മത്സ്യബന്ധനത്തിന് 10 കിലോമീറ്ററിനുള്ളില്‍ ബോട്ടുകളെ അനുവദിക്കില്ല

Monday 8 June 2015 10:52 pm IST

ആലപ്പുഴ: കടല്‍ത്തീരത്തിന്റെ 10 കിലോമീറ്ററിനുള്ളില്‍ ട്രോളിങ് ബോട്ടുകള്‍ മത്സ്യബന്ധനം നടത്തുന്നില്ലെന്ന് ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. ട്രോളിങ് നിരോധനത്തിന് മുന്നോടിയായി കൂടിയ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയന്ത്രണങ്ങള്‍ പാലിക്കാതെ തീരത്തുനിന്ന് 10 കിലോമീറ്ററിനുള്ളില്‍ മത്സ്യബന്ധനബോട്ടുകള്‍ വലയിടുന്നത് പരമ്പരാഗത വള്ളങ്ങളില്‍ മത്സ്യം പിടിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന വൈസ്പ്രസിഡന്റ് ഡി. ഭുവനേശ്വരന്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു നിര്‍ദ്ദേശം. കേന്ദ്ര നിരോധനത്തിന്റെ വെളിച്ചത്തില്‍ തീരത്തിന് 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ 10 കിലോമീറ്ററിന് പുറത്തുമാത്രമേ ഇപ്പോള്‍ മത്സ്യബോട്ടുകള്‍ക്ക് മീന്‍ പിടിക്കാന്‍ അനുവാദമുള്ളൂ. മത്സ്യബന്ധന നിയന്ത്രണം കൊണ്ടുവരുമ്പോള്‍ വള്ളത്തിന്റെ വലുപ്പം, എന്‍ജിന്റെ ശക്തി, വലയുടെ സ്വഭാവം എന്നിവ കണക്കിലെടുക്കണമെന്ന് യോഗം ചൂണ്ടിക്കാട്ടി. ട്രോളിങ് നിയന്ത്രണം 61 ദിവസം വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇതു റിപ്പോര്‍ട്ടില്‍ പരിഗണിക്കാമെന്ന് കളക്ടര്‍ പറഞ്ഞു. മറുനാടന്‍ മത്സ്യത്തൊഴിലാളികളെ തീരപ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് അനുവദിക്കരുതെന്ന നിര്‍ദ്ദേശവും സര്‍ക്കാറിന് ഫിഷറീസ് വകുപ്പ് നല്‍കുമെന്ന് ഉദ്യേഗസ്ഥര്‍ യോഗത്തെ അറിയിച്ചു. ശക്തിയേറിയ ചൈനീസ് എന്‍ജിനുകള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തം കനത്ത നാശമാണ് തീരത്ത് വരുത്തുന്നതെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. ജില്ലയില്‍ 68 ബോട്ടുകള്‍ക്കാണ് ലൈസന്‍സ് നല്‍കിയിട്ടുള്ളത്. മറ്റിടങ്ങളില്‍ നിന്നുള്ള ബോട്ടുകള്‍ ധാരാളമായി തീരക്കടലില്‍ വന്ന് മത്സ്യബന്ധനം നടത്തുന്നുണ്ടെന്നും ഫിഷറീസ് അധികൃതര്‍ പറഞ്ഞു. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് കളക്ടര്‍ വ്യക്തമാക്കി. സംയുക്ത പരിശോധനയ്ക്ക് ശേഷം ചില രേഖകള്‍കൂടി ഹാജരാക്കാനുള്ളവര്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് ലഭിക്കാന്‍ കാലതാമസം വരുന്നതായി യോഗത്തില്‍ പരാതിയുയര്‍ന്നു. പുതിയ പെര്‍മിറ്റ് വിതരണം ചെയ്യുന്നതുവരെ പഴയ പെര്‍മിറ്റുകള്‍ ഉള്ളവര്‍ക്ക് മണ്ണെണ്ണ നല്‍കാന്‍ തീരുമാനിച്ചു. യോഗത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ്, വിവിധ മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.