വിവാഹ ബ്യൂറോകളുടെ പേരില്‍ തട്ടിപ്പ് സംഘങ്ങള്‍ വിലസുന്നു

Thursday 11 June 2015 7:36 pm IST

മലപ്പുറം: വിവാഹ ബ്യൂറോകളുടെ  പേരില്‍ സംസ്ഥാനത്ത് വന്‍ തട്ടിപ്പ് സംഘങ്ങള്‍ വിലസുന്നു. പോസ്റ്റല്‍ മാര്‍ഗ്ഗമാണ് ഇത്തരം ഏജന്‍സികള്‍ പണംതട്ടുന്നത്. വിവാഹപ്രായമെത്തിയ യുവതീയുവാക്കളുടെ മാതാപിതാക്കളാണ് പ്രധാനമായും തട്ടിപ്പിനിരകളാകുന്നത്.  പല ഏജന്‍സികളും പത്രപരസ്യങ്ങള്‍ നല്‍കിയാണ് ആളെ പിടിക്കുന്നത്. കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് ഏജന്‍സികള്‍ കൂടുതലായും പ്രവര്‍ത്തിക്കുന്നത്. പത്രങ്ങള്‍ വഴി വധുവിനെ-വരനെ ആവശ്യമുണ്ടെന്ന് മൊബൈല്‍ നമ്പര്‍ സഹിതം പരസ്യം നല്‍കും. മറ്റുവിവരങ്ങളൊന്നു ഉണ്ടാകില്ല. പരസ്യം കണ്ട് ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍, വിളിക്കുന്ന ആളുടെ സ്ഥലവും അഡ്രസും ചോദിച്ചു വാങ്ങുകയായിരിക്കും ഇവര്‍ ആദ്യം ചെയ്യുക. വധുവിനെ ആവശ്യമുണ്ടെന്നു കണ്ട് വിളിക്കുന്നവരോട് അവര്‍ താമസിക്കുന്ന ജില്ലയില്‍ തന്നെ വിവാഹം അന്വേഷിക്കുന്ന നിരവധി ആണ്‍കുട്ടികള്‍ ഉണ്ടെന്നും അവരുമായി സംസാരിച്ച ശേഷം മേല്‍വിലാസം നല്‍കാമെന്നും പറയും. പിന്നീട് തിരിച്ചുവിളിച്ചശേഷം ഒരു കവര്‍ പോസ്റ്റല്‍ വഴി അയക്കുമെന്നും അതില്‍ വരന്റെ/വധുവിന്റെ വിവരങ്ങളും ഫോണ്‍നമ്പറും അടങ്ങിയിട്ടുണ്ടെന്നും അറിയിക്കും. ആയിരം രൂപ പോസ്റ്റുമാന്‍ വശം നല്‍കി കവര്‍ കൈപ്പറ്റാമെന്നും അറിയിക്കും. ഇത് വിശ്വസിച്ച് പണം നല്‍കുന്നവര്‍ക്ക് കിട്ടുന്നത് നിരാശ മാത്രമായിരിക്കും. കവറില്‍ മൂന്നോ നാലോ പേരുടെ അഡ്രസ്സുകള്‍ മാത്രമാകും. അതില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ വിളിച്ചാല്‍ പലതും പ്രവര്‍ത്തനരഹിതമായിരിക്കും. വിവാഹം കഴിഞ്ഞ് രണ്ടും മൂന്നും കുട്ടികള്‍ ഉള്ളവരുടെയും അഡ്രസ്സുണ്ടാകും. ഏജന്‍സിയെ തിരിച്ചുവിളിച്ചാല്‍ അയച്ച കവര്‍ മാറിയതാണെന്നും വേറെ മേല്‍വിലാസം അയച്ചുതരാമെന്നും അറിയിക്കും. തുടര്‍ന്ന് ഇവരെ വിളിക്കാന്‍ ശ്രമിച്ചാല്‍ നമ്പര്‍ പ്രവര്‍ത്തനരഹിതമാണ് എന്ന അറിയിപ്പായിരിക്കും ലഭിക്കുക. അയച്ച കവറില്‍ സ്ഥാപനത്തിന്റെ പേരോ മറ്റു വിവരങ്ങളോ ഉണ്ടായിരിക്കില്ല. അടുത്ത തവണ ഇവര്‍ പരസ്യം നല്‍കുന്നത് മറ്റു മൊൈബല്‍ നമ്പറുകള്‍ ഉള്‍ക്കൊള്ളിച്ചായിരിക്കും. തട്ടിപ്പിനിരയാകുന്നവര്‍ മാനഹാനി ഭയന്നും മറ്റും പരാതികള്‍ നല്‍കാറില്ല. ഇത്തരം തട്ടിപ്പു സംഘങ്ങളുടെ കൃത്യമായ മേല്‍വിലാസം ലഭിക്കുന്നില്ല എന്നതും പരാതി നല്‍കാന്‍ സാധിക്കാത്തതിന് കാരണമാണ്. മാന്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന വിവാഹ ഏജന്‍സികള്‍ വെബ്‌സൈറ്റുകള്‍ രൂപീകരിച്ച് ഏജന്‍സിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ ഫോട്ടോയും മറ്റു വിവരങ്ങളും ഉള്‍പ്പെടുത്താറുണ്ട്. പിടിക്കപ്പെടാന്‍ എളുപ്പമായതിനാല്‍ തട്ടിപ്പുകാര്‍ അത്തരം രീതികള്‍ തുടരാറില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.