ന്യൂദല്‍ഹി: കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള സണ്‍ ടി.വി നെറ്റ്വര്‍ക്കിന്റെ 33 ചാനലുകളുടെ സുരക്ഷാ ക്ലിയറന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. ഇതോടെ സൂര്യ, കിരണ്‍, കൊച്ചു ടിവി തുടങ്ങിയ ചാനലുകളുടെ സംപ്രേക്ഷണം നിലയ്ക്കും.
ചാനലുകള്‍ക്ക് സുരക്ഷാ ക്ലിയറന്‍സ് നല്‍കുന്നത് സംബന്ധിച്ച വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ശുപാര്‍ശയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷേധിച്ചത്. കലാനിധി മാരനും സഹോദരനും മുന്‍ കേന്ദ്രമന്ത്രിയുമായി ദയാനിധി മാരനും എതിരെയുള്ള ക്രിമിനല്‍ കേസുകളില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് സൂചന. നടപടിക്കെതിരെ സണ്‍ നെറ്റ്വര്ക്കിന് കോടതിയെ സമീപിക്കാം.
എയര്‍സെല്‍ – മാക്സിസ് കേസ് അടക്കമുള്ളവയില്‍ മാരന് സഹോദരന്മാര്ക്കെതിരെ സി.ബി.ഐ അന്വേഷണവും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണവും നടക്കുന്നുണ്ട്. എന്നാല്‍ സുരക്ഷാ ക്ലിയറന്‍സ് നിഷേധിച്ചുകൊണ്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സണ്‍ ഗ്രൂപ്പ് സിഎഫ്ഒ അറിയിച്ചു.
നേരത്തേ, സണ്‍ നെറ്റ്വര്‍ക്കിന്റെ 40 എഫ്എം റേഡിയോ സ്റ്റേഷനുകള്‍ക്കും ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി ക്ലിയറന്‍സ് നിഷേധിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ചാനല്‍ ശൃംഖലകളില്‍ ഒന്നാണ് സണ്‍ നെറ്റ്വര്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: