ജയലളിതക്ക് 117.13 കോടി രൂപയുടെ സ്വത്ത്

Saturday 6 June 2015 2:45 pm IST

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് 117.13 കോടി രൂപയുടെ സ്വത്ത്. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി റിട്ടേണിങ് ഓഫീസറിന് മുമ്പില്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയിലാണ് ജയലളിത തന്റെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 25 പേജുള്ള സത്യവാങ്മൂലമാണ് ജയലളിത സമര്‍പ്പിച്ചിരിക്കുന്നത്. 45.04 കോടി രൂപയുടെ ജംഗമ വസ്തുക്കളും 72.09 കോടി രൂപയുടെ സ്ഥാവര വസ്തുക്കളുമുണ്ടെന്ന് സത്യവാങ്മൂലത്തിലൂടെ ജയലളിത വ്യക്തമാക്കി. വിവിധ ബാങ്കുകളിലായി 9.80 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഇതോടൊപ്പം അഞ്ച് കമ്പനികളിലായി 31.68 കോടി രൂപയുടെ നിക്ഷേപിച്ചിട്ടുണ്ട്. കോടനാട് എസ്റ്റേറ്റിന്റെ ഒരു പാര്‍ട്ട്ണര്‍ കൂടിയാണ് ജയലളിത. 24,000 സ്ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ചിരിക്കുന്ന 'വേദ നിലയം' എന്ന ജയലളിതയുടെ വസതിക്ക് 44 കോടിയുടെ മതിപ്പുണ്ട്. 1967 ജൂലൈ 15നാണ് ജയലളിതയും അമ്മയും ചേര്‍ന്ന് 1.32 ലക്ഷം രൂപയ്ക്ക് ഈ വസ്തു വാങ്ങിയത്. ചെന്നൈയിലെ പോയസ് ഗാര്‍ഡനിലും ഹൈദരാബാദിലെ ശ്രീനഗര്‍ കോളനിയിലും ഉള്‍പ്പടെ നാല് സ്ഥലങ്ങളില്‍ ജയലളിതയ്ക്ക് വ്യാവസായിക കെട്ടിടങ്ങളുണ്ട്. ഹൈദരാബാദിലെ രംഗ റെഡ്ഡി ജില്ലയിലെ ജീഡിമേത്‌ല ഗ്രാമത്തിലുള്ള ജയലളിതയുടെ 14.5 ഏക്കര്‍ കൃഷിഭൂമിക്ക് ഇപ്പോള്‍ 14.44 കോടി രൂപ വില വരും. രണ്ട് ടൊയോട്ട പ്രാഡോ എസ്.യു.വി, ഒരു 1980 മോഡല്‍ അംബാസഡര്‍ കാര്‍, ഒരു 1990 മോഡല്‍ കോണ്ടസ എന്നിവ ഉള്‍പ്പടെ ഒമ്പത് വാഹനങ്ങളാണ് ജയലളിതയ്ക്ക് ഉള്ളത്. ഇവയ്ക്കെല്ലാം കൂടി 42.25 ലക്ഷം രൂപ വില വരും. അനധികൃത സ്വത്ത് സമ്പാദന കേസ് നടക്കുന്നതിനിടെ 21280.300 ഗ്രം സ്വര്‍ണാഭരണങ്ങള്‍ ജയലളിതയില്‍ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. ഇപ്പോള്‍ ഇവ കര്‍ണാടക സര്‍ക്കാരിന്റെ ട്രഷറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. അതിനാല്‍ ഇവയുടെ മൂല്യം നിര്‍ണയിക്കാനാവില്ലെന്നും ജയലളിത അറിയിച്ചു. 2011ല്‍ നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ സ്വത്ത് 51.4 കോടിയാണെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു. 2006ല്‍ 24.7 കോടിയായിരുന്നു ജയലളിതയുടെ ആസ്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.