ഉപേക്ഷിച്ച് ദല്‍ഹിയിലെ പ്ലാസ്റ്റിക് രാജാവ് എന്നറിയപ്പെടുന്ന ബന്‍വര്‍ലാല്‍ രഘുനാഥ് ദോഷി ജൈനസന്യാസിയായി. അഹമ്മദാബാദിലെ എജ്യൂക്കേഷന്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ജൈന ആചാര്യന്‍ ശ്രീ ഗുണരത്‌ന സുരിഷ്വര്‍ജി മഹാരാജ് ഇദ്ദേഹത്തെ ശിഷ്യനായി സ്വീകരിച്ചു. സുരിഷ്വര്‍ജിയുടെ 108ാമത്തെ ശിഷ്യനായി രഘുനാഥ്. 1982 മുതല്‍ ജൈന സന്യാസിയാകണമെന്ന ആഗ്രഹം കൊണ്ടുനടക്കുകയായിരുന്നുവെന്ന് ബന്‍വര്‍ലാല്‍ പറയുന്നു. ഭാര്യയും മൂന്നു മക്കളുമുള്ള കുടുംബം സമ്മതിക്കാത്തതിനാലാണ് ഇതിനു സാധിക്കാതിരുന്നത്. ഇപ്പോള്‍ അവരുടെയും മറ്റു ബന്ധുക്കളുടെയുമെല്ലാം സമ്മതം ലഭിച്ചുവെന്നും രഘുനാഥ്. ചടങ്ങിനു ചെലവ് 100 കോടി രൂപ. വ്യവസായ പ്രമുഖന്‍ ഗൗതം അദാനിയും, 1,000 ജൈന സന്യാസിമാരും, സ്വാമിനികളുമടക്കം ഒന്നര ലക്ഷത്തിലധികം പേര്‍ സന്യാസദീക്ഷയ്ക്കു സാക്ഷിയായി.പങ്കെടുത്തവരില്‍ 101 പേര്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ സന്യാസം സ്വീകരിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ചടങ്ങിനുമുന്നോടിയായി ശനിയാഴ്ച വൈകീട്ട് 1,000 ജൈനസന്യാസിമാര്‍, 12 രഥം, ഒമ്പത് ആന, ഒമ്പത് ഒട്ടകവണ്ടികള്‍, പരമ്പരാഗത സംഗീതം എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്രയും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.