ജയ്പൂര്‍ മെട്രോ ഓടിത്തുടങ്ങി, കൊച്ചി മെട്രോ കിതയ്ക്കുന്നു

Monday 8 June 2015 1:37 am IST

കൊച്ചി: ഏറ്റവും വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി റെക്കോര്‍ഡ് സ്വന്തമാക്കാന്‍ കാത്തിരുന്ന കൊച്ചി മെട്രോ സ്ഥലമേറ്റെടുപ്പിലും തൊഴിലാളി ക്ഷാമത്തിലും കിതക്കുമ്പോള്‍ രാജസ്ഥാനിലെ ജയ്പൂരില്‍ മെട്രോ തീവണ്ടികള്‍ കുതിച്ചുപായുന്നു. ഏതാണ്ട് ഒരേസമയത്താണ് കൊച്ചിയിലും ജയ്പൂരിലും മെട്രോ പദ്ധതിയുടെ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നത്. ജയ്പൂരില്‍ 2010 നവംബറില്‍ തുടങ്ങിയ മെട്രോ പദ്ധതി കഴിഞ്ഞ ബുധനാഴ്ച ഫലസമാപ്തിയിലെത്തി. മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയാണ് മെട്രോ സര്‍വ്വീസ് ഉദ്ഘാടനം ചെയ്തത്. 2011 ഓഗസ്റ്റിലാണ് കൊച്ചി മെട്രോയുടെ നോഡല്‍ ഏജന്‍സിയായി കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) രൂപീകരിച്ചത്. നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ 2013 ജൂണ്‍ വരെ കാക്കേണ്ടി വന്നു. ഒരു വര്‍ഷത്തിനുള്ളില്‍ മെട്രോ ഓടിത്തുടങ്ങുമെന്നാണ് ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) ഇപ്പോഴും ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത് അവകാശവാദമായിത്തന്നെ നിലനില്‍ക്കാനാണ് സാധ്യതയെന്ന് നിലവിലെ യഥാര്‍ത്ഥ സ്ഥിതി വ്യക്തമാക്കുന്നു. സ്ഥലമേറ്റെടുപ്പാണ് കൊച്ചി മെട്രോയ്ക്ക് ഇപ്പോഴും വെല്ലുവിളിയുയര്‍ത്തുന്നത്. ആദ്യഘട്ടത്തില്‍ ആലുവ മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയാണ് പൂര്‍ത്തിയാക്കേണ്ടത്. മഹാരാജാസിന് ശേഷമുള്ള വൈറ്റില, പേട്ട, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ സ്ഥലമെടുപ്പ് എങ്ങുമെത്തിയിട്ടില്ല. കലൂരില്‍ നിന്ന് കാക്കനാട്ടേയ്ക്ക് മെട്രോ നീട്ടുന്നതിന് അടുത്തിടെ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചിരുന്നു. ഇതിന് കേന്ദ്ര അനുമതി ഉള്‍പ്പെടെ ലഭ്യമാക്കേണ്ടതുണ്ട്. ഇതിലും സ്ഥലമേറ്റെടുപ്പ് വെല്ലുവിളിയായി തുടരും. ഇതിന് പുറമെയാണ് തൊഴിലാളികളുടെ അഭാവം നിര്‍മ്മാണ പ്രവര്‍ത്തനത്തെ ബാധിക്കുന്നത്. തൊഴിലാളി ക്ഷാമം പ്രതിസന്ധിയുണ്ടാക്കുന്നതായി ഇ. ശ്രീധരന്‍ തന്നെ അടുത്തിടെ തുറന്ന് പറയുകയുണ്ടായി. അടുത്ത വര്‍ഷം പരീക്ഷണ ഓട്ടം നടത്താന്‍ സാധിച്ചാലും സര്‍വ്വീസ് തുടങ്ങാന്‍ വീണ്ടും അനുമതികള്‍ ആവശ്യമാണ്. ജയ്പൂര്‍ മെട്രോ 2014ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ മറ്റ് അനുമതികള്‍ ലഭിക്കേണ്ടതിനാല്‍ സര്‍വ്വീസ് ആരംഭിച്ചത് ഒന്നരവര്‍ഷത്തോളം കഴിഞ്ഞാണ്. പൂര്‍ണമായി സര്‍വ്വീസ് തുടങ്ങണമെങ്കില്‍ കൊച്ചിക്ക് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. സ്ഥലമേറ്റെടുപ്പ് മാതൃകാപരമായി പൂര്‍ത്തിയാക്കിയതാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ വിജയം. പ്രത്യേക കമ്മറ്റിയെത്തന്നെ ഇതിനായി നിയോഗിച്ചു. സ്ഥലം വിട്ടു നല്‍കുന്നവര്‍ക്ക് മാന്യമായ പുനരധിവാസ പാക്കേജുകളും നല്‍കി. കൊച്ചി മെട്രോയ്ക്ക് പകുതി കേന്ദ്ര സഹായമാണ്. എന്നാല്‍, സംസ്ഥാനത്തിന്റെ മാത്രം ഫണ്ടുപയോഗിച്ചാണ് ജയ്പൂരില്‍ മെട്രോ പൂര്‍ത്തിയാക്കിയത്. നിശ്ചയിച്ച സമയത്ത് തന്നെ ഭൂമിയേറ്റെടുക്കലും പ്രവൃത്തിയും പൂര്‍ത്തിയാക്കിയതിനാല്‍ അധികച്ചെലവ് ഒഴിവാക്കാനും ജയ്പൂരിന് സാധിച്ചു. രാജ്യത്തെ ആറാമത്തെ മെട്രോ സ്റ്റേഷനാണ് ജയ്പൂരില്‍ യാഥാര്‍ത്ഥ്യമായത്. ആദ്യഘട്ടമായ മാനസസരോവറില്‍ നിന്നും ചാന്ദ്‌പോള്‍ വരെയുള്ള 9.63 കിലോമീറ്ററാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. കൊച്ചി മെട്രോയുടെ ആലുവ മുതല്‍ മഹാരാജാസ് വരെയുള്ള 18 കിലോമീറ്റര്‍ അടുത്ത വര്‍ഷം സര്‍വ്വീസ് ആരംഭിക്കാനായാല്‍ റെക്കോര്‍ഡ് അവകാശപ്പെടാനാകും. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിന് മൂന്ന് വര്‍ഷമെങ്കിലും വേണ്ടി വരുമെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.