ഭൂമി തട്ടിപ്പ് കേസ് : നുണ പരിശോധനയ്ക്ക് തയാറെന്ന് ടി ഒ സൂരജ്

Saturday 6 June 2015 12:59 pm IST

കൊച്ചി: കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ നുണപരിശോധനക്ക് തയാറെന്ന് മുന്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ ടി ഒ സൂരജ്. ഇക്കാര്യം തിങ്കളാഴ്ച കോടതിയെ അറിയിക്കും. സത്യം തെളിയാനാണ് താന്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയനാകുന്നതെന്നും സൂരജ് പറഞ്ഞു. തിങ്കളാഴ്ച കോടതി കേസ് പരിഗണിക്കുമ്പോള്‍ സൂരജ് നുണപരിശോധനയ്ക്കുള്ള സമ്മതം അറിയിക്കും. നുണപരിശോധയ്ക്ക് തയ്യാറല്ലെന്ന് സൂരജ് നേരത്തെ എറണാകുളത്തെ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതിയെ അറിയിച്ചിരുന്നു. കളമശേരി ,കടകമ്പളളി ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലായതോടെയാണ് ടി ഒ സൂരജിന്റെ ഇപ്പോഴത്തെ നിലപാട് മാറ്റം. ആരോഗ്യപ്രശ്‌നങ്ങള്‍മൂലമാണ് നേരത്തെ നുണ പരിശോധനയ്ക്ക് തയാറല്ലെന്ന നിലപാട് എടുത്തിരുന്നതെന്നും സത്യം തെളിയിക്കേണ്ടത് തന്റെ ബാധ്യതയാണെന്ന് സൂരജ് പറഞ്ഞു. മറച്ചുവക്കാന്‍ തനിക്കൊന്നുമില്ല. മാധ്യമ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നത്. കളമശേരി ഭൂമിയുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ച റിപ്പോര്‍ട്ട് വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോവുകമാത്രമാണ് ചെയ്തത്. മനപൂര്‍വം ഒരിടപെടലും നടത്തിയിട്ടില്ലെന്നും സൂരജ് പറഞ്ഞു. ഭൂമി തട്ടിപ്പ് കേസില്‍ സത്യം തെളിയിക്കാന്‍ സൂരജിനേയും കണയന്നൂര്‍ താലൂക്ക് ഡപ്യൂട്ടി തഹസീല്‍ദാര്‍ കൃഷ്ണകുമാരിയേയും ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയരാക്കണം എന്നായിരുന്നു സിബിഐയുടെ ആവശ്യം. കേസില്‍ സൂരജിനെ വെള്ളിയാഴ്ച കൊച്ചിയില്‍ വച്ച് സിബിഐ ചോദ്യം ചെയ്തിരുന്നു. തൃക്കാക്കര പത്തടിപ്പാലത്തെ 25 കോടി വിലയുള്ള 1.16 ഏക്കര്‍ ഭൂമിയുടെ തണ്ടപ്പേര് റദ്ദാക്കി ലാന്‍ഡ് റവന്യൂ കമ്മിഷണറായിരുന്ന സൂരജ് ഇറക്കിയ ഉത്തരവാണ് എല്ലാ ക്രമക്കേടുകള്‍ക്കും കാരണമെന്നും, ഭൂമിയുടെ ഉടമസ്ഥത തീരുമാനിക്കേണ്ടത് സിവില്‍ കോടതിയാണെന്നിരിക്കേ സൂരജ് അധികാര ദുര്‍വിനിയോഗം നടത്തിയെന്നുമാണ് സിബിഐയുടെ കണ്ടെത്തല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.