ഡിബി കോളേജില്‍ വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്തുന്നതായി പരാതി

Monday 1 June 2015 10:16 pm IST

ശാസ്താംകോട്ട: ദേവസ്വം ബോര്‍ഡ് കോളേജില്‍ രാഷ്ട്രീയ നിരോധനത്തിന്റെ മറവില്‍ വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്തുന്നതായി ആക്ഷേപം. കഴിഞ്ഞ സെപ്തംബര്‍മാസമാണ് കോളേജില്‍ രാഷ്ട്രീയം നിരോധിച്ച് ഉത്തരവിറങ്ങിയത്. എന്നാല്‍ ഈ ഉത്തരവില്‍ വിദ്യാര്‍ത്ഥികളുടെ സ്വതന്ത്ര്യം നിഷേധിക്കരുതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. കോളേജില്‍ ഈ ഉത്തരവിന്റെ മറവില്‍ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതായാണ് ഇപ്പോളുയരുന്ന ആക്ഷേപം. എന്തുകാണിച്ചാലും പ്രതികരിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇല്ല എന്ന ധൈര്യത്തില്‍ കോളേജില്‍ വന്‍അഴിമതികളാണ് ചിലര്‍ നടത്തുന്നതെന്ന ആരോപണം ശക്തമാണ്. ഈയിടെ കോളേജില്‍ നടന്ന കോടികളുടെ അഴിമതി പുറത്തു വന്നത് വിദ്യാര്‍ത്ഥി സംഘടനകള്‍ ആയുധമാക്കുമെന്നറിഞ്ഞ കോളേജിലെ ചില അധ്യാപരും ജീവനക്കാരും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഈ ഉത്തരവിന്റെ മറവില്‍ അടിച്ചമര്‍ത്തല്‍ സമീപനം സ്വീകരിക്കുകയാണെന്നാണ് ആരോപണം. അതേസമയം കോളേജില്‍ അടിസ്ഥാന സൗകര്യങ്ങല്‍ ഇല്ലാത്തത് വിദ്യാര്‍ത്ഥികളെ കാര്യമായി ബാധിക്കുന്നുണ്ട്. കോളേജില്‍ കൂളറും പൈപ്പും സ്ഥാപിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതരടെ ഭാഗത്ത് നിന്ന് ഇതുവരെയും പ്രതികരണം ഉണ്ടായിട്ടില്ല. ഇതു ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെ ഈ ഉത്തരവ് കാണിച്ചു ഭീഷണിപ്പെടുത്തുകയാണ് പ്രിന്‍സിപ്പാളടക്കംമുള്ള അധ്യാപകര്‍ ചെയ്യുന്നത്. ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് വിദ്യാര്‍ത്ഥി സംഘടനകള്‍. പതിനെട്ടു വയസ്സു തികഞ്ഞ വോട്ടവകാശമുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജില്‍ അധ്യാപകരടെ അഴിമതി കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ഇവര്‍ പറയുന്നു. ഡിബി കോളേജില്‍ വര്‍ഷങ്ങളായി നടക്കുന്ന അഴിമതി അന്വഷിക്കണമെന്നാവശ്യപ്പെട്ട് ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കാനാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം. കോളേജ് മാഗസിന്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിക്കാതെ വിദ്യാര്‍ത്ഥികളുടെ കലാവാസനയെ തടസപ്പെടുത്തിയവര്‍ക്കെതിരെയും ശക്തമായി രംഗത്തു വരാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ആലോചിക്കുന്നുണ്ട്. ഒരു ഉത്തരവിന്റെ മറവില്‍ അഴിമതി നടത്താന്‍ ആരെയും അനുവദിക്കില്ലെന്നും ഇവര്‍പറയുന്നു. സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി കോളേജിലെത്തുന്ന അതിഥികള്‍ ഉള്‍പ്പടെയുള്ളവരെ വഴിയില്‍ തടയാനും കോളേജിനു പുറത്ത് സമരം നടത്താനും വിദ്യാര്‍ത്ഥി സംഘടനകള്‍ ആലോചിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.