മണ്‍സൂണ്‍ ജൂണ്‍ അഞ്ചോടെ കേരളത്തിലെത്തും

Tuesday 2 June 2015 3:18 pm IST

ന്യൂദല്‍ഹി മണ്‍സൂണ്‍ ജൂണ്‍ അഞ്ചോടെ കേരളത്തിലെത്തുമെന്ന് പ്രവചനം. അതേസമയം മഴയില്‍ മുന്‍വര്‍ഷത്തേക്കാള്‍ വന്‍ കുറവുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. എല്‍ നിനോ പ്രതിഭാസമാണ് ഇതിന് കാരണം.നേരത്തെ ജൂണ്‍ ഒന്നിന് കാലവര്‍ഷമെത്തുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറിനാണ് മണ്‍സൂണെത്തിയത്. ഇക്കുറി 88 ശതമാനം മഴയാവും ലഭിക്കുകയെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. നേരത്തെ ഇക്കുറി 93 ശതമാനം മഴ ലഭിക്കുമെന്നായിരുന്നു വിലയിരുത്തല്‍. മഴയില്‍ കാര്യമായ കുറവുണ്ടായ കഴിഞ്ഞ വര്‍ഷം രാജ്യത്ത് 90 ശതമാനം മണ്‍സൂണ്‍ മഴയാണ് ലഭിച്ചത്. കൃഷിയെ ആശ്രയിക്കുന്ന ഇന്ത്യയെ  പോലൊരു രാജ്യത്തിന് ഏറെ പ്രധാനമാണ് തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍. മാര്‍ച്ച്ഏപ്രില്‍ മാസങ്ങളില്‍ കാലം തെറ്റി പെയ്ത മഴ വ്യാപക കൃഷിനാശം ഉണ്ടാക്കിയതിന് പിന്നാലെയാണ് പുതിയ പ്രവചനം. മഴ വൈകുന്നതും മഴയുടെ തോത് കുറയുന്നതും രാജ്യത്തെ കാര്‍ഷികമേഖലയെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ ദല്‍ഹി, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളെയായിരിക്കും മഴയുടെ കുറവ് ദോഷകരമായി ബാധിക്കുക. മഴയുടെ ലഭ്യത കുറവ് വൈദ്യുതോല്‍പാദനം, കുടിവെള്ളം തുടങ്ങിയ മേഖലകളേയും പ്രതികൂലമായി ബാധിക്കും. ഊര്‍ജ്ജത്തിനായി ജലവൈദ്യുത പദ്ധതികളെ ആശ്രയിക്കുന്ന കേരത്തിനെയാവും ഇത് കൂടുതല്‍ ബാധിക്കുക.  വരള്‍ച്ച ഉണ്ടായാല്‍ പയര്‍ വര്‍ഗമടക്കമുള്ള ധാന്യവിളകളുടെ ലഭ്യതയ്ക്കും കുറവുണ്ടാവും. ഉള്ളി, എണ്ണ പോലുള്ളവയുടെ വില കുതിച്ചു കയറും. അരി, സോയാബീന്‍ പോലുള്ള വിളകളുടെ വിളവെടുപ്പിനെ മഴയുടെ ദൗര്‍ലഭ്യം ബാധിക്കുമെന്നതിനാല്‍ തന്നെ വില ഉയരാനും ഇടയാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.