ബീഹാറില്‍ ജയസാധ്യതയില്ലാത്ത അവിശുദ്ധ സഖ്യം

Tuesday 9 June 2015 10:50 pm IST

ന്യൂദല്‍ഹി: ജനപിന്തുണ നഷ്ടപ്പെട്ട ജെഡിയു നേതാവായ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ മുന്നില്‍ നിര്‍ത്തി ബിജെപി ഇതര രാഷ്ട്രീയപാര്‍ട്ടികളുടെ അവിശുദ്ധ സഖ്യം തെരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ ബീഹാറില്‍ ബിജെപിക്ക് ആത്മവിശ്വാസമേറുകയാണ്. 2010ലെ നിയമസഭ തെരഞ്ഞെടുപ്പിന്റെയും 2014 മെയ് ആദ്യവാരം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെയും ജനവിധി തന്നെയാണ് തങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതെന്ന് സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ മംഗള്‍ പാണ്‌ഡെ പറഞ്ഞു. 2010ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 243ല്‍ 206 സീറ്റുകള്‍ നേടിയാണ് ബിജെപി-ജെഡിയു സഖ്യം അധികാരത്തിലെത്തിയത്. ഇതില്‍ 91 സീറ്റുകള്‍ ബിജെപിയുടേയും 115 ജെഡിയുവിന്റെയും സീറ്റുകളാണ്. തുടര്‍ന്ന് നരേന്ദ്രമോദിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വ പ്രശ്‌നം ഉയര്‍ത്തി 17 വര്‍ഷം നീണ്ട സഖ്യമുപേക്ഷിച്ച് 2013ല്‍ നിതീഷ്‌കുമാര്‍ മറുകണ്ടം ചാടിയപ്പോള്‍ നിതീഷിന് നഷ്ടമായത് സംസ്ഥാനത്തെ ജനപിന്തുണ കൂടിയാണെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കി. ബീഹാറില്‍ നിലംതൊടാതെ പരാജയപ്പെട്ട കോണ്‍ഗ്രസ്, ആര്‍ജെഡി കക്ഷികളുടെ പിന്തുണയോടെ സംസ്ഥാന ഭരണം പിടിച്ചു നിര്‍ത്താന്‍ നിതീഷ് കുമാറിനായെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് നിതീഷിന് ലഭിച്ചത്. ആകെയുള്ള 40 സീറ്റില്‍ 31 സീറ്റും ബിജെപി-എല്‍ജെപി സഖ്യം തൂത്തുവാരി. 22 ബിജെപി എംപിമാരും ബിജെപിയുടെ പിന്തുണയോടെ ആറ് എല്‍ജെപിക്കാരും മൂന്ന്  രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടി അംഗങ്ങളും ലോക്‌സഭയിലെത്തിയപ്പോള്‍ ജെഡിയുവിന്റെ വിജയം കേവലം രണ്ടു  സീറ്റിലൊതുങ്ങി. പൂര്‍ണ്ണിയ, നളന്ദ ലോക്‌സഭാ മണ്ഡലങ്ങള്‍ മാത്രമാണ് ജെഡിയുവിനൊപ്പം നിന്നത്. പാര്‍ട്ടിയുടെ പരാജയം പ്രവചിച്ച് ജെഡിയു സംസ്ഥാന നേതൃത്വം തന്നെ തെരഞ്ഞെടുപ്പിന് മുമ്പ് മത്സര രംഗത്തുനിന്നും പിന്മാറിയിരുന്നു. ദയനീയമായി തകര്‍ന്നടിഞ്ഞെങ്കിലും ദേശീയ മാധ്യമങ്ങളും മോദിവിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികളും നല്‍കുന്ന അമിത പ്രാധാന്യം മാത്രമാണ് നിതീഷ് കുമാറിന് ലഭിക്കുന്നതെന്ന് ബീഹാറിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം ഏറ്റെടുത്ത് നിതീഷ് രാജിവെച്ചതോടെ ഇടക്കാല മുഖ്യമന്ത്രിയായ ദിതിന്‍ റാം മഞ്ചി ഉയര്‍ത്തുന്ന തലവേദനയും നിതീഷിന് മറികടക്കാനാവില്ല. എംഎല്‍എമാരില്‍ ഒരുവിഭാഗം മഞ്ചിക്കൊപ്പമുണ്ട്. പിന്നോക്ക സമുദായക്കാരനായ മഞ്ചി ബിജെപി പാളയത്തിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ ജെഡിയു-ആര്‍ജെഡി സഖ്യത്തെ നിരാശയിലാക്കുന്നു. 2010ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 22 സീറ്റു നേടിയ ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിക്കും നാലു  സീറ്റു മാത്രം നേടിയ കോണ്‍ഗ്രസിനും 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ദയനീയ പരാജയമാണ് ലഭിച്ചത്. കോണ്‍ഗ്രസിന് സുപോലും കിഷന്‍ഗഞ്ചും ലഭിച്ചപ്പോള്‍ ആര്‍ജെഡിക്ക് ഭഗല്‍പ്പൂര്‍,ബംഗ, മഥേപൂര, അരാരിയ എന്നീ മണ്ഡലങ്ങളില്‍ വിജയമൊതുങ്ങി. ഇതില്‍ മഥേപ്പുരയില്‍ മത്സരിച്ചു വിജയിച്ച പപ്പു യാദവ് നിലവില്‍ ലാലുവിരുദ്ധ പാര്‍ട്ടിയാണ്. കോണ്‍ഗ്രസിനാകട്ടെ എടുത്തുപറയാനൊരു നേതാവുപോലും സംസ്ഥാനത്തില്ല. നിതീഷ്-ലാലു-കോണ്‍ഗ്രസ് സഖ്യം ലക്ഷ്യമിടുന്ന മുസ്ലീം-യാദവ വോട്ടുബാങ്ക് പരീക്ഷണം 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടതാണ്. പുതിയ എന്തു തന്ത്രമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യം പുറത്തെടുക്കുന്നതെന്ന സംശയം മാത്രം ബാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.