വിദ്യാര്‍ത്ഥികളടക്കം ഇരുപതോളം പേര്‍ക്ക് പരിക്ക്

Tuesday 9 June 2015 10:54 pm IST

കുറവിലങ്ങാട് : നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ടിപ്പറുകള്‍ നിരത്തു വാഴുമ്പോള്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇന്നലെ രാവിലെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് അപകടങ്ങളാണുണ്ടായത്. എംസി റോഡില്‍ കോഴായ്ക്കും കുര്യനാടിനും ഇടയില്‍ വട്ടാംകുഴി വളവില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ലോറിയും ഇടിച്ചായിരുന്നു ആദ്യ അപകടം. ഇതേ സ്ഥലത്തിനു സമീപം അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. കോട്ടയത്തുനിന്നു മൂന്നാറിലേയ്ക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും പെരുമ്പാവൂരില്‍ തടിയെത്തിച്ച ശേഷം മടങ്ങുകയായിരുന്ന ലോറിയുമാണ് അപകടത്തില്‍ പെട്ടത്. റോഡില്‍കിടന്ന ടിപ്പറിനെ മറികടന്ന് ബസ് മുന്നേറവേ എതിരേ വന്ന ലോറിയുമായി ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ ആര്യങ്കാവ് സ്വദേശി അജയകുമാര്‍ (47), ക്ലീനര്‍ രാജന്‍പിള്ള (48), നീണ്ടൂര്‍ കുഴിയില്ലത്ത് സന്ധ്യ വി.എസ് (33), പെരുമ്പാറയില്‍ പി.വി. ശ്രീകുമാര്‍ (33), മുട്ടമ്പലം പുളുത്തുവ കുര്യന്‍ പി.വി. (71) കുറവിലങ്ങാട് കുഴിമലയില്‍ സലി ബാബു (48) എന്നിവരുള്‍പ്പടെ പത്തോളം പേരെ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. ഈ അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് കുറവിലങ്ങാട് സെന്‍ട്രല്‍ ജംഗ്ഷന് സമീപം മൂലങ്കുഴ പാലത്തിനടുത്ത് സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ചത്. ഈ അപകടത്തില്‍ ബസ് ഡ്രൈവര്‍ സജിയുള്‍പ്പടെ പതിമൂന്നോളം യാത്രക്കാര്‍ക്ക് പരുക്കേറ്റു. പെരുവ-ഞീഴൂര്‍-കുറവിലങ്ങാട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. വൈക്കം ഭാഗത്തേയ്ക്കു പോകുകയായിരുന്നു ടിപ്പര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.