സൈനക്ക് ഒന്നാം റാങ്ക് നഷ്ടമായി സൈന, കശ്യപ് ക്വാര്‍ട്ടറില്‍

Thursday 4 June 2015 9:59 pm IST

ജക്കാര്‍ത്ത: ഇന്ത്യന്‍ ബാഡ്മിന്റണ്‍ എയ്‌സ് സൈന നെഹ്‌വാള്‍ വനിതാ സിംഗിള്‍സിലും പി. കശ്യപ് പുരുഷ സിംഗിള്‍സിലും ഇന്തോനേഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം സീഡ് സൈന നേഹ്‌വാള്‍ തായ്‌പേയിയുടെ സു യ ചിങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കിയാണ് അവസാന എട്ടില്‍ ഇടംപിടിച്ചത്. 36 മിനിറ്റ് നീണ്ടുനിന്ന കളിയില്‍ 21-13, 21-15 എന്ന സ്‌കോറിനായിരുന്നു സൈനയുടെ വിജയം. ക്വാര്‍ട്ടറില്‍ സൈന അഞ്ചാം സീഡ് ചൈനയുടെ വാങ് ഷിഹിയാനെ നേരിടും. അതേസമയം ഏറ്റവും പുതിയ ലോക റാങ്കിംഗില്‍ സൈനക്ക് ഒന്നാം റാങ്ക് നഷ്ടമായി. പുതിയ റാങ്കിംഗ് അനുസരിച്ച് സൈന മൂന്നാം സ്ഥാനത്താണ്. നിലവിലെ ഒളിമ്പിക് ചാമ്പ്യന്‍ ലി സുറേയിയാണ് റാങ്കിംഗില്‍ ഒന്നാമത്.സ്പാനിഷ് താരം കരോലിന മാരിനാണ് രണ്ടാമത്. എന്നാല്‍ പുരുഷ റാങ്കിംഗില്‍ കെ. ശ്രീകാന്ത് ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. പുരുഷ സിംഗിള്‍സില്‍ അഞ്ചാം സീഡ് കൊറിയയുടെ സണ്‍ വാന്‍ ഹൊവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് അട്ടിമറിച്ചാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. 37 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 21-11, 21-14 എന്ന സ്‌കോറിനായിരുന്നു കശ്യപിന്റെ വിജയം. ഒന്നാം സീഡ് ചൈനയുടെ ചെന്‍ ലോങാണ് ക്വാര്‍ട്ടറില്‍ കശ്യപിന്റെ എതിരാളി. അതേസമയം നാലാം സീഡ് കെ. ശ്രീകാന്ത് രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ട് പുറത്തായി. യോഗ്യതാ റൗണ്ടില്‍ വിജയിച്ചെത്തിയ ഇന്തോനേഷ്യയുടെ ജിന്‍ടിങ് ആന്റണിയാണ് 54 മിനിറ്റ് നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ശ്രീകാന്തിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 14-21, 22-20, 21-13. വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യവും രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ട് പുറത്തായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.