കുഴല്‍മന്ദം: തമിഴ്നാട്ടിലെ സേലത്തിനടുത്തുണ്ടായ ലോറിയപകടത്തില് പാലക്കാട് സ്വദേശികളായ ഡ്രൈവറും, ക്ലീനറും മരിച്ചു. കുത്തനൂര്‍ പഞ്ചായത്തിലെ തോലനൂര്‍ കുരുടംകുന്നില് പരേതനായ അബ്ദുള്‍ സുബഹന്റെ മകനും ലോറി ഡ്രൈവറുമായ മുഹമ്മദാലി(30), നെന്മാറ നെല്ലിപ്പാടത്ത് ബഷീറിന്റെയും സൗജിത്തിന്റെയും മകനും ക്ലീനറുമായ മനാഫ് (30) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചയായിരുന്നു അപകടം.
കര്‍ണാടകയിലെ ഹൊസൂരിലേക്ക് പച്ചക്കറി കയറ്റാനായി പോയ ചരക്കുലോറിയാണ് സേലത്തിനടുത്തുവച്ചു അപകടത്തില്‍പ്പെട്ടത്. പത്തു വര്‍ഷത്തിലേറെയായി ചരക്കുലോറിയില്‍ ഡ്രൈവറായി ജോലിയെടുത്തു വരുകയായിരുന്നു മുഹമ്മദാലി.
നാട്ടില്‍ വന്ന മുഹമ്മദാലി ശനിയാഴ്ചയാണ് ഹൊസൂരില്‍ നിന്നും തൃശൂരിലേക്ക് പച്ചക്കറി ലോഡ് കയറ്റാനായി ലോറിയുമായി പോയത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു.
സംഭവമറിഞ്ഞ് നാട്ടില്‍ നിന്നും ബന്ധുക്കള്‍ സേലത്തേക്ക് തിരിച്ചിട്ടുണ്ട്. നാട്ടില്‍ എത്തിക്കുന്ന മുഹമ്മദാലിയുടെ മൃതദേഹം ഇന്ന് കൂനംപാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. സെമിയ്യയാണ് മുഹമ്മദാലിയുടെ ഭാര്യ, ഉമ്മ ഖദീജ, മക്കള്‍ അജ്മല്‍, അര്ഷാഹദ്. സഹോദരി ഹയറുന്നീസ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: