സ്വകാര്യ ബസ് സമരം പിന്‍‌വലിച്ചു

Wednesday 10 June 2015 2:54 pm IST

തിരുവനന്തപുരം: സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ പതിനായിരത്തോളം സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചു ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനുകളുടെ കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലാണു പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നേരത്തേ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. 2006-ല്‍ നിലവിലുള്ള ബസ്സുകളുടെ പെര്‍മിറ്റ് നിലനിര്‍ത്തി ദേശീയവല്‍ക്കരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. സുപ്രീംകോടതിയും ഇതേ നിര്‍ദ്ദേശമാണ് നല്‍കിയത്. എന്നാല്‍ 2009-ല്‍ അതിന് വിരുദ്ധമായി കെഎസ്ആര്‍ടി സിക്ക് ഇഷ്ടമുള്ള പെര്‍മിറ്റുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതിനെതിരെ സ്വകാര്യ ബസ്സുടമകള്‍ സ്റ്റേ വാങ്ങി. എന്നാല്‍ പിന്നീട് ഹൈക്കോടതി സര്‍ക്കാര്‍ തീരുമാനത്തെ ശരിവച്ചതോടെ സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റ് പുതുക്കിക്കിട്ടാത്ത സാഹചര്യമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് പെര്‍മിറ്റ് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സമരം നടത്താന്‍ ബസുടമകള്‍ തീരുമാനിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.