ചിറ്റാര്‍ പുഴയില്‍ മാലിന്യം തള്ളിയാല്‍ പ്രോസിക്യൂഷന്‍ വേണം: മനുഷ്യാവകാശ കമ്മീഷന്‍

Friday 5 June 2015 10:04 pm IST

കോട്ടയം: ചിറ്റാര്‍ പുഴയില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി. മജിസ്റ്റീരിയല്‍ അധികാരം ഉപയോഗിച്ച് ജില്ലാ കളക്ടറും നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു. ചിറ്റാര്‍ പുഴയില്‍ മാലിന്യം തള്ളുന്നത് ആരാണെങ്കിലും പോലീസ് നടപടിയെടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. കാഞ്ഞിരംപള്ളി ഇടക്കുന്നം മുഹമ്മദ് നാസര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. കാഞ്ഞിരപ്പള്ളി ടൗണ്‍ഹാളിനു വടക്ക് പടിഞ്ഞാറു ഭാഗത്ത് പഞ്ചായത്ത് മാലിന്യം നിക്ഷേപിക്കുകയാണെന്ന് കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കമ്മീഷനെ അറിയിച്ചു. ടൗണ്‍ ഹാളിനു സമീപമുള്ളത് കൊതുകു വളര്‍ത്തല്‍ കേന്ദ്രമാണ്. പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യത തള്ളികളയാനാവില്ല. ഡങ്കിപ്പനിക്കും എലിപ്പനിക്കും സാധ്യതയുണ്ടെന്നും ഡി എം ഒ അറിയിച്ചു. കാഞ്ഞിരപ്പള്ളി ടൗണ്‍ഹാളില്‍ ഭക്ഷണം കൊണ്ടുവരുന്നത് നിരോധിക്കുകയോ കൊണ്ടുവന്നാല്‍ മാലിന്യങ്ങള്‍ തിരികെ കൊണ്ടുപോവുകയോ ചെയ്യണമെന്ന് ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവില്‍ പറഞ്ഞു. മാലിന്യം കുമിഞ്ഞുകൂടി രോഗമുണ്ടായാല്‍ പഞ്ചായത്ത് നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് കോട്ടയം ജില്ലാ കളക്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പോലീസിനും കൈമാറിയതായി കമ്മീഷന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.