അഴിമതിസര്‍ക്കാരില്‍ നിന്ന് കേരളത്തെ രക്ഷിക്കണം: കേന്ദ്രമന്ത്രി സര്‍ബാനന്ദ് സോനോവാള്‍

Monday 8 June 2015 8:36 pm IST

തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും അങ്ങനെയുള്ള സര്‍ക്കാരില്‍ നിന്ന് കേരളത്തെ രക്ഷിക്കണമെന്നും കേന്ദ്രകായികമന്ത്രി സര്‍ബാനന്ദ് സോനോവാള്‍. സംസ്ഥാനസര്‍ക്കാരിന്റെ അഴിമതി സംബന്ധിച്ച് വര്‍ത്തമാനപ്പത്രങ്ങളിലെ മുന്‍പേജുകളിലെ സ്ഥിരം വാര്‍ത്തയാണ്. അഴിമതിയും കെടുകാര്യസ്ഥതയും അല്ലാതെ കോണ്‍ഗ്രസ് ഭരണത്തില്‍ നിന്ന് രാജ്യവികസനം പ്രതീക്ഷിക്കേണ്ട. കോണ്‍ഗ്രസ് ഭരണത്തില്‍ നിലനില്‍ക്കുന്നിടത്തോളം കാലം വികസനവിഷയത്തില്‍ ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കരയില്‍ ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാലിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്‌കാരവും സാക്ഷരതയുമുള്ള മലയാളികള്‍ ആഗോളതലത്തില്‍ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ചിട്ടുണ്ട്. എന്നാല്‍ വികസനക്കാര്യത്തില്‍ കേരളം എന്ത് നേടിയെന്ന് ചിന്തിക്കണം. മനോഹരമായ ഭൂപ്രകൃതിയുള്ള കേരളം വിഭവങ്ങളുടെ കാര്യത്തിലും സമൃദ്ധമാണ്. അഴിമതിയും ദുര്‍ഭരണവും കെടുകാര്യസ്ഥതയും നടത്തി കോണ്‍ഗ്രസ് സര്‍ക്കാര്‍ കഴിവുകേട് തെളിയിച്ചു. ഇവര്‍ക്ക് ബദലാകാന്‍ ഇടതുപക്ഷത്തിന് സാധിക്കുകയില്ല. ഒരുവര്‍ഷം രാജ്യം ഭരിച്ച ബിജെപി സര്‍ക്കാര്‍ അഴിമതി തുടച്ചുനീക്കി. സംശുദ്ധമായ ഭരണത്തിലൂടെ വീണ്ടും ഭാരതം ലോകശ്രദ്ധനേടി. ദേശീയതാത്പര്യം പ്രധാനമന്ത്രി നരേന്ദ്രമോദി എങ്ങനെയാണ് ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചതെന്ന് നമ്മള്‍ കണ്ടു. ഇന്ന് ഭാരതം ആഗോളശക്തിയായി മാറിയിരിക്കുകയാണ്. ഈ മാറ്റത്തിനൊപ്പം നില്‍ക്കാന്‍ കേരളത്തിലും ബിജെപി വിജയിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി കേന്ദ്രനേതൃത്വം ഈ ഉപതെരഞ്ഞെടുപ്പിനെ അതീവഗൗരവകരമായാണ് കാണുന്നത്. അതിനാലാണ് ദേശീയ അധ്യക്ഷന്‍ അമിത്ഷാ നേരിട്ട് ഇവിടെ വന്ന് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ തന്നോട് നിര്‍ദ്ദേശിച്ചത്. മാത്രമല്ല അഴിമതിയുടെ കറപുരളാത്ത നേതാവെന്ന് എതിരാളികള്‍ പോലും പ്രശംസിക്കുന്ന രാജേഗോപാലിനെ സ്ഥാനാര്‍ഥിയാക്കിയതും അതുകൊണ്ടാണ്. സംശുദ്ധമായ രാഷ്ട്രീയജീവിതത്തിനുടമയായ ഒ. രാജഗോപാല്‍ വികസനനായകനെന്ന് പേരെടുത്ത നേതാവാണ്. രാജേഗാപാല്‍ മന്ത്രിയായിരുന്നപ്പോള്‍ കൊണ്ടുവന്ന വികസനപദ്ധതികള്‍ വേണ്ടവിധം നടപ്പാക്കാന്‍ കേരളം ഭരിച്ച അഴിമതി സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല. അഴിമതിയും പക്ഷപാതവും ഇല്ലാത്ത രാജഗോപാലിനെ അരുവിക്കരയിലെ ജനങ്ങള്‍ തെരഞ്ഞെടുക്കണം. അതിലൂടെ വരാന്‍പോകുന്ന 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കേരളം ബിജെപി ഭരിക്കണം. താന്‍ അസമില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ വിജയിച്ച ആളാണ്. അസമില്‍ വീശിയ മാറ്റത്തിന്റെ കാറ്റ് കേരളത്തിലും വീശിയടിക്കണം. ഈ രണ്ടുസംസ്ഥാനങ്ങളും തമ്മില്‍ നിരവധി സാദൃശ്യങ്ങളുണ്ട്. അതിനാല്‍ അസമിന്റെ വഴിയില്‍ സഞ്ചരിച്ച് കേരളം രാജ്യപുരോഗതിക്ക് ഒപ്പം നില്‍ക്കണം. അതിനുള്ള തുടക്കം അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പിലൂടെ സംഭവിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് കുര്യന്‍ മന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി. അരുവിക്കര മണ്ഡലം പ്രസിഡന്റ് ശിവജിപുരം ഭുവനചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, മുന്‍പ്രസിഡന്റ് അഡ്വ പി.എസ്. ശ്രീധരന്‍പിള്ള, സംസ്ഥാന ജനറല്‍സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍, സംസ്ഥാനസെക്രട്ടറി സി. ശിവന്‍കുട്ടി, ആര്‍എസ്പി(ബി) ജനറല്‍സെക്രട്ടറി പ്രൊഫ എ.വി. താമരാക്ഷന്‍, കേരളകോണ്‍ഗ്രസ് നാഷണലിസ്റ്റ് പ്രസിഡന്റ് അഡ്വ നോബിള്‍ മാത്യു, കേരള വികാസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് ചെമ്പേരി, സിപിഐ ജില്ലാ കൗണ്‍സിലംഗത്വം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന കെ. ബാഹുലേയന്‍, ഉഴമലയ്ക്കല്‍ ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ബിജെപി സംസ്ഥാന സംഘടനാസെക്രട്ടറി കെ. ഉമാകാന്തന്‍, സഹസംഘടനാസെക്രട്ടറി സുഭാഷ്, നേതാക്കളായ പി.എം. വേലായുധന്‍, എം.എസ്. കുമാര്‍, കെ.പി. ശ്രീശന്‍, ഡോ പി.പി. വാവ, ട്രഷറര്‍ രാജഗോപാല്‍, അഡ്വ ജെ.ആര്‍. പദ്മകുമാര്‍, അഡ്വ വി.വി. രാജേഷ്, ബി. രാധാമണി, വെള്ളാഞ്ചിറ സോമശേഖരന്‍, ഷാജുമോന്‍ വട്ടേക്കാട്, അഡ്വ എസ്. സുരേഷ്, കല്ലയം വിജയകുമാര്‍, ചെമ്പഴന്തി ഉദയന്‍, തോട്ടയ്ക്കാട് ശശി, വെങ്ങാനൂര്‍ സതീഷ്, ഗിരിജകുമാരി, വെള്ളനാട് കൃഷ്ണകുമാര്‍, അതിയന്നൂര്‍ ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.