'ആപ്പി'ന്റെ നേട്ടം സഭയുടെ ഔദാര്യം

Monday 1 June 2015 7:36 pm IST

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എഎപി ആദ്യവിജയം നേടിയത് ക്രൈസ്തവ വര്‍ഗീയ കാര്‍ഡിറക്കി, രാഷ്ടീയ മാറ്റത്തിന്റെ തുടക്കമെന്ന പ്രചരണം അടിസ്ഥാനരഹിതം. ലത്തീന്‍ സമുദായത്തിന് മൃഗീയ ഭൂരിപക്ഷമുള്ള വാര്‍ഡില്‍ ഇടതു-വലതു മുന്നണികളും എഎപിയും സഭയുടെ പിന്തുണയ്ക്കാണ് മത്സരിച്ചത്. ഇടതുമുന്നണിയുടെ സ്വന്തം അനുയായികള്‍ പോലും സഭാ നിലപാടിനൊപ്പം അണിനിരന്നപ്പോള്‍ മൂന്ന് വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് ചേര്‍ത്തല തെക്ക് പഞ്ചായത്ത് 21-ാം വാര്‍ഡില്‍ ആപ്പ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. ചേര്‍ത്തല തെക്ക് പഞ്ചായത്ത് വിഭജിച്ച് പുതുതായി അര്‍ത്തുങ്കല്‍ പഞ്ചായത്ത് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതുതന്നെ ക്രൈസ്തവ വിഭാഗത്തിന്റെ കൈയടി നേടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍ സഭ ആഗ്രഹിച്ചത് പൂര്‍ണമായും വിഭജനത്തില്‍ നേടിയെടുക്കാന്‍ കഴിഞ്ഞില്ല. ഇതോടെ സഭയുടെ നേതൃത്വത്തില്‍ തന്നെ തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ പഞ്ചായത്ത് വിഭജനം വേണമെന്ന ആവശ്യവുമായി ആക്ഷന്‍ കൗണ്‍സില്‍ സമരം തുടങ്ങി. പള്ളിയുടെ പിന്തുണയില്‍ സിപിഐ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജയിക്കുകയും ഒരുവര്‍ഷം പഞ്ചായത്ത് പ്രസിഡന്റാകുകയും ചെയ്ത ടോമി ഏലശേരി പഞ്ചായത്തംഗത്വം രാജിവച്ച് പള്ളി പിന്തുണയ്ക്കുന്ന സമരത്തില്‍ പങ്കാളിയായി. ഈ സാഹചര്യത്തിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്. അവസരം മുതലാക്കി സഭയുടെ പൂര്‍ണ പിന്തുണയോടെ എഎപിക്കാര്‍ ടോമിയെ വണ്ടും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് മത്സരിപ്പിക്കുകയായിരുന്നു. വാര്‍ഡിലെ ടോമിയുടെ വ്യക്തിപരമായ സ്വാധീനവും പള്ളിയുടെ പിന്തുണയും കൂടിയായപ്പോള്‍ 'ആപ്പ്' കഷ്ടിച്ച് കടന്നുകൂടി. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് കുത്തകയാക്കിയിരുന്ന വാര്‍ഡ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഐയും, ഇത്തവണ ഉപതെരഞ്ഞെടുപ്പില്‍ എഎപി ജയിച്ചതും സാങ്കേതികത്വം മാത്രമാണ്. യഥാര്‍ത്ഥത്തില്‍ സഭയുടെ വിജയമാണ് രണ്ടുതവണയും ഉണ്ടായത്, തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ പാഠം പഠിപ്പിക്കുമെന്ന സംഘടിത മതവിഭാഗത്തിന്റെ നിലപാടാണ് ആപ്പിന് തുണയായത്. ആദര്‍ശ പ്രഖ്യാപനങ്ങള്‍ വെറും കാപട്യമാണെന്നും ഏതു വര്‍ഗീയ കാര്‍ഡിറക്കിയും വോട്ടു നേടുകയെന്ന ഇടതു-വലതു മുന്നണികളുടെ അതേ ഇരട്ടത്താപ്പാണ് ആപ്പും പയറ്റുന്നതെന്ന് ചേര്‍ത്തലയിലെ ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതു-വലതു മുന്നണികളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തുകയെന്ന തന്ത്രമാണ് ആപ്പിനെ മുന്‍നിര്‍ത്തി സഭ പയറ്റുന്നത്. ഇടതുമുന്നണിയുടെ പാപ്പരത്തവും ഇവിടുത്തെ ദയനീയ തോല്‍വി വെളിവാക്കി, 112 പാര്‍ട്ടി അംഗങ്ങളാണ് ഈ വാര്‍ഡില്‍ സിപിഎമ്മിനും സിപിഐക്കുമുള്ളത്. എന്നാല്‍ സിപിഐ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 64 വോട്ടുകള്‍ മാത്രമാണ്. പാര്‍ട്ടി നേതൃത്വത്തെയല്ല സഭാ നേതൃത്വത്തിലാണ് പാര്‍ട്ടിയംഗങ്ങള്‍ പോലും വിശ്വാസമര്‍പ്പിച്ചതെന്ന് വോട്ടുനില വ്യക്തമാക്കുന്നു. ബിജെപി മാത്രമാണ് ഇവിടെ രാഷ്ട്രീയ പോരാട്ടം നടത്തിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.