ജീവനക്കാര്‍ ആരെന്നുപോലും ഹൗസ് ബോട്ടുടമകള്‍ക്ക് അറിയില്ലെന്ന്

Thursday 11 June 2015 11:14 pm IST

ആലപ്പുഴ: പല ഹൗസ് ബോട്ടുകളിലും ജോലി ചെയ്യുന്നവര്‍ ആരെന്നുപോലും ഉടമസ്ഥര്‍ക്ക് അറിയാത്ത സാഹചര്യമുണ്ടെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. മഴക്കാല ടൂറിസവുമായി ബന്ധപ്പെട്ട് ഹൗസ് ബോട്ട് ഉടമകള്‍ക്കും തൊഴിലാളികള്‍ക്കുമായി ഡിടിപിസി സംഘടിപ്പിച്ച 'മുന്‍ കരുതലും സുരക്ഷാക്രമീകരണങ്ങളും' എന്ന വിഷയത്തിലുള്ള പഠനക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഹൗസ് ബോട്ട് വ്യവസായത്തെ അഭിവൃദ്ധിപ്പെടുത്താന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ മുന്‍കൈയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. രജിസ്‌ട്രേഷനും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുമില്ലാത്ത ഹൗസ് ബോട്ടുകളും വള്ളങ്ങളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ധ്യക്ഷത വഹിച്ച ജില്ലാ പൊലീസ് മേധാവി വി. സുരേഷ്‌കുമാര്‍ പറഞ്ഞു. ഇടനിലക്കാരുടെ ഇടപെടല്‍ ഹൗസ് ബോട്ട് വ്യവസായത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ ജലജന്യരോഗങ്ങളും കൊതുകുജന്യ രോഗങ്ങളും മഴക്കാലത്ത് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്ന് ക്ലാസെടുത്ത മെഡിക്കല്‍ കോളേജിലെ അസി. പ്രൊഫ. ഡോ. ബി. പത്മകുമാര്‍ പറഞ്ഞു. ഹൗസ് ബോട്ടിന്റെ രജിസ്‌ട്രേഷനും സുരക്ഷയും സംബന്ധിച്ച് പോര്‍ട്ട് ഓഫീസര്‍ കെ.ആര്‍. വിനോദ് ക്ലാസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.