സിപിഎം സ്വന്തം ശവക്കുഴി തോണ്ടുന്നു

Sunday 7 June 2015 10:54 pm IST

മാരകശേഷിയുള്ള ബോംബുനിര്‍മ്മാണത്തിലേര്‍പ്പെട്ട രണ്ട് സിപിഎമ്മുകാര്‍ കൊല്ലപ്പെട്ട സംഭവം സമാധാന കാംക്ഷികളായ മുഴുവന്‍ ജനങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്. സംഭവം ലഘൂകരിക്കാനും സ്വന്തം ക്രിമിനല്‍ മനസ്സ് മറച്ചുവയ്ക്കാനുമുള്ള വൃഥാശ്രമമാണ് നേതാക്കളില്‍ നിന്നും ഉണ്ടായിട്ടുള്ളത്.പാനൂരിനടുത്ത് ഈസ്റ്റ് ചെറ്റക്കണ്ടിയിലാണ്  ഇന്നലെ ഉച്ചയോടെ സ്‌ഫോടനം നടന്നത്. സിപിഎമ്മുകാരായ രണ്ടുപേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയുമുണ്ടായി. വിജനമായ കക്രോട്ടുകുന്നുമ്മല്‍ ഭാഗത്ത് ബോംബ് നിര്‍മ്മിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. പൊട്ടിത്തെറിയുടെ ശബ്ദം കീലോമീറ്ററോളം പ്രകമ്പനം സൃഷ്ടിച്ചിരുന്നു. പൊട്ടിത്തെറിയില്‍ മരിച്ചവരുടെ കയ്യുംകാലും മുഖവുമെല്ലാം വികൃതമായി. മാംസക്കഷണങ്ങളും ബോംബുനിര്‍മ്മാണ സാമഗ്രികളും ചിതറിക്കിടക്കുകയാണ്. വലിയൊരു ബോംബുനിര്‍മ്മാണ സ്ഥലമായിരുന്നു ഇത്.  ശരീരാവശിഷ്ടങ്ങളും പൊട്ടാത്ത ബോംബുകളും സിപിഎം പ്രവര്‍ത്തകര്‍ പോലീസ് എത്തും മുന്‍പ് മാറ്റി. ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്. അതിനകം കക്രോട്ടുകുന്ന് വളഞ്ഞ് ആളുകളെ തുരത്തിയോടിച്ച സിപിഎമ്മുകാര്‍ തെളിവുകള്‍ നശിപ്പിക്കാനാരംഭിച്ചു. സ്‌ഫോടനം നടന്ന സ്ഥലം തീയിട്ടു. കയ്യില്‍ കെട്ടിയ ചരടുകളും കഴുത്തിലണിഞ്ഞ മാലയുടെ ഭാഗങ്ങളും സ്‌ഫോടനം നടന്ന സ്ഥലെത്ത കശുമാവിന്‍ ചില്ലയില്‍ തൂങ്ങി കിടന്നു. പിക്കപ്പ് വാനില്‍ കയറ്റിയാണ് പരിക്കേറ്റവരെ സിപിഎം നിയന്ത്രണത്തിലുള്ള തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചത്. രണ്ട് പേരുടെയും മൃതദേഹം  പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരിക്കേറ്റവരുടെ കൈപ്പത്തികളും കാലുകളും തകര്‍ന്ന നിലയിലാണ്. പരിക്കേറ്റവര്‍ ഇനിയുമുണ്ടെന്ന വിവരമുണ്ട്. പാനൂരിനടുത്തുണ്ടായ സ്‌ഫോടനവുമായി സിപിഎമ്മിന് ബന്ധമില്ലെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദല്‍ഹിയില്‍ പ്രസ്താവിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു. സിപിഎമ്മിന്റെ  മാത്രം സ്വാധീനമേഖലയിലാണ് സ്‌ഫോടകവസ്തു നിര്‍മ്മാണവും അപകടവും ഉണ്ടായത്. മരിച്ചവരും പരിക്കേറ്റവരും സിപിഎം പ്രവര്‍ത്തകരാണ്. പോലീസിനെ തടയാനും ബോംബുനിര്‍മ്മാണ സാമഗ്രികള്‍ തീയിട്ട് നശിപ്പിക്കാനും ശ്രമിച്ചവര്‍ സിപിഎമ്മുകാരാണ്. സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിയിലാണ് പരിക്കേറ്റവരെ എത്തിച്ചത്. മൃതദേഹങ്ങള്‍ എത്തിച്ചതും സിപിഎം ഭരിക്കുന്ന സഹകരണ  മെഡിക്കല്‍ കോളേജാശുപത്രിയില്‍. പരിക്കേറ്റവരുടെ ഫോട്ടോ എടുക്കുന്നതിനെ വിലക്കാന്‍ ആക്രോശിച്ചിറങ്ങിയവരും കോടിയേരിയുടെ പാര്‍ട്ടിക്കാര്‍ തന്നെ. എന്നിട്ടും പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് പറയാന്‍ ഒരുമാതിരി തൊലിക്കട്ടിയുള്ളവര്‍ക്കൊന്നുമാവില്ല. സിപിഎം നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടും നിര്‍ദ്ദേശമനുസരിച്ചുമാണ് വന്‍തോതിലുള്ള ബോംബുനിര്‍മ്മാണമെന്ന കാര്യത്തില്‍ സംശയമില്ല. പാര്‍ട്ടി ഗ്രാമങ്ങളില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കാനോ കുടിവെള്ള വിതരണ പദ്ധതി വ്യാപിപ്പിക്കാനോ സിപിഎം ശ്രദ്ധിക്കുന്നില്ല. എന്നാല്‍ എല്ലാഗ്രാമങ്ങളിലും ബോംബുകളും കൊടുവാളും നിര്‍മ്മിക്കാനും സമാഹരിക്കാനുമാണ് ശ്രമിക്കുന്നത്. ഒരിടത്തും മറ്റൊരു തൊഴിലും പരിശീലിപ്പിക്കുന്നില്ല. കൊന്നും കൊലവിളിച്ചും ജീവിക്കാനും ചാവേറുകളാകാനുമാണ്  കണ്ണൂരിലെ സിപിഎം സഖാക്കളെ പ്രേരിപ്പിക്കുന്നത്. ഒരുവര്‍ഷത്തിനിപ്പുറം വലിയൊരു കലാപത്തിനുള്ള മുന്നൊരുക്കങ്ങളെല്ലാം സിപിഎം നടത്തിയിട്ടുണ്ട്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്റെയും ആര്‍എസ്എസ് ജില്ലാ അധികാരിയായിരുന്ന മനോജിനെ വധിച്ച കേസും പാര്‍ട്ടി ആഗ്രഹിക്കും വിധമല്ല നീങ്ങുന്നതെങ്കില്‍ സിപിഎം ശേഖരിച്ച ബോംബുകളെല്ലാം പലരുടെ നെഞ്ചത്തും വീഴുമെന്ന ഭീഷണി നേരത്തെ നടക്കുന്നുണ്ട്. ഒരുപരിധിവരെ പോലീസുകാരും ഭരണകക്ഷി നേതാക്കളുമെല്ലാം ആ ഭീഷണിക്ക് വഴങ്ങിയിരിക്കുകയാണ്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ ആസൂത്രകരെ തൊടാന്‍ കൂട്ടാക്കാത്തതിന്റെ പൊരുളും മറ്റൊന്നല്ല. സിപിഎം ഒരു നിരുപദ്രവകാരിയായ പാര്‍ട്ടിയും കോടിയേരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വെള്ളരിപ്രാവിനെ പറത്തുന്നവരുമെന്ന ഭാവത്തിലുമാണ്. കോടിയേരിയുടെ സ്വന്തം മണ്ഡലത്തിലും ജില്ലയിലും കൊന്നുതള്ളിയവരുടെ എണ്ണം നിരവധിയാണ്. പുല്ല്യോട്ട് എന്ന ഗ്രാമത്തില്‍ ബോംബുനിര്‍മ്മിക്കുമ്പോള്‍ പാനൂരിലുണ്ടായതിന് സമാനമായ സ്‌ഫോടനമുണ്ടായി. ആളൊഴിഞ്ഞ സ്ഥലത്ത് താല്‍ക്കാലികമായി കെട്ടിപ്പൊക്കിയ ഷെഡ്ഡില്‍ ഉണ്ടായ സ്‌ഫോടനവും സമാനതകളില്ലാത്തതായിരുന്നു. സ്‌ഫോടകവസ്തു ശേഖരവും ബോംബുനിര്‍മ്മാണവും സംബന്ധിച്ച് പോലീസ് അന്വേഷണം തുടര്‍ന്നപ്പോള്‍ സിപിഎം പോലീസ് സ്റ്റേഷന്‍ ഉപരോധം സൃഷ്ടിക്കുകയുണ്ടായി. അത് ഉദ്ഘാടനം ചെയ്ത കോടിയേരി ബാലകൃഷ്ണന്‍'പോലീസ് സ്റ്റേഷനകത്തുവച്ചും ബോംബുനിര്‍മ്മിക്കു'മെന്നു പറഞ്ഞത് വിസ്മരിച്ചുകൂടാ. പാര്‍ട്ടി അണികളെ സ്‌ഫോടകവസ്തുക്കള്‍ക്ക് മുകളിലിരുത്തി പാര്‍ട്ടി നേതൃത്വം തീപ്പെട്ടിക്കൊള്ളിയും കയ്യിലേന്തി കാവലിരിക്കുകയാണ്. ഇല്ലെങ്കില്‍ പാര്‍ട്ടി കോട്ടകള്‍ ഇതിന് മുമ്പുതന്നെ തകര്‍ന്നടിയുമായിരുന്നു. അക്രമരാഷ്ട്രീയം ശീലമാക്കിയ കണ്ണൂരിലെ സിപിഎം സ്വന്തം ശവക്കുഴിയാണ് തോണ്ടുന്നതെന്നോര്‍ക്കണം. ഇത്തരം പ്രവണതകളെ ചെറുക്കാന്‍ അണികള്‍ തന്നെ മുന്നിട്ടിറങ്ങണം. സിപിഎം നേതൃത്വത്തിന്റെ ഭീഷണിക്ക് വഴങ്ങി നടപടികള്‍ മരവിപ്പിച്ചുനിര്‍ത്തുന്ന പോലീസിന്റെ ശീലമാണ് സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. ഇത് അവസാനിപ്പിക്കാനുള്ള കര്‍ശന നടപടിയും ജാഗ്രതയും ഇനിയെങ്കിലും ഉണ്ടായില്ലെങ്കില്‍ ഊഹിക്കാന്‍പോലും പറ്റാത്ത പ്രത്യാഘാതങ്ങള്‍ സംഭവിച്ചേക്കുമെന്ന് തിരിച്ചറിയാന്‍ എല്ലാവരും തയ്യാറാകണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.