തിരുവനന്തപുരം: കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ചെയര്‍മാനും ഡയറക്ടര്‍മാര്‍ക്കുമെതിരെ സാമ്പത്തിക തിരിമറിക്കും വഞ്ചനാകുറ്റത്തിനും കേസ്. ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ചെയര്മാന് മാത്യു കുരുവിത്തടം (കുരുവിത്തടം ഏജന്‍സീസ്) ഡയറക്ടര്‍മാരായ കെ.എന്‍.മര്‍സൂക്ക് (കൊളംബോ കുട) ബിജു സി. ചെറിയാന് (ചെറിയാന് വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ്) മുന്‍ ഡയറക്ടറായ ഇ.പി.ജോര്‍ജ്ജ് (നോവല്‍റ്റി ടെക്സ്റ്റയില്‍സ്), സെക്രട്ടറി എ.ജെ.രാജന് എന്നിവരെ പ്രതികളാക്കിയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചത്.
2013ല്‍ ചേംബറിന്റെ ഡയറക്ടര്‍മാരായിരുന്ന മര്‍സൂക്ക്, മാത്യുകുരുവിത്തടം, ഇ.പി.ജോര്‍ജ്ജ്, ബിജു.സി.ചെറിയാന് എന്നിവര്‍ ചേര്‍ന്ന് സെക്രട്ടറി രാജന്റെ സഹായത്തോടെ 2.45 കോടി രൂപ ഇന്ത്യാ മിഡില്‍ ഈസ്റ്റ് ബ്രോഡ്കാസ്റ്റിംഗ് നെറ്റ് വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ലോണ്‍ എന്ന വ്യാജേന വകമാറ്റുകയായിരുന്നു. ചേംബര്‍ ഓഫ് കോമേഴ്സിനോ, ചേംബര്‍ ഓഫ് കോമേഴ്സിന്റെ പേരില്‍ നിര്‍മ്മാണമാരംഭിച്ച മര്‍സൂക്ക് ചെയര്‍മാനായ കണ്‍സ്ട്രക്ഷന്‍ പ്രൊജക്ടായ കേരള ട്രേഡ് സെന്ററിനോ ഇത്തരത്തില്‍ മറ്റൊരു സ്ഥാപനത്തിന് തുക വകമാറ്റാന്‍ അധികാരമില്ലാതിരിക്കെയാണ് അനധികൃതമായി തുക വകമാറ്റിയത്.
പ്രതികളില്‍ രാജന് ഒഴികെയുള്ളവര്‍ ഇന്ത്യാ മിഡില്‍ ഈസ്റ്റ് ബ്രോഡ്കാസ്റ്റിംഗിന്റെ കീഴില്‍ ആരംഭിച്ച ടി.വി.ന്യൂ ചാനലിന്റെ ഡയറക്ടര്മാരാവുകയും ചെയ്തു. ചേംബര്‍ ഓഫ് കോമേഴ്സിന്റെ സമ്മതമില്ലാതെ തുക തട്ടിയെടുക്കുകയായിരുന്നുവെന്ന് കാട്ടി ചേംബര്‍ ഓഫ് കോമേഴ്സിന്റെ മുന്‍ ഡയറക്ടറായിരുന്ന എം.കെ.അന്‍സാരി ആഭ്യന്തരമന്ത്രിക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണമാരംഭിച്ചത്. മധ്യമേഖല ഐജി അജിത്കുമാറിന്റെ നിര്‍ദ്ദേശാനുസരണം നാര്‍ക്കോട്ടിക് സെല്‍ എസി ജോസഫ് സാജു നടത്തിയ അന്വേഷണത്തിനുശേഷമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
കേരള ട്രേഡ് സെന്ററിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ഡയറക്ടറായ കെ.എന്‍.മര്‍സൂക്കിനെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തു. ടിവി ന്യൂ ചാനലിന്റെ ലൈസന്‍സി സ്ഥാപനമായിരുന്ന റിയല്‍ വീഡിയോ ഇംപാക്ടിന്റെ ഡയറക്ടറാവാന്‍ മര്‍സൂക്ക് നല്കിയ അപേക്ഷ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രാലയം തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് മര്‍സൂക്കും സംഘവും ഇന്ത്യാമിഡില് ഈസ്റ്റ് ബ്രോഡ്കാസ്റ്റിംഗ് കമ്പനി വഴി റിയല്‍ വീഡിയോയുടെ 99ശതമാനം ഷെയറുകളും വാങ്ങിയെടുത്തു ചാനല്‍ മേധാവിയാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: