ആ യുഎസ് റിപ്പോര്‍ട്ട് അവഗണിച്ചേക്കുക

Saturday 6 June 2015 9:30 pm IST

വൈവിദ്ധ്യം, ബഹുലത, ബഹുസ്വരത ഇവയാല്‍ സമ്പന്നമാണ് ഭാരതം. സമാനമായ, വിരുദ്ധമായ ആശയങ്ങളെ സഹര്‍ഷം സ്വാഗതംചെയ്യുന്ന ചിന്താഗതിയാണ് പൂര്‍വ്വസൂരികള്‍ പിന്‍തലമുറയ്ക്കായി  നല്‍കിയ  ഒസ്വത്ത്. അസഹ്യമായ പീഡനങ്ങളും അപമാനങ്ങളുംപേറി 500 വര്‍ഷത്തോളം മുഗള്‍-മുസ്ലിം ഭരണം. നൂറ് വര്‍ഷത്തില്‍പ്പരം നീണ്ടുനിന്ന ബ്രിട്ടീഷ്ഭരണം. ഇവയിലെല്ലാം ഭാരതം അതിന്റേതായ സാംസ്‌ക്കാരിക പൈതൃകത്തെ അണയാതെ കാത്തുസൂക്ഷിച്ചു. വൈദേശികമതങ്ങളെ സ്വീകരിക്കുക മാത്രമല്ല സ്തുത്യര്‍ഹമായ വിധത്തില്‍ അത് സംരക്ഷിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യവും നല്‍കി.''സത്യം ഏകമാണെന്നും അതിനെ പലവിധത്തില്‍ വിളിക്കുന്നുവെന്നേയുള്ളൂവെന്ന''ദിവ്യമായ ചിന്ത പുസ്തകതാളുകളിലെ മൃതമായ  വാക്കുകളായിരുന്നില്ല, മറിച്ച് ഓരോ ഭാരതീയന്റെ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും അനുസ്യൂതം പ്രവഹിച്ചുകൊണ്ടിരിക്കുന്ന ജീവരക്തമാണ്. നാനാതരം പുഷ്പങ്ങള്‍ പൂത്തുലുയുന്ന മലര്‍വാടിയാണ് ഭാരതം. പ്രാചീനകാലത്തും മദ്ധ്യകാലത്തും ആധുനിക കാലത്തും ഈ ചിന്താഗതി ഒരു മാറ്റവുമില്ലാതെ തുടരുന്നു. ലോകമാസകലം മതതീവ്രതയുടെ കരാളരൂപം പ്രകടമാവുമ്പോഴും ശാന്തിയുടേയും സമാധാനത്തിന്റേയും സഹകരണത്തിന്റേയും വെള്ളരിപ്രാവുകള്‍  പറന്നുയരുന്നത് ഈ നാട്ടിലാണ്. ആത്മീയാനുഭൂതിയുടെ ആഹ്ലാദതിമിര്‍പ്പില്‍  അഭിരമിച്ചിരുന്ന ഭാരതം ഭൗതികതയ്ക്ക്  വേണ്ടത്ര ശ്രദ്ധനല്‍കാതെ ജീവിതത്തെ ദുസ്സഹമാക്കി. സാമ്പത്തിക പിന്നോക്കാവസ്ഥയെ ചൂഷണം ചെയ്ത്  കൗശലക്കാര്‍ അധികാരമാര്‍ജ്ജിച്ചു. അധികാരത്തില്‍നിന്ന് പുറത്താക്കിയശേഷവും സ്ഥാനത്തും അസ്ഥാനത്തും വെള്ളക്കാര്‍ ഭാരതത്തിന്റെ അഭ്യന്തരപ്രശ്‌നങ്ങളില്‍ അനാവശ്യമായി ഇടപെടാന്‍ ശ്രമിക്കുന്നത് അവരുടെ വിട്ടുമാറാത്ത അധിനിവേശ ചിന്തകൊണ്ടാണ്. ഈ സമീപനത്തിനെതിരെ ഭാരതം ധീരമായ നിലപാട് കൈക്കൊണ്ടത് സ്വാഗതാര്‍ഹമാണ്.കൂടുതല്‍ കര്‍ക്കശനിലപാട് സ്വീകരിക്കേണ്ടതും ആവശ്യമാണ്. അമേരിക്കയിലെ അന്തര്‍ദേശിയ മതസ്വാതന്ത്ര്യ കമ്മീഷന്‍-2015 ലെ റിപ്പോര്‍ട്ടിന്റെ ഔഗ്ധത്യമാണ് ഈ പ്രതികരണത്തിന് ഹേതു. മതസ്വാതന്ത്ര്യം സംരക്ഷിക്കാനാവാത്ത മുപ്പതുരാഷ്ട്രങ്ങളുടെ പട്ടികയില്‍പ്പെടുത്തി ഭാരതത്തില്‍ ക്രൈസ്തവ പീഡനങ്ങള്‍ ഏറുകയാണെന്നും  ഘര്‍വാപസിപോലുള്ള പരാവര്‍ത്തനക്രിയകളിലൂടെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയാണെന്നും ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്  ആശങ്കയിലാണെന്നും  ആരോപിക്കുന്നു. അമേരിക്ക-ഭാരത ബന്ധത്തില്‍  മതസ്വാതന്ത്ര്യം ഒരു പ്രധാനഘടകമാക്കണമെന്നും വര്‍ഗ്ഗീയ കലാപങ്ങള്‍ നടക്കുന്നതോ നടക്കാന്‍ സാദ്ധ്യതയുള്ളതോ ആയ സ്ഥലങ്ങള്‍  സന്ദര്‍ശിക്കുവാന്‍ അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് അധികാരം  നല്‍കണമെന്നും റിപ്പോര്‍ട്ട് അമേരിക്കന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. അമേരിക്കന്‍ ഭരണത്തിന്റെ ഭാഗമല്ലെങ്കിലും സര്‍ക്കാരില്‍ നിര്‍ണ്ണായക സ്വാധീനം  ചെലുത്താന്‍ ശേഷിയുള്ളതാണ് കമ്മീഷന്‍. റിപ്പോര്‍ട്ട് വേണ്ടത്ര ശ്രദ്ധയാകര്‍ഷിക്കാന്‍ സാധിക്കാത്തതിനാല്‍ ഇക്കഴിഞ്ഞ നാളുകളില്‍ വാഷിംഗ്ടണില്‍ ചര്‍ച്ചയ്‌ക്കെടുത്ത് ഭാരതത്തെ കരിതേച്ചുകാണിക്കാന്‍  ശ്രമം നടത്തി. ഭാരത വിദേശകാര്യ വകുപ്പും പ്രതിരോധ വകുപ്പും സാമൂഹ്യ, രാഷ്ട്രീയ,മത സ്വാതന്ത്ര്യം നല്‍കുന്ന നമ്മുടെ ഭരണഘടനയെക്കുറിച്ചുള്ള അജ്ഞതയാലാണ് ഇങ്ങനെയുള്ള റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതെന്ന് പറഞ്ഞ് ആരോപണത്തെ ശക്തിയായി നിഷേധിച്ചു. ദേശീയ പ്രശ്‌നങ്ങളില്‍ വിദേശരാഷ്ട്രങ്ങളുടെ അഭിപ്രായങ്ങളും ക്ഷണിക്കപ്പെടാത്ത ഉപദേശങ്ങളും തികച്ചും ആവശ്യമില്ലാത്തതും അധിക്ഷേപാര്‍ഹവുമാണ്. സ്വതന്ത്ര ജനാധിപത്യരാഷ്ട്രവും മതേതരത്വത്തോട് സംപൂര്‍ണ്ണ വിധേയത്വം പുലര്‍ത്തുന്ന രാജ്യവുമെന്ന നിലയില്‍ ത്യാജഗ്രാഹ്യ വിവേചന ശക്തിയോടെ വസ്തുതകളെ വീക്ഷിക്കാനും ഉത്തരം കണ്ടെത്താനും കഴിവും പ്രാപ്തിയും പക്വതയുമുള്ള സമ്പന്നമായ ഒരു നേതൃനിരതന്നെയുണ്ട് ഭാരതത്തിന്. സ്‌നേഹത്തിന്റേയും ധര്‍മ്മത്തിന്റെയും സഹനശക്തിയുടേയും പാഠങ്ങള്‍ പഠിപ്പിക്കാന്‍ വെള്ളക്കാര്‍ തുനിയേണ്ട. പാശ്ചാത്യനാടുകളിലുണ്ടാകുന്ന അക്രമങ്ങളിലും അശാന്തിയിലും ഇടപെട്ട് നമ്മുടെ നയതന്ത്ര പ്രതിനിധികളെ അസ്വസ്ഥ മേഖലകളിലേക്കയച്ച് അവരുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ടാല്‍ എന്തായിരിക്കും സ്ഥിതി? 2008 ല്‍ ഭാരത സന്ദര്‍ശനം നടത്തിയ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി രാജ്യതന്ത്രഞ്ജതയുടെ സാമാന്യ മര്യാദകള്‍ ലംഘിച്ചുകൊണ്ട് ഒഡീഷയിലും കര്‍ണ്ണാടകത്തിലും മരണമടഞ്ഞ ക്രൈസ്തവരുടെ സ്ഥിതിയെക്കുറിച്ച് അന്നത്തെ പ്രധാനമന്ത്രിയായ മന്‍മോഹന്‍സിങ്ങുമായി  ചര്‍ച്ചനടത്തി. നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അപലപിച്ച ഈ സംഭവത്തിന്റെ ഉത്തരവാദികളെ അഴിക്കുള്ളിലാക്കാന്‍ ഭരണകൂടത്തിന് സാധിച്ചുവെന്ന വിവരം അറിഞ്ഞിട്ടും ഫ്രഞ്ച് പ്രസിഡന്റ് ഭാരതത്തിലെ ക്രൈസ്തവരുടെ രക്ഷകനായി പ്രത്യക്ഷപ്പെടുകയാണുണ്ടായത്. പുതുവര്‍ഷത്തില്‍ രാജ്യത്തിന്റെ വിശിഷ്ടാതിഥിയായി വന്ന അമേരിക്കന്‍  പ്രസിഡന്റ് ബരാക് ഒബാമ വിടവാങ്ങല്‍ പ്രസംഗത്തില്‍ മതേതരത്വത്തിന്റെ മഹത്വത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് നല്‍കിയ ഉപദേശം എല്ലാവിധത്തിലും തിളങ്ങിയും വിളങ്ങിയും നില്‍ക്കേണ്ട സന്ദര്‍ശനത്തിന്റെ ശോഭയ്ക്ക് മങ്ങലേല്‍പ്പിച്ചു. വിദേശശക്തികളുടെ ഇടപെടല്‍ ഏതുവിധത്തിലായാലും അത്യന്തം നിന്ദാര്‍ഹമാണ്. സ്വന്തം രാജ്യത്ത് നടക്കുന്ന അക്രമങ്ങളും ഇതരമതസ്തരുടെ ആരാധനാലയ ധ്വംസനങ്ങളും പാടേ വിസ്മരിച്ച്  അന്യന്റെ കണ്ണിലെ കരട് എടുക്കാന്‍ ശ്രമിക്കുകയാണ് ഇക്കൂട്ടര്‍. എല്ലാ രാജ്യത്തും മതപരിവര്‍ത്തന നിരോധനം നടപ്പിലാക്കാന്‍ മതന്യൂനപക്ഷങ്ങള്‍ മുറവിളികൂട്ടുമ്പോള്‍ ഇവിടെ മാത്രമാണ് ഭൂരിപക്ഷം ആ നിയമം നടപ്പില്‍ വരുത്താന്‍ വാദിക്കുന്നത്. ഭാരത ഭരണഘടന നല്‍കുന്ന സമദര്‍ശനത്തിന്റെ ശീതളഛായയില്‍  ലോകത്ത് ഏറ്റവും കൂടുതല്‍ മതസ്വാതന്ത്ര്യം അനുഭവിക്കുന്നവരാണ് ഇവിടുത്തെ ക്രൈസ്തവരും മുസ്ലിങ്ങളും. മറ്റുരാജ്യങ്ങളിലൊന്നും ലഭിക്കാത്ത സൗജന്യവും സഹായവും നേടി പുഷ്ടിപ്രാപിക്കുകയാണ് ന്യൂനപക്ഷങ്ങള്‍.ക്രൈസ്തവ-ഇസ്ലാം രാഷ്ട്രങ്ങളില്‍ ഉള്ളതിനേക്കാള്‍ വിപുലമായ ആരാധനാലയങ്ങള്‍. ക്രൈസ്തവ സഭയുടെ സ്വത്തിന്റെ ഉടമാവകാശം വിദേശരാഷ്ട്രമായ വത്തിക്കാന്റെ ഭരണാധികാരിയായ പോപ്പിന്റെ കൈകളില്‍ നിക്ഷിപ്തം. ഇവിടുത്തെ ബിഷപ്പുമാരെയും കര്‍ദ്ദിനാള്‍മാരെയും നിയമിക്കുന്നതുപോലും വിദേശരാഷ്ട്രതലവന്‍, ക്രൈസ്തവ കുട്ടികള്‍ ക്രൈസ്തവ വിദ്യാലങ്ങളില്‍ മാത്രം പഠിക്കണമെന്ന് വാദിച്ച മാര്‍ ജോസഫ് പര്‍വ്വത്തില്‍, നിരായുധരായ ഭാരത മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ നാവികര്‍ക്കുവേണ്ടി വാദിച്ച രാഷ്ട്രീയ നേതാക്കള്‍, മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. വെള്ളവും  വെളിച്ചവും അന്നവും നല്‍കുന്ന മാതൃഭൂമിയെ വിസ്മരിച്ച് മതത്തിന്റെ പേരില്‍ പരദേശത്തിനുവേണ്ടി വാദിക്കുന്നവര്‍ ഇന്നാട്ടിലല്ലാതെ മറ്റെവിടെയാണ് ഇത്രയേറെ സ്വതന്ത്രമായി വിരാജിക്കുന്നത്! ലോകത്ത് ഏറ്റവും അധികം പീഡനം അനുഭവിക്കുന്ന മുസ്ലിങ്ങളുള്ള രാഷ്ട്രങ്ങള്‍ ഏതാണ്? ഖുറാന്‍ എന്ന ഗ്രന്ഥത്തിന്റെ വിശുദ്ധിയില്‍ വിശ്വസിക്കുന്ന വിവിധ വിഭാഗങ്ങളായ  സുന്നികള്‍, ഷിയാകള്‍, അഹമ്മദിയ, സൂഫി. ഇവര്‍ തമ്മിലുള്ള പക ചരിത്രത്തില്‍ സമാനതകളില്ലാതെ നില്‍ക്കുന്നു. ഇറാന്‍, ഇറാക്ക്, സിറിയ,പാലസ്തീന്‍,യെമന്‍, പാക്കിസ്ഥാന്‍, അറബ് രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഇവിടങ്ങളില്‍ ഒരുവിഭാഗം മറ്റൊരു വിഭാഗത്തെ കൊന്നുകൊലവിളിക്കുന്നതിന് അറുതിയില്ല. മതതീവ്രത പുലര്‍ത്താത്ത സൗമ്യനായ ഹിന്ദവിന്റെമേല്‍ കുതിരകയറാം. ആ ധാരണ അസ്ഥാനത്താണെന്ന് തെളിയിക്കുന്നതാണ് അമേരിക്കന്‍ അന്തര്‍ദേശീയ മതസ്വാതന്ത്ര്യ കമ്മീഷന്റെ 2015-ലെ റിപ്പോര്‍ട്ടിനോടുള്ള ഭാരതസര്‍ക്കാരിന്റെ സമീപനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.