ഗുരു സന്നിധിയില്‍

Sunday 19 July 2015 8:13 am IST

ഗുരുവിന്റെ വാക്കുകളില്‍നിന്നും ഉപദേശങ്ങളില്‍നിന്നും മാത്രമല്ല ശിഷ്യന്‍ അറിവുനേടിയത്. അദ്ദേഹത്തിന്റെ ജീവിതംതന്നെ സര്‍വ്വഗുണങ്ങളും നിറഞ്ഞ ഒരു പാഠപുസ്തകമായിരുന്നു. തന്നെ കാണാന്‍ വരുന്നവരോട് എത്ര സ്‌നേഹമായാണ് അദ്ദേഹം പെരുമാറിയിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ സന്തോഷം പൂര്‍ണതയിലെത്തിയിരുന്നത് പ്രകൃതിയുമായി അഭിരമിക്കുമ്പോഴായിരുന്നു. വ്രതശുദ്ധിയാര്‍ന്ന ശീലങ്ങള്‍. അഗാധമായ പാണ്ഡിത്യത്തിന് ഉടമായിരുന്നിട്ടും ആ മനസ്സില്‍ സ്വാഭാവികമായും തുളുമ്പിനിന്നിരുന്ന വിനയം. നിരന്തരമായ ഈശ്വര സ്മരണയില്‍നിന്നും അദ്ദേഹം അനുഭവിച്ചിരുന്ന ആനന്ദനിര്‍വൃതി. തപോവന്‍ മഹാരാജാവിനോടൊത്ത് ഗുരുകുലജീവിതം നയിക്കുന്നതിനിടയില്‍ സ്വാമി ചിന്മയാനന്ദന്‍ രണ്ടുതവണ സ്വന്തം നാട്ടില്‍പോയി വരികയുണ്ടായി. അദ്ദേഹത്തിന്റെ അച്ഛന്‍ വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍ ബാധിച്ച് കിടപ്പിലായിരുന്നു. പത്തുവര്‍ഷത്തിനുശേഷം ആദ്യമായി വീട്ടിലെത്തിയ സ്വാമിജിയെ ഓരോരുത്തരും നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്തു. വളരെ ഹൃദയസ്പര്‍ശിയായിരുന്നു ആ ഒത്തുചേരല്‍. നീണ്ടുമെലിഞ്ഞ ശരീരവും, തീക്ഷ്ണമായ കണ്ണുകളുമായി തന്റെ മുമ്പില്‍ നില്‍ക്കുന്ന ഈ കാഷായവസ്ത്രധാരി, സ്വന്തം മകന്‍ തന്നെയോ! മകന്‍ അച്ഛനുമുമ്പില്‍ സാഷ്ടാംഗം നമസ്‌ക്കരിച്ചു. മകന്റെ പഴയ ഉത്സാഹവും പ്രസരിപ്പും, കുസൃതികളും നഷ്ടപ്പെട്ടിട്ടില്ല എന്ന് അവര്‍ പിന്നീടു മനസ്സിലാക്കി. ആ സ്‌നേഹത്തിനു ചുറ്റും കളിയും ചിരിയും നേരമ്പോക്കുകളുമായി അവര്‍ എല്ലാവരും പഴയതുപോലെ കൂടിനിന്നു. ഇത്രയും നാള്‍ വീട്ടിലില്ലാതിരുന്ന ഒരാള്‍ എന്ന തോന്നല്‍ അവര്‍ക്കുമുണ്ടായില്ല. ആയിടയ്ക്ക് കേരളത്തിലെ പല ക്ഷേത്രങ്ങളും സ്വാമിജി സന്ദര്‍ശിച്ചു. പലയിടത്തും പ്രഭാഷണങ്ങള്‍ നടത്തി. പ്രമുഖരായ ആദ്ധ്യാത്മികാചാര്യന്‍മാരെ ചെന്നു കണ്ടു. അവസാനം യാത്രപറയേണ്ട സമയമായപ്പോള്‍ എല്ലാവരും വിഷാദമൂകരായി നോക്കിനിന്നതേയുള്ളൂ. ആ വേര്‍പിരിയല്‍ വേദനാജനകമായിരുന്നെങ്കിലും, അവരുടെ മനസ്സില്‍ സ്വാമിജിയെക്കുറിച്ചുള്ള അഭിമാനം നിറഞ്ഞുനിന്നിരുന്നു.  അദ്ദേഹത്തിന്റെ അഗാധ പാണ്ഡിത്യവും സ്വന്തം നിയോഗം ഏറ്റവും ആദരണീയമാംവിധം കണ്ടെത്താന്‍ കഴിഞ്ഞു എന്ന വസ്തുതയും അവരില്‍ അഭിമാനബോധം ഉളവാക്കി. .... തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.