അകവും പുറവും ഈശ്വരന്‍

Tuesday 9 June 2015 10:20 pm IST

മനസ്സിന്റെ പ്രഭാവങ്ങളിലും പ്രവാഹങ്ങളിലും പ്രബുദ്ധതകളിലും നിങ്ങള്‍ കുടുങ്ങിപ്പോകുമ്പോള്‍ മനസ്സിനെപ്പറ്റി വസ്തുനിഷ്ഠമായ ഒരു പഠനം നടത്താന്‍ നിങ്ങള്‍ക്ക് സാധിക്കയില്ല. മനസ്സിന്റെ വ്യാപാരങ്ങളെ മനസ്സിലാക്കാതെ അതിന്റെ ശാപകൃഷ്ടശക്തികളെ കീഴടക്കാനും കഴിയുകയില്ല. സാക്ഷിഭാവത്തെ വികസിപ്പിക്കുക. ശ്രേഷ്ഠഗുണങ്ങളെ വളര്‍ത്തിയെടുക്കുക, ധ്യാനം പരിശീലിപ്പിക്കുവിന്‍. ആചരണത്തെ ശുദ്ധീകരിക്കുക, മനസ്സിനെ നിയന്ത്രിക്കുവാനും ജയിക്കാനും നിങ്ങളെ സഹായിക്കുന്ന ചതുര്‍വിധ സാധനകളാണിവയെന്നോര്‍ക്കുക. ആദ്ധ്യാത്മികത ഒരു ഇന്ദ്രജാലമല്ല. അത്ര പെട്ടെന്നു നേടാവുന്നതുമല്ല. അത് ജ്ഞാനത്തിലേക്കും നന്മയിലേക്കും വിശുദ്ധിയിലേക്കും പൂര്‍ണതയിലേക്കുമുള്ള അനുക്രമമായ വളര്‍ച്ചയാണത്. നിങ്ങള്‍ മനസ്സിനെ ഏകാഗ്രമാക്കാന്‍ ആരംഭിക്കുമ്പോള്‍ അത് ഭാവനാ പ്രപഞ്ചത്തിലേക്ക് തനിയെ വഴുതിവീഴും. ഈ ബഹിര്‍ഗമനപ്രവണതയെ നിരോധിക്കുന്നതിന് വൈരാഗ്യം എത്രയും അനിവാര്യമാണ്. ഒരു സാധകനില്‍ ശ്രദ്ധയും വൈരാഗ്യവും ഏകോപിച്ച് വര്‍ത്തിക്കുമെങ്കില്‍ മനസ്സ് ഏകാഗ്രമാകും. ചിന്തകള്‍ കെട്ടടങ്ങുമ്പോള്‍ മനസ്സ് ആലംബഹിതവും തുടര്‍ന്നു അത് നിദ്രയിലേക്ക് വഴുതിവീഴുന്നു. എല്ലാറ്റിന്റെയും കീഴടക്കാന്‍ കഴിവുള്ള ഈ തമസ്സാണ് ധ്യാനത്തെ തടയുന്ന ഏറ്റവും ബൃഹത്തായ വിലങ്ങ്. മനസ്സ് അതീവ ശക്തമായ അടിത്തറയില്‍ ഉറച്ചുനില്‍ക്കണം. ആ അടിത്തറയാണ് ഈശ്വര സ്മരണ എന്നറിയുക. ഈ സ്മരണ സുസ്ഥിരവും നിരന്തരവും തീവ്രവുമായിരിക്കണം. അങ്ങിനെ നിരന്തരമായ ഈശ്വരസ്മരണയാല്‍ ധ്യാനത്തിന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള ദൃഢമായ ആന്തരികബോധം സാന്നിദ്ധമാകും. അപ്പോഴാണു യഥാര്‍ത്ഥ ധ്യാനമാരംഭിക്കുന്നത്. ആന്തരികമായ നിശ്ചലാവസ്ഥയാണ് വേറൊരു പ്രതിബദ്ധം. അത് ഒരു നിഷ്‌ക്രിയാവസ്ഥയാണ്.  ചിന്തകള്‍ ശമിച്ചു കഴിഞ്ഞു. നിദ്ര ഗ്രസിച്ച് കഴിഞ്ഞിട്ടില്ലെങ്കിലും മനസ്സ് ചലിക്കുന്നില്ല. മങ്ങിയ ഉണര്‍വിന്റെയും നിദ്രയുടെയുമിടയ്ക്കുള്ള അവസ്ഥാവിശേഷമാണിത്. ഈശ്വരനില്‍ ഏകാഗ്രമായ ഭക്തി ഉണ്ടാവുന്നതോടെ ഈ പ്രതിബന്ധങ്ങളെല്ലാം തിരോഭവിക്കും. ശക്തിയും ശാന്തിയും പ്രസാദവും ഏകാഗ്രതയും ഊര്‍ജ്ജസ്വലയുമെല്ലാം ഭക്തി നേടിത്തരുന്നു. ഈശ്വരനൊഴികെ മറ്റൊന്നും നിങ്ങളുടെ ദൃഷ്ടിയില്‍ തെളിയരുത്. ഈശ്വരനൊഴികെ മറ്റൊരു ''അഹം'' ഉണ്ടായിരിക്കരുത്. അങ്ങിനെ അകത്തും പുറത്തും ഈശ്വരന്‍ തന്നെ പ്രകാശിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.