ബീഹാറില്‍ നിതീഷ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; മത്സരിക്കില്ലെന്ന് ലാലു

Monday 8 June 2015 7:40 pm IST

ന്യൂദല്‍ഹി: ബീഹാറില്‍ ബിജെപിക്കെതിരെ ഒന്നിച്ചു മല്‍സരിക്കാന്‍ ജെഡിയു,ആര്‍ജെഡി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തീരുമാനിച്ചു. ജെഡിയു നേതാവ് നിതീഷ് കുമാര്‍ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് ജനതാപരിവാര്‍ നേതാവ് മുലായം സിങ് യാദവ് പറഞ്ഞു. എന്നാല്‍ ആര്‍ജെഡി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് മത്സരരംഗത്തുനിന്നും പിന്മാറിയിട്ടുണ്ട്. താനോ തന്റെ ബന്ധുക്കളോ മത്സരിക്കാനില്ലെന്ന് ലാലു പ്രസാദ് യാദവ് അറിയിച്ചു. കോണ്‍ഗ്രസിനെ സഖ്യത്തില്‍ ചേര്‍ത്തതിലുള്ള അതൃപ്തി ജനതാ പരിവാര്‍ സഖ്യത്തില്‍ രൂക്ഷമാകുകയാണെന്നാണ് വിവരം. നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായോ ഏതെങ്കിലും വകുപ്പ് മന്ത്രിയായോ കഴിയാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നാണ് ലാലുപ്രസാദ് യാദവിന്റെ നിലപാട്. ബിജെപിയെ അധികാരത്തില്‍നിന്നും അകറ്റിനിര്‍ത്തുന്നതിനായി മാത്രം ജെഡിയു സഖ്യത്തില്‍ തുടരാനാണ് ആര്‍ജെഡി തീരുമാനം. മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കില്‍ സഖ്യത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും ലാലു നേരത്തെ ഭീഷണിമുഴക്കിയിരുന്നു. എന്നാല്‍ ഭിന്നത പുറത്തുവരാതിരിക്കുന്നതിനായി, ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവാണ് നിതീഷ്‌കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചതെന്ന് മുലായം സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഈ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കും. ജെഡിയു-ആര്‍ജെഡി പാര്‍ട്ടികളിലെ മൂന്നംഗങ്ങള്‍ വീതമുള്ള ആറംഗ സമിതി ഇന്ന് യോഗംചേര്‍ന്ന് സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാനും ദല്‍ഹിയിലെ മുലായംസിങ് യാദവിന്റെ വസതിയില്‍ നടന്ന യോഗത്തില്‍ ധാരണയായി. സീറ്റുവിഭജനം സംബന്ധിച്ച് തര്‍ക്കങ്ങളില്ലെന്നും എല്ലാ വിഷയങ്ങളും ഇന്ന് നടക്കുന്ന യോഗത്തില്‍ തീരുമാനിക്കുമെന്നും ജനതാപരിവാറിന്റെ ചുമതലയുള്ള സമാദ്‌വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാംഗോപാല്‍ യാദവ് പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിനെക്കൂടി സഖ്യത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ആര്‍ജെഡിയില്‍ രോഷം പുകയുകയാണ്. നിരവധി നേതാക്കള്‍ തങ്ങളുടെ അതൃപ്തി ലാലുപ്രസാദ് യാദവിനെ അറിയിച്ചിട്ടുണ്ട്. സ്വന്തം സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുകൊടുക്കേണ്ടിവരുമെന്ന പ്രശ്‌നമാണ് ആര്‍ജെഡി നേതാക്കളുടെ അതൃപ്തിക്കു കാരണം. ഇതേ പ്രശ്‌നം ജെഡിയുവും അഭിമുഖീകരിക്കുന്നുണ്ട്. ബിജെപിക്കെതിരെ ഇടതുപക്ഷത്തെക്കൂടി അണിനിരത്താന്‍ ശ്രമങ്ങള്‍ സജീവമായിട്ടുണ്ട്. രാജ്യത്തെ എല്ലാ പ്രതിപക്ഷ കക്ഷികളെയും നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അണിനിരത്തി ബീഹാര്‍ തെരഞ്ഞെടുപ്പിനെ നേരിടാനാണ് നീക്കം. 243 അംഗ ബീഹാര്‍ നിയമസഭയിലേക്ക് ഈ വര്‍ഷം സപ്തംബര്‍-ഒക്‌ടോബര്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.