പ്രേമത്തിന്റെ മൂന്ന് പാട്ടുകള്‍ കൂടി റിലീസ് ചെയ്തു

Saturday 6 June 2015 11:34 am IST

'പ്രേമം' ഈ കാലത്തിന്റെ സുഗന്ധമായി തീര്‍ന്ന സിനിമയായി മാറിയിരിക്കുന്നു. അല്‍ഫോണ്‍സ് പുത്രന്റെ അസാധാരണമായ സര്‍ഗ്ഗശക്തി അനുഭവിക്കുവാനായി ജനം തിയേറ്ററുകളില്‍ ഒഴുകുകയാണ്. വളരെ നല്ല അഭിപ്രായങ്ങളാണ് സിനിമ നേടി കൊണ്ടിരിക്കുന്നത്. സിനിമയിലെ പാട്ടുകളും ഇതിനോടകം ശ്രദ്ധയാകര്‍ഷിക്കപ്പെട്ടിട്ടുണ്ട്. ആറ് പാട്ടുകള്‍ ഇതിനോടകം റിലീസ് ചെയ്തിട്ടുണ്ടായിരുന്നു. മൂന്ന് പാട്ടുകളും കൂടി ഇന്ന് സിനിമയുടെ ഒഫീഷ്യല്‍ ഓഡിയോ ലേബലായ Muzik 247 റിലീസ് ചെയ്തു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 2013ലും 2014ലും 60 ശതമാനത്തിലധികം മാര്‍ക്കറ്റ്‌ ഷെയറുമായി മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യുസിക് ലേബലാണ് Muzik 247. ഇത് പുത്തന്‍കാലം, മലരേ, ചിന്ന ചിന്ന എന്നീ ഗാനങ്ങളാണ് Muzik 247 റിലീസ് ചെയ്തിരിക്കുന്നത്. രാജേഷ് മുരുകേശനാണ് ഒമ്പത് ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുള്ളത്. അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും ചിത്രസംയോജവും നിര്‍വഹിച്ച ഒരു റൊമാന്റിക് കോമഡി സിനിമയാണ് 'പ്രേമം'. അന്‍വര്‍ റഷീദ് എന്റര്‍ടെയ്‌ന്‍മെന്റ് ബാനറിനു കീഴില്‍ അന്‍‌വര്‍ റഷീദ് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ നിവിന്‍ പോളി, അനുപമ പരമേശ്വരന്‍, സായി പല്ലവി, മഡോണ സെബാസ്റ്റ്യന്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെയും ശബരീഷ് വര്‍മ്മ, വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, സൗബിന്‍ സാഹിര്‍, ദീപക് നാഥന്‍ സഹകഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നു. ആനന്ദ് സി ചന്ദ്രന്റേതാണ് ഛായാഗ്രഹണം. പ്രേമത്തിന്റെ വന്‍ വിജയം അല്‍ഫോണ്‍സ് പുത്രന്‍ എന്ന യുവസംവിധായകനെ മലയാളത്തിന്റെ വാണിജ്യസിനിമയിലെ ഏറ്റവും താരമൂല്യമുള്ള സംവിധായകനായി മാറ്റിയിരിക്കുകയാണ്. അന്‍വര്‍ റഷീദിന്റെ രണ്ടാമത്തെ നിര്‍മ്മാണ സംരംഭമാണ് പ്രേമം. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സ് ആണ് അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് ആദ്യമായി നിര്‍മ്മിച്ചത്.

പാട്ടുകൾ കേൾക്കാൻ:

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.