പകര്‍ച്ചവ്യാധികള്‍, കടല്‍ക്ഷോഭം ആലപ്പുഴയ്ക്ക് ദുരിതകാലം

Monday 8 June 2015 1:06 am IST

ആലപ്പുഴ: കാലവര്‍ഷം തുടങ്ങിയപ്പോള്‍ തന്നെ ആലപ്പുഴ ജില്ല പതിവുപോലെ രോഗകിടക്കയിലായി. ഡെങ്കിപ്പനി, എച്ച്1 എന്‍1 തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ഒരു ഭാഗത്ത് പടര്‍ന്നു പിടിക്കുമ്പോള്‍, കടല്‍ക്ഷോഭം തീരദേശത്ത് കനത്ത നാശം വിതയ്ക്കുന്നു. പ്രഖ്യാപനങ്ങളല്ലാതെ ജനങ്ങളെ ദുരിതത്തില്‍ നിന്നും കരകയറ്റാനുള്ള യാതൊരു നടപടിയുമുണ്ടാകുന്നില്ല. ജില്ലയില്‍ ഡെങ്കിപ്പനിയും എച്ച്‌വണ്‍ എന്‍വണ്ണും ആശങ്ക പരത്തുകയാണ്. എച്ച്1 എന്‍1 പിടിപെട്ട് ഗര്‍ഭിണിയായ ചെറുതന സ്വദേശി സൗമ്യ (19) മരിച്ചതോടെ ജനങ്ങള്‍ ഭീതിയിലാണ്. അപ്പര്‍കുട്ടനാട്ടിലെ വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണ് ചെറുതന. അരൂര്‍ സ്വദേശിയും എച്ച്1 എന്‍1 ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. വെണ്മണിയില്‍ ഒരാള്‍ ഡെങ്കിപ്പനിക്കും ചികിത്സ തേടി. പാണാവള്ളിയില്‍ ഒരാള്‍ക്ക് എലിപ്പനിയും പിടിപെട്ടിട്ടുണ്ട്. മുഹമ്മ, പള്ളിപ്പുറം, ആര്യാട്, അമ്പലപ്പുഴ പ്രദേശങ്ങങ്ങളില്‍ അടുത്തിടെ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഴ തുടങ്ങിയപ്പോള്‍ത്തന്നെ കൊതുകുജന്യ രോഗങ്ങള്‍ ഉള്‍പ്പെടെ പടര്‍ന്നു പിടിച്ചത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും ആശങ്കയിലാഴ്ത്തി. മഴക്കാല പൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവവികാസങ്ങള്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ക്ക് മഴക്കാലത്തിന് മുന്‍പ് ശൂചീകരിക്കുന്നതിനുള്ള പണം മഴ തുടങ്ങിയിട്ടും കൊടുത്തു തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. എന്‍ആര്‍എച്ച്എമ്മില്‍ നിന്നുള്ള 10,000 രൂപ മാത്രമാണ് വാര്‍ഡുകളില്‍ വിതരണം ചെയ്തിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെയും പഞ്ചായത്തുകളില്‍ നിന്നുള്ള തനതു ഫണ്ടും ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ആലപ്പുഴ ജില്ലയ്ക്ക് മെഡിക്കല്‍ ഓഫീസര്‍ പോലുമില്ലെന്നതാണ് മറ്റൊരു ദുരവസ്ഥ. പകര്‍ച്ചവ്യാധികളുടെ പ്രഭവകേന്ദ്രമായ ജില്ലയിലെ ജനങ്ങളോടുള്ള സര്‍ക്കാരിന്റെ ക്രൂരതയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ഡിഎംഒയെ നിയമിക്കാത്തതെന്ന് വിമര്‍ശനമുയരുന്നു. എച്ച്1 എന്‍1 റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മരുന്ന് ആവശ്യത്തിന് എത്തിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രികളും പ്രതിരോധമരുന്ന് സ്‌റ്റോക്ക് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. വിവേക് പറഞ്ഞു. സാംക്രമിക രോഗം പടരാനിടയുള്ള അതീവ സാദ്ധ്യതയുള്ള പ്രദേശങ്ങളാണ് ജില്ലയിലെ പല സ്ഥലങ്ങളും. ആശുപത്രികളില്‍ ആവശ്യത്തിന് മരുന്ന് എത്തിച്ചതു കൊണ്ടു മാത്രം നിയന്ത്രണവിധേയമാക്കാന്‍ കഴിയുന്നതല്ല ഈ രോഗങ്ങള്‍. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കുകയാണ് രോഗവ്യാപനം തടയാനുള്ള ഫലപ്രദമായ മാര്‍ഗം. എന്നാല്‍ അധികൃതരും പൊതുജനവും ഇക്കാര്യം ശ്രദ്ധിക്കുന്നില്ല. ഇടമഴയും വെയിലും ചേര്‍ന്ന കാലാവസ്ഥ കൊതുകള്‍ പെരുകാന്‍ കാരണമാകുന്നത് സ്ഥിതി ആശങ്കാജനകമാക്കുന്നു. ചിക്കുന്‍ഗുനിയ, ജപ്പാന്‍ ജ്വരം, ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, അതിസാരം എന്നിവയാണ് മഴക്കാലത്തിനു മുമ്പും കാലവര്‍ഷം ശക്തമാകുമ്പോഴും കാണപ്പെടുന്നത്. ഈ നിരയിലേക്ക് കഴിഞ്ഞ വര്‍ഷം മുതല്‍ എച്ച്1 എന്‍1 ഉം സ്ഥാനം പിടിച്ചിരിക്കുകയാണ്. മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായ മാലിന്യ സംസ്‌ക്കരണം, കുടിവെള്ളം അണുവിമുക്തമാക്കല്‍, ബോധവല്‍ക്കരണം, കൊതുക്, എലി എന്നിവ വര്‍ധിക്കാന്‍ ഇടയുള്ള സാഹചര്യം ഒഴിവാക്കല്‍ എന്നിവ പ്രഖ്യാപനത്തില്‍ ഒതുങ്ങുകയാണ്. കൂനിന്‍മേല്‍ കുരുവെന്നപോലെ ജനത്തെ ദുരിതത്തിലാഴ്ത്തി കടല്‍ക്ഷോഭം രൂക്ഷമായി തുടരുകയാണ്. കടല്‍ ഭിത്തിയില്ലാത്തതാണ് കെടുതി വര്‍ദ്ധിക്കാന്‍ കാരണം. പുറക്കാട് നൂറ് കണക്കിന് വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്. കടല്‍ ഭിത്തിക്കായി കല്ലിടാമെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍ പലതവണ വഞ്ചിച്ച സാഹചര്യത്തില്‍ പുറക്കാട് തീരവാസികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദേശീയപാത ഉപരോധിച്ചിരുന്നു. കിലോമീറ്ററുകള്‍ ദൂരത്തില്‍ കടല്‍ഭിത്തിയില്ലാത്തത് മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും ഭീഷണിയായി കഴിഞ്ഞു. സ്ഥിതിഗതികള്‍ രൂക്ഷമായിട്ടും മന്ത്രിമാരോ, ജനപ്രതിനിധികളോ ഇങ്ങോട്ടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.