ഗുരു സന്നിധിയില്‍

Sunday 19 July 2015 8:13 am IST

ഗുരുവിന്റെ വാക്കുകളും ആശയങ്ങളും വേണ്ടതുപോലെ ഉള്‍ക്കൊള്ളുക. അവ മനനം ചെയ്തുറപ്പിക്കുക. അവക്കൊത്തു ജീവിക്കുവാന്‍ പരമാവധി പരിശ്രമിക്കുക. അതാണ് ഏറ്റവും മഹത്തായ ഗുരുപൂജ. സ്വാമി ചിന്മായനന്ദന്റെ ആദ്യത്തെ ശ്രമം ഹൈന്ദവ മതഗ്രന്ഥങ്ങള്‍ ആഴത്തില്‍ പഠിച്ചു മനസ്സിലാക്കുവാനായിരുന്നു. ഭഗവദ്ഗീത, ഉപനിഷത്തുകള്‍, പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, പ്രകരണഗ്രന്ഥങ്ങള്‍, ഒട്ടനവധി കഥകള്‍, ചരിത്രങ്ങള്‍ അങ്ങിനെ എത്ര എത്ര സഹസ്രാബ്ദങ്ങളായി ഹിന്ദുമതത്തെ സജീവമായി നിലനിര്‍ത്തിക്കൊണ്ടുപോരുന്നത് ഈ സാഹിത്യസരിത്തല്ലേ? സ്വാമി ശിവാനന്ദയുടെ നിര്‍ദ്ദേശമായിരുന്നു, ചിന്മയാനന്ദസ്വാമി ഏകാന്ത തപസ്വിയായ തപോവന സ്വാമികളുടെ കൂടെ താമസിച്ച് ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ പഠിക്കണമെന്നത്. ആ കാലത്ത് തപോവനസ്വാമികള്‍ ഋഷികേശത്തുള്ള ബ്രഹ്മാനന്ദാശ്രമത്തില്‍ താമസിച്ചിരുന്നു. ശിവാനന്ദസ്വാമികളുടെ അനുഗ്രഹത്തോടെ ചിന്മയാനന്ദസ്വാമി തപോവന്‍ മഹാരാജിനെ സമീപിച്ചു. അദ്ദേഹം സന്തോഷപൂര്‍വം ആ യുവസന്ന്യാസിയെ തന്റെ ശിഷ്യനായി സ്വീകരിക്കുകയും ചെയ്തു. തപോവന മഹാരാജ് സ്‌നേഹസമ്പന്നനായിരുന്നു. എന്നാല്‍ അതേസമയം അദ്ദേഹത്തിന്റെ രീതികള്‍ ഏറ്റവും കര്‍ശനവുമായിരുന്നു. ശിഷ്യന്മാരെ പ്രതി അങ്ങേയറ്റം ഉയര്‍ന്ന പ്രതീക്ഷകള്‍ വെച്ചപുലര്‍ത്തുന്ന ഗുരു. പൂര്‍ണമായ ഏകാഗ്രതയും കറയറ്റ പെരുമാറ്റവും നിര്‍ബന്ധമായിരുന്നു. സന്യാസിമാരുടെ ഇടയില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനം. എല്ലാവരും അദ്ദേഹത്തെ അത്യന്തം ഭക്തിയോടെ ആദരിച്ചിരുന്നു. അദ്ധ്യാത്മ ശാസ്ത്രത്തില്‍ അഗാധമായ പാണ്ഡിത്യം. ആ വിഷയത്തെ ആസ്പദമാക്കി അനവധി മഹത്ഗ്രന്ഥങ്ങളും രചിച്ചിരുന്നു. ഹിമവത് വിഭൂതി എന്നാണ് സ്വാമി ശിവാനന്ദന്‍, തപോവന്‍ മഹാരാജാവിനെ വിശേഷിപ്പിച്ചിരുന്നത്. സ്വാമി ചിന്മയാനന്ദന്‍ തപോവന്‍ മഹാരാജാവിനോടൊപ്പം ഋഷികേശിലും, ഉത്തരകാശിയിലും, ഗംഗോത്രിയിലും താമസിച്ചു. കാലാവസ്ഥയുടെ സ്ഥിതിക്കനുസരിച്ച് ഈ മൂന്നു സ്ഥലങ്ങളിലും മാറിമാറിയായിരുന്നു താമസം. തണുത്തുറഞ്ഞു കിടക്കുന്ന ഗംഗാനദിയില്‍ ദിവസവും രണ്ടുനേരം മുങ്ങി കുളിക്കണം. ഭിക്ഷാന്നം മാത്രമാണ് ആഹാരം. അത് പലപ്പോഴും നന്നേ കുറച്ചായിരിക്കും. രുചിയുടെ കാര്യം പറയുകയും വേണ്ട. ഗുരുവിന്റെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കണം. ആശ്രമത്തിലെ പണികള്‍ ചെയ്യണം. താഴെ ആറ്റില്‍നിന്നും വെള്ളം മുക്കി കുന്നില്‍ മുകളിലെത്തിക്കണം. ഗുരുനാഥന് ഭക്ഷണവും ചായയും ഉണ്ടാക്കിക്കൊടുക്കണം. ഉറക്കം തീരെ കുറവായിരുന്നു. പഠനസമയമാണെങ്കില്‍ നീണ്ടുനീണ്ടു പോകുന്നതും, ഗുരുവിനോടുള്ള ഭക്ത്യാദരങ്ങള്‍. ശാസ്ത്രഗ്രന്ഥങ്ങളെ പ്രതി ഉണ്ടായിരുന്ന തികഞ്ഞ പ്രതിബദ്ധത. ഇതു രണ്ടുമാണ് അത്യന്തം ക്ലേശകരമായ ആ വര്‍ഷങ്ങള്‍ തരണംചെയ്യാന്‍ സ്വാമിജിക്ക് ശക്തി നല്‍കിയത്. .... തുടരും      

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.