വരുന്നൂ ഗതിമാന്‍; വേഗം 160 കി.മീ

Thursday 4 June 2015 1:12 am IST

ന്യൂദല്‍ഹി: ജപ്പാനിലും ജര്‍മ്മനിയിലും മാത്രമല്ല ഭാരതത്തിലും ഇനി ട്രെയിനില്‍ പറക്കാം. അതിവേഗത്തില്‍ ട്രെയിന്‍ സര്‍വ്വീസ് നടത്താന്‍ കഴിയുമെന്ന് തെളിയിച്ച് ഭാരത റെയില്‍വേ ചരിത്രം കുറിച്ചു. 160 കിലോമീറ്റര്‍ വേഗത്തില്‍ ഓടിച്ചാണ്  വിജയ പരീക്ഷണം നടത്തിയത്. ദല്‍ഹി - ആഗ്ര പാതയിലോടുന്ന ഗതിമാന്‍ എക്‌സ്പ്രസിന്റെ ആറാമത്തെയും അവസാനത്തെയും വിജയ പരീക്ഷണമാണ് കഴിഞ്ഞ ദിവസം  നടന്നത്. 195 കിലോമീറ്റര്‍ ദൂരം സെമി ഹൈസ്പീഡ് ട്രെയിന്‍ വെറും 115 മിനിറ്റ് (ഒരു മണിക്കൂര്‍ 55 മിനിറ്റ്) കൊണ്ടാണ് ഓടിയെത്തിയത്. അടുത്ത ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഗതിമാന്‍ എക്‌സ്പ്രസ് ഫഌഗ് ഓഫ് ചെയ്യും. 5400 കുതിരശക്തിയുള്ള ഇലക്ട്രിക് എന്‍ജിനാണ് 12 പുതുപുത്തന്‍ കോച്ചുകളില്‍ ഘടിപ്പിച്ചിരുന്നത്. 105 മിനിറ്റില്‍ ഇത്രയും ദൂരം താണ്ടാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പത്തു മിനിറ്റ് വൈകി. വടക്കന്‍ റെയില്‍വേയിലെ അറ്റകുറ്റപ്പണി വിഭാഗമാണ് പരീക്ഷണത്തിന് ചുക്കാന്‍ പിടിച്ചത്. ന്യൂദല്‍ഹിയില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ 11.15ന് പുറപ്പെട്ട ട്രെയിന്‍ എങ്ങും നിര്‍ത്താതെ ഉച്ചയ്ക്ക് 1.10ന് ആഗ്രയില്‍ എത്തി. തിരികെ ഉച്ചയ്ക്ക് 2.20ന് പുറപ്പെട്ട ട്രെയിന്‍ 4.25ന് ദല്‍ഹിയില്‍ മടങ്ങിയെത്തി. മൊത്തം രണ്ടു മണിക്കൂര്‍ 25 മിനിറ്റു കൊണ്ട് ദല്‍ഹിയില്‍ നിന്ന് ആഗ്രയ്ക്ക് പോയി മടങ്ങിയെത്തി. നിലവില്‍ ഏറ്റവും കൂടുതല്‍ വേഗതയുള്ള ഭോപ്പാല്‍ ശതാബ്ദി എക്‌സ്പ്രസ് ദല്‍ഹിയില്‍ നിന്ന് ആഗ്രയില്‍ എത്താന്‍ മാത്രം രണ്ടു മണിക്കൂര്‍ ആറു മിനിറ്റാണ് എടുക്കുന്നത്. ഇതിന് മഥുരയില്‍ രണ്ടു മിനിറ്റ് സ്‌റ്റോപ്പേയുള്ളൂ. ശതാബ്ദി എക്‌സ്പ്രസിനേക്കാള്‍ 25 ശതമാനം കൂടുതലാണ് ഗതിമാന്‍ എക്‌സ്പ്രസിന്റെ ടിക്കറ്റ് നിരക്ക്. എസി ചെയര്‍കാറിന് 690 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസിന് 1365 രൂപയും. ശതാബ്ദിക്ക് ഇത് യഥാക്രമം 540 രൂപയും 1040 രൂപയുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.