ലോകം ഇനി 'കോപ്പ'യില്‍

Wednesday 10 June 2015 9:41 pm IST

സാന്റിയാഗോ: കാല്‍പ്പന്തുകളിയുടെ ലാറ്റിനമേരിക്കന്‍ ചന്തത്തിന് നാളെ തുടക്കം. ലോക ഫുട്‌ബോളിലെ വന്‍ശക്തികളായ ബ്രസീലും അര്‍ജന്റീനയും ഉറുഗ്വെയും കൊളംബിയയും മെക്‌സിക്കോയുമൊക്കെ അണിനിരക്കുന്ന കോപ്പ അമേരിക്കന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനാണ് നാളെ പുലര്‍ച്ചെ അഞ്ചിന് തുടക്കമാകുന്നത്. ഇതോടെ ലോകം ഇനി ചിലയിലേക്ക് ഒതുങ്ങും. കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന്റെ 44-ാമത് എഡിഷനാണ് ഇത്തവണ അരങ്ങേറുന്നത്. ചിലിയിലെ ഒമ്പത് സ്‌റ്റേഡിയങ്ങളില്‍ ലാറ്റിനമേരിക്കയുടെ കരുത്തും താളവും കാലിലേക്കാവാഹിച്ച് 12 ടീമുകളാണ് പോരാട്ടത്തിനിറങ്ങുന്നത്. നാളെ പുലര്‍ച്ചെ അഞ്ചിന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ ആതിഥേയരായ ചിലി ഇക്വഡോറുമായി ഏറ്റുമുട്ടും. മെക്‌സിക്കോ, ഇക്വഡോര്‍, ബൊളീവിയ എന്നീ ടീമുകളാണ് ചിലിക്കൊപ്പം ഗ്രൂപ്പ് എയിലുള്ളത്. ശനിയാഴ്ച രാവിലെ 5ന് ബൊളീവിയ-മെക്‌സിക്കോയെ നേരിടും. ജൂലൈ നാലിന് സാന്റിയാഗോയിലെ നാഷണല്‍ സ്‌റ്റേഡിയത്തില്‍ കലാശപ്പോരാട്ടം. മത്സരങ്ങള്‍ സോണി സിക്‌സ് ചാനലില്‍ തല്‍സമയം കാണം. 14ന് പുലര്‍ച്ചെ മൂന്നുമണിക്ക് ഗ്രൂപ്പ് ബിയില്‍ അര്‍ജന്റീന ആദ്യ മത്സരത്തില്‍ പരാഗ്വെയെ നേരിടുമ്പോള്‍ 15ന് പുലര്‍ച്ചെ മൂന്നിന് പെറുവിനെതിരേയാണ് ബ്രസീലിന്റെ ആദ്യ മത്സരം. അര്‍ജന്റീനയും ബ്രസീലും ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണ ചാമ്പ്യന്‍ഷിപ്പിനിറങ്ങുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയോടേറ്റ തോല്‍വി മറക്കാന്‍ കോപ്പയില്‍ കിരീടം ചൂടുകയാണ് ഇരു ടീമുകളുടെയും ലക്ഷ്യം. തെക്കേ അമേരിക്കന്‍ മേഖലയില്‍ നിന്ന് 10 ടീമുകളും വടക്കേ അമേരിക്കയില്‍ നിന്ന് അതിഥികളായെത്തുന്ന മെക്‌സിക്കോയും ജമൈക്കയും അടക്കം 12 ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.  ജമൈക്ക ആദ്യമായാണ് ചാമ്പ്യന്‍ഷിപ്പ് കളിക്കാനെത്തുന്നത്. ടൂര്‍ണമെന്റിലെ ചാമ്പ്യന്മാര്‍ 2017-ല്‍ റഷ്യയില്‍ നടക്കുന്ന ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടും. കോപ്പ അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയത് ഉറുഗ്വെയാണ്. 21 തവണ ഫൈനലില്‍ കളിച്ച നിലവിലെ ചാമ്പ്യന്മാര്‍കൂടിയായ ഉറുഗ്വെ 15 തവണയാണ് കോപ്പയില്‍ മുത്തമിട്ടത്. 2011-ല്‍ പരാഗ്വെയെ 3-0ന് തോല്‍പ്പിച്ചായിരുന്നു ഉറുഗ്വെ കിരീടം നേടിയത്. കിരീടനേട്ടത്തില്‍ തൊട്ടുപിന്നില്‍ അര്‍ജന്റീന. 26 ഫൈനലുകളില്‍ 14 തവണ ജയിച്ചു. എന്നാല്‍ 1993നുശേഷം അവര്‍ക്ക് കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. 2004, 2007 ഫൈനലുകളില്‍ ബ്രസീലിനോട് പരാജയപ്പെട്ടു. 19 തവണ ഫൈനല്‍ കളിച്ച ബ്രസീല്‍ എട്ട് തവണയാണ് ജേതാക്കളായത്. മരണഗ്രൂപ്പെന്ന് അറിയപ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് അര്‍ജന്റീന. നിലവിലെ ചാമ്പ്യന്മായ ഉറുഗ്വെ, കരുത്തരായ പരാഗ്വെ, വടക്കേ അമേരിക്കന്‍ പ്രതിനിധികളായ ജമൈക്ക എന്നിവരാണ് മറ്റ് ടീമുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.