മണിപ്പൂര്‍ ഭീകരാക്രമണം എന്‍ഐഎ അന്വേഷിക്കും

Friday 5 June 2015 10:41 pm IST

ഇംഫാല്‍: മണിപ്പൂരില്‍ ഭീകരര്‍ സൈനികര്‍ക്കു നേരെ ആക്രമണം നടത്തിയ സംഭവം ദേശീയ അന്വേഷണ ഏജന്‍സി( എന്‍ഐഎ) അന്വേഷിക്കും. വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ 20 സൈനികരാണ് കൊല്ലപ്പെട്ടത്. അതിനിടെ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് ഭീകരാക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ചു.യുഎസ് നിര്‍മിത ആയുധങ്ങളുമായാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്നാണ് സൂചന. ഭീകരാക്രമണത്തിന് വിദേശബന്ധമുണ്ടെന്ന സൂചനയാണ് അന്വേഷണം എന്‍ഐഎയെ ഏല്‍പ്പിക്കാന്‍ കാരണം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി എല്‍സി ഗോയല്‍ എന്‍ഐഎ മേധാവി ശരദ്കുമാറിനെ വിളിച്ച് അന്വേഷണം ഏല്‍പ്പിച്ച വിവരം അറിയിക്കുകയായിരുന്നു. നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ്, കാംഗ്‌ളെ യാവോല്‍ കാനാ ലുപ്, കാംഗ്‌ളെപാക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവരാണ് അക്രമണത്തിനു പിന്നിലെന്നാണ് വിവരം. മൂന്നു സംഘടനകളും വടക്കു കിഴക്കന്‍ മേഖലയില്‍ വിഘടനവാദപ്രവര്‍ത്തനം നടത്തുന്ന ഭീകര സംഘടനകളാണ്.അന്‍പതിലേറെ ഭീകരര്‍ അടങ്ങിയ സംഘങ്ങള്‍ ദോഗ്ര റെജിമെന്റിലെ സൈനികര്‍ കയറിയ വാഹനം ആക്രമിക്കുകയായിരുന്നു. തോക്കുകളും  പ്രത്യേക വിക്ഷേപിണിയില്‍ നിന്ന് തൊടുത്തു വിടുന്ന ഗ്രനേഡുകളും സ്‌ഫോടകവസ്തുക്കളും യന്ത്രത്തോക്കുകളും മറ്റുമായായിരുന്നു ഭീകരാക്രമണം. മിന്നലാക്രമണത്തില്‍ സൈനികര്‍ കയറിയ രണ്ടു ട്രക്കുകളും കത്തിനശിച്ചു.തുടര്‍ന്ന് അക്രമികള്‍ തൊട്ടുത്തുള്ള അതിര്‍ത്തിയിലെ കാടുകളിലേക്ക് മുങ്ങി.നാലഞ്ചു മണിക്കൂര്‍ തുടര്‍ച്ചയായി തെരച്ചില്‍ നടത്തിയിട്ടും അവരെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. നൂറു കണക്കിന് സൈനികര്‍ ഇന്നും വനമേഖലകളാകെ അരിച്ചുപെറുക്കി തെരച്ചില്‍ നടത്തുകയാണ്. ഹെലിക്കോപ്ടറിന്റെ സഹായത്തോടെയാണ് തെരച്ചില്‍.ഭീകരര്‍ മ്യാന്‍മറിലേക്ക് കടന്നതായാണ് സംശയം. ഭീകരരെ തെരഞ്ഞു പിടിച്ച് കൊല്ലാനാണ് കേന്ദ്ര നിര്‍ദ്ദേശം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭീകര, തീവ്രവാദ സംഘടനകളെല്ലാം ഒരു കുടക്കീഴില്‍ അണിചേര്‍ന്നിരിക്കുകയാണെന്നാണ് സൂചന. ഇവയില്‍ കൂടുതലും മണിപ്പൂരിലും നാഗാലാന്‍ഡിലുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.