എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വനിതാപ്രിന്‍സിപ്പലിനെ ആക്രമിച്ചു

Tuesday 9 June 2015 10:18 am IST

പാലക്കാട്: പഠിപ്പുമുടക്കിന്റെ പേരില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വനിതാപ്രിന്‍സിപ്പാളിനെ അക്രമിച്ചു. പാലക്കാട് ഗവ. പി.എം.ജി ഹയര്‍സെക്കന്ററി സ്‌കൂളിലാണ് നാടിനെ നാണിപ്പിച്ച സംഭവം അരങ്ങേറിയത്. പഠിപ്പുമുടക്കില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തെയും വടണമെന്നാവശ്യപ്പെട്ടത് നിരസിച്ചതിന്റെ പേരില്‍ പ്രിന്‍സിപ്പാള്‍ എം. ലീലയെ കോണിപ്പടിയില്‍ നിന്ന് തള്ളിയിടുകയും ചവിട്ടുകയുമായിരുന്നു.  എല്‍ദോ, അര്‍ഷാദ്, ഷംസു എന്നിവരടക്കം കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരെ നോര്‍ത്ത് പൊലീസ് കേസെടുത്തു. പ്രതികളിലൊരാളായ അര്‍ഷാദ് കഴിഞ്ഞവര്‍ഷം ഈ സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു. അധ്യാപകരെ തെറിവിളിച്ചതിന് അര്‍ഷാദിനെ പുറത്താക്കിയെങ്കിലും എസ്.എഫ്.ഐക്കാരുടെ ഇടപെടലിനെ തുടര്‍ന്ന് പിന്നീട് തിരിച്ചെടുത്തിരുന്നു.  ഇന്നലെ രാവിലെ പഠിപ്പുമുടക്കാനായി പുറത്തുനിന്നടക്കം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തി ബഹളം സൃഷ്ടിക്കുകയായിരുന്നു. എസ്.എഫ്.ഐക്കാരുടെ നിരന്തര ബഹളത്തെ തുടര്‍ന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ വിട്ടെങ്കിലും ഹയര്‍സെക്കന്ററി വിദ്യാര്‍ഥികളെ കൂടി വിട്ടയക്കണമെന്നാവശ്യപ്പെട്ട് ബഹളം തുടര്‍ന്നു. ഇതിന് സമ്മതിക്കാതിരുന്ന പ്രിന്‍സിപ്പലിനെയാണ് അക്രമിച്ചത്. പരിക്കേറ്റ ലീലയെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.  ഉച്ചയൂണിന് അരിയിട്ടതിനാല്‍ ഉച്ചക്ക് ശേഷം സ്‌കൂള്‍ വിടാമെന്ന് പറഞ്ഞ ഹൈസ്‌കൂള്‍ പ്രധാനധ്യാപിക ലതികയെയുംം എസ്.എഫ്.ഐക്കാര്‍ അസഭ്യം പറഞ്ഞു. കഴിഞ്ഞ എട്ടുവര്‍ഷത്തോളമായി ഈ സ്‌കൂളില്‍ പഠിപ്പുമുടക്ക് നിരോധിച്ചിരിക്കുകയായിരുന്നു. ഇതറിഞ്ഞിട്ടും മന:പൂര്‍വം പ്രശ്‌നം സൃഷ്ടിക്കാനെത്തിയതായിരുന്നു എസ്.എഫ്.ഐ പ്രവര്‍ത്തകരെന്ന് അധ്യാപകര്‍ പറയുന്നു. പാഠപുസ്തകം കിട്ടിയില്ലെന്ന സമരക്കാരുടെ പരാതി ഹൈസ്‌കൂള്‍ വിഭാഗത്തെ മാത്രം ബാധിക്കുന്നതിനാല്‍ ഹയര്‍സെക്കന്ററി ക്ലാസുകള്‍ വിടാന്‍ കഴിയില്ലെന്ന് പ്രിന്‍സിപ്പല്‍ ലീല ശഠിച്ചതാണ് ജില്ലാ നേതാക്കളടക്കമുള്ള എസ്.എഫ്.ഐക്കാരെ ചൊടിപ്പിച്ചത്. സ്‌കൂള്‍ വിടണമെന്ന് അമ്പതോളം വരുന്ന സംഘം പ്രിന്‍സിപ്പലെ വളഞ്ഞുവെച്ച് ആവശ്യപ്പെടുകയായിരുന്നു. ഈ സമയം രണ്ടാംനിലയിലെ വിദ്യാര്‍ഥിനികളടക്കമുള്ളവര്‍ ഭയന്ന് കരച്ചില്‍ ആരംഭിച്ചു. ഇവരുടെ അടുത്തേക്ക് സമരക്കാര്‍ പോകുന്നതിനെ ഗോവണിയുടെ വഴിതടഞ്ഞ് പ്രിന്‍സിപ്പല്‍ നിന്നപ്പോഴാണ് സമരക്കാരിലൊരാള്‍ അവരെ തള്ളിയിട്ടത്. തലക്കും മുതുകത്തും പരിക്കേറ്റ ഇവരുടെ ദേഹത്ത് ചില വിദ്യാര്‍ഥികള്‍ ചവിട്ടുകയും ചെയ്തു. മറ്റധ്യാപകരെത്തിയാണ് പ്രിന്‍സിപ്പലെ രക്ഷിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.