ജനതാ പരിവാര്‍: ലാലുവും നിതീഷും ഇടഞ്ഞു തന്നെ; മുതലെടുക്കാന്‍ രാഹുല്‍ രംഗത്ത്

Sunday 7 June 2015 11:17 pm IST

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ജനതാപരിവാര്‍ സഖ്യത്തെ മുടക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. വരുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് ശ്രമിക്കുന്ന രാഹുലിന്റെ നീക്കങ്ങള്‍ ജനതാ പരിവാറിന് വെല്ലുവിളിയായി. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും രാഹുല്‍ഗാന്ധിയും ഇന്നലെ ഒരുമണിക്കൂറോളം  ചര്‍ച്ച നടത്തി. എന്നാല്‍ ബീഹാറില്‍ തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിക്കുന്നതും സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങളും രാഹുല്‍ ഉന്നയിച്ചെങ്കിലും നിതീഷ് കുമാര്‍ അനുകൂലമായല്ല പ്രതികരിച്ചത്.കോണ്‍ഗ്രസിന്റെ വരവ് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന് അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. നിലവില്‍ ജെഡിയുവും ആര്‍ജെഡിയും സഖ്യമായി ബീഹാറില്‍ മത്സരിക്കാന്‍ ഇന്നലെ നടന്ന നിതീഷ്-ലാലുപ്രസാദ് യോഗം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ജെഡിയുടെ സീറ്റുകള്‍ കോണ്‍ഗ്രസിനു വേണ്ടി വിട്ടുനല്‍കാന്‍ തയ്യാറാകില്ലെന്ന് ലാലുപ്രസാദ് നിതീഷിനെ അറിയിച്ചു. തുടര്‍ന്ന് സീറ്റുതര്‍ക്കം പരിഹരിക്കാന്‍ ആറംഗ സമിതിയെ ഇരുനേതാക്കളും നിയോഗിച്ചു. നിതീഷ്-ലാലു യോഗത്തിന് മുന്നോടിയായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍ഗാന്ധിയുടെ നീക്കങ്ങള്‍ ഫലം കണ്ടില്ലെങ്കിലും ജനതാ പരിവാറില്‍ അസ്വാരസ്യങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നിതീഷ്‌കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ്, മുന്‍പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ജനതാദള്‍ സോഷ്യലിസ്റ്റ്, ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍, മുലായംസിങ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി, ഓംപ്രകാശ് ചൗട്ടാലയുടെ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍, സമാജ്‌വാദി ജനതാപാര്‍ട്ടി എന്നീ ആറു പാര്‍ട്ടികള്‍ ചേര്‍ന്നുള്ള ജനതാപരിവാറിന്റെ ആദ്യ പരീക്ഷണമാണ് ബീഹാര്‍ തെരഞ്ഞെടുപ്പ്. എന്നാല്‍ ഇതിലേക്ക് കോണ്‍ഗ്രസ് കടന്നുവരുന്നത് ജനതാപരിവാറില്‍ വിള്ളലുണ്ടാക്കിയിട്ടുണ്ട്. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിനെ പാര്‍ട്ടിയുടെ നേതാവായി പ്രഖ്യാപിച്ചെങ്കിലും പാര്‍ട്ടിയുടെ പേര്, ചിഹ്നം, കൊടി എന്നിവയുടെ കാര്യത്തില്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും സമവായമുണ്ടാക്കാന്‍ സാധിക്കാതിരിക്കെയാണ് കോണ്‍ഗ്രസിന്റെ രംഗപ്രവേശം. ഈവര്‍ഷം അവസാനത്തില്‍ നടക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷിന്റെ ജെഡിയുവും ലാലുപ്രസാദിന്റെ ആര്‍ജെഡിയും സംയുക്തമായി ബിജെപിയെ നേരിടുമ്പോള്‍ ലാഭവിഹിതം നേടാനാണ് കോണ്‍ഗ്രസ് ശ്രമം. മതേതര വോട്ടുകള്‍ക്കുവേണ്ടിയുള്ള കടിപിടി ജനതാപരിവാറിന്റെ അന്ത്യമായി മാറിയേക്കും. കോണ്‍ഗ്രസിനെ ഒപ്പം കൂട്ടിയുള്ള ജനതാപരിവാറിന് കര്‍ണ്ണാടകയിലെ ദേവഗൗഡ ജനതാദള്ളിന് താല്‍പ്പര്യമില്ലെന്നാണ് ലഭിക്കുന്ന വിവരം. മുലായംസിങ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി, ഓംപ്രകാശ് ചൗട്ടാലയുടെ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ എന്നീ പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസ് സഖ്യത്തോട് അത്ര അനുകൂല നിലപാടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.