യോഗ ദിനം ചരിത്ര സംഭവമാകും

Friday 5 June 2015 9:30 pm IST

ന്യൂദല്‍ഹി: ഈ മാസം 21ന് നടക്കുന്ന അന്താരാഷ്ട്ര യോഗാ ദിനാചരണം ചരിത്ര സംഭവമാകും.  രാജ്പഥില്‍ സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പമാകും പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ ചെയ്യുക. രാവിലെ ഏഴു മുതല്‍ എഴര വരെ നടക്കുന്ന യോഗ കാണാന്‍ കുട്ടികളടക്കം ഒരു ലക്ഷത്തോളം  പേര്‍ എത്തിച്ചേരും. ഒരു പ്രത്യേക യോഗാസനമാകും രാജ്പഥില്‍ പ്രദര്‍ശിപ്പിക്കുക. ഇത് ഏത് ആസനമായിരിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. അതേ സമയത്ത് രാജ്യമെമ്പാടുമായി ആയിരങ്ങള്‍ യോഗ അഭ്യസിക്കും. ഇത്രയും വലിയ യോഗാഭ്യാസപരിപാടി ലോകത്ത് തന്നെ ആദ്യമായതിനാല്‍ ഗിന്നസ് ബുക്ക് അധികൃതരും എത്തുന്നുണ്ട്. ഭാരതത്തിലെ പ്രധാന യോഗ ഗുരുക്കന്മാരെ പല വിദേശ രാജ്യങ്ങളിലേക്കും അയക്കും. അവര്‍ അവിടങ്ങളില്‍ ഇതേ സമയം യോഗാഭ്യാസ പരിപാടി നയിക്കും. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പര്യടനത്തിനിടെ യുഎന്നില്‍ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ അന്താരാഷ്ട്ര തലത്തില്‍ പ്രചരിപ്പിക്കണമെന്നും അന്താരാഷ്ട്ര യോഗ ദിനം ആചരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗദിനമായി ആചരിക്കാന്‍ യുഎന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ, ഉപാദ്ധ്യക്ഷന്‍ രാഹുല്‍, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ എന്നിവരെയും മുഴുവന്‍ എംപിമാരെയും  യോഗദിനാചരണത്തില്‍ പങ്കെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്. കുട്ടികളും പോലീസും കരസേനയും അടക്കം ഒരു ലക്ഷം പേര്‍ ഇതില്‍ പങ്കെടുക്കുമെന്ന് സാംസ്‌ക്കാരിക മന്ത്രി ശ്രീപദ് നായിക് പറഞ്ഞു. യോഗ ദിന ഒരുക്കങ്ങള്‍ മോദി നേരിട്ടാണ് നിരീക്ഷിക്കുന്നത്. മുഴുവന്‍ ജനങ്ങളുടേയും സജീവ പങ്കാളിത്തമാണ് മോദി ക്ഷണിച്ചിരിക്കുന്നത്. യോഗ വലിയ ജനകീയ പ്രസ്ഥാനമാക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. മഹാരാഷ്ട്രയിലെ ജയിലുകളില്‍  യോഗയും ധ്യാനവും മുംബൈ: മഹാരാഷ്ട്രയിലെ ജയിലുകളില്‍ യോഗയും ധ്യാനവും ഏര്‍പ്പെടുത്തുന്നു. തടവുകാര്‍ക്ക് മാനസികവും ശാരീരികവുമായ സൗഖ്യത്തിനും വിഷാദം ഒഴിവാക്കുന്നതിനുമാണ് അന്താരാഷ്ട്ര യോഗ ദിനമായ 21 മുതല്‍ ജയിലുകളില്‍ യോഗയും ധ്യാനവും ഏര്‍പ്പെടുത്തുന്നത്. യോഗയിലൂടെയും ധ്യാനത്തിലൂടെയും തടവുകാരില്‍ മാനസിക പരിവര്‍ത്തനം ഉണ്ടാക്കുവാനാകും. ഇതിലൂ ടെ ഇവര്‍ക്ക് പുതുജീവിതം ലഭിക്കുമെന്നുമാണ് പ്രതീക്ഷയെന്ന് ആഭ്യന്തര മന്ത്രി രാം ഷിന്‍ഡേ പറഞ്ഞു. സംസ്ഥാനത്ത് 50 ജയിലുകളിലായി 28,000 തടവുകാരാണുള്ളത്. 10-15 ശതമാനം തടവുകാര്‍ വിഷാദാവസ്ഥയിലാണ്. യോഗയും ധ്യാനവും ഇവരുടെ മനസ്സില്‍ മാറ്റങ്ങളുണ്ടാക്കുവാന്‍ സാധിക്കും. യോഗക്കും ധ്യാനത്തിനുമായി അധ്യാപകരെ ഏര്‍പ്പെടുത്തും. ഇവര്‍ പ്രഥമിക കാര്യങ്ങള്‍ തടവുകാര്‍ക്ക് പകര്‍ന്ന് നല്‍കും. ഇങ്ങനെ പഠിച്ച തടവുകാര്‍ മറ്റ് തടവുകാരെ പഠിപ്പിക്കും. സുധര്‍വാണി എന്നൊരു പരിപാടിയും അകാശവാണി മാതൃകയില്‍ ആരംഭിക്കും. നാസിക് ജയിലില്‍ ഇതാരംഭിച്ചിട്ടുണ്ട്. മറ്റ് ജയിലുകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും ഷിന്‍ഡേ പറഞ്ഞു. ഭക്തി ഗാനങ്ങള്‍ കേള്‍ക്കുന്നതിലൂടെ അവര്‍ക്ക് പോസിറ്റീവ് ചിന്ത വരുമെന്നും മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.