അയ്യന്‍കാളി സ്മൃതി മണ്ഡപം ദേശീയ പൈതൃക സ്മാരകമാക്കും: സര്‍ബാനന്ദ സോനോവാള്‍

Monday 8 June 2015 1:54 am IST

കൊല്ലം: വെങ്ങാനൂരിലെ അയ്യന്‍കാളി സ്മൃതി മണ്ഡപവും സ്‌കൂളും ദേശീയ പൈതൃക സ്മാരകമാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍.  കെപിഎംഎസ് സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കെപിഎംഎസ് നല്‍കിയ നിവേദന പ്രകാരം അമ്പത്തിയേഴരക്കോടി രൂപയുടെ ബൃഹദ് പദ്ധതിയാണ് നടപ്പാക്കുന്നതെന്നും സോനോവാള്‍ പറഞ്ഞു. കെപിഎംഎസ് ഉള്‍പ്പടെയുള്ള പിന്നോക്ക സംഘടനകളോട് മോദി സര്‍ക്കാര്‍ അനുകൂല സമീപനമാണ് സ്വീകരിക്കുന്നത്. 'നമ്മള്‍ ഒന്നാണ്'എന്ന വലിയ സങ്കല്‍പ്പമാണ് എന്‍ഡിഎ സര്‍ക്കാരിനുള്ളത്. രാജ്യത്ത് തൊട്ടുകൂടായ്മ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്നും തൊട്ടുകൂടായ്മ നിലനില്‍ക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് തൊട്ടുകൂടായ്മ ഇല്ലാതാക്കി പട്ടികജാതി -പട്ടിക വര്‍ഗ സമുദായങ്ങളെ രാഷ്ട്രത്തിന്റെ മുന്‍നിരക്കാരാക്കുക എന്നതാണ്. വരുംതലമുറയെ രാഷ്ട്രത്തിനുവേണ്ടി പ്രയോജനപ്രദമായി വളര്‍ത്താനുള്ള നീക്കമാണ് നടക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളുടെ ലക്ഷ്യവും ഇതുതന്നെ. ഇന്ന് ലോകത്തെവിടെച്ചെന്നാലും  ഭാരതീയന്‍ എന്ന നിലയില്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കാന്‍ സാധിക്കും. അത്തരത്തിലാണ് കേന്ദ്രഭരണം മുന്നോട്ട് പോകുന്നത്. രാജ്യം ഭരിക്കുന്നത് ഒരാളല്ല, എല്ലാവരും ചേര്‍ന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ്  നീലകണ്ഠന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. ബാബു, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശശാങ്കന്‍, വെസ് പ്രസിഡന്റ് പി.പി. വാവ, തുറവൂര്‍ സുരേഷ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്‍, സ്വാഗതസംഘം രക്ഷാധികാരി ജി. സുരേന്ദ്രന്‍, കെ. ബിന്ദു, എം.കെ. ദാമോദരന്‍, വെണ്ണിക്കുളം മാധവന്‍, അംബിയില്‍ പ്രകാശ്, എം. ബിന്ദു, ടി.സി. രാജേന്ദ്രന്‍, സി.ഒ. രാജന്‍, തട്ടാശ്ശേരി രാജന്‍, ഉഷാലയം ശിവരാജന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.