ഡോണിയര്‍ വിമാനം കണ്ടെത്താന്‍ ഐഎന്‍എസ് സന്തായകും രംഗത്ത്, ഇന്ന് ഐഎന്‍എസ് സിന്ധുധ്വജും ചേരും

Friday 12 June 2015 4:59 pm IST

ചെന്നൈ: കാണാതായ കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനം കണ്ടെത്തുവാനുള്ള തിരച്ചിലിനായി ഐഎന്‍എസ് സന്തായകും രംഗത്ത്. വിമാനം കാണാതായി അഞ്ച് ദിവസം പിന്നിട്ടിട്ടും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. തിരച്ചില്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്നലെ ഐഎന്‍എസ് സന്തായകും തിരച്ചിലിനായി തമിഴ്‌നാട് തീരത്ത് എത്തിയത്. കാരക്കല്‍ തീരമേഖലയിലാണ് കപ്പല്‍ തിരച്ചില്‍ നടത്തുന്നത്. കടലിനിടയില്‍ തിരച്ചില്‍ നടത്തുവാനുള്ള സംവിധാനങ്ങള്‍ കപ്പലിലുണ്ട്. വിമാനത്തില്‍ നിന്നുള്ള ഏത് തരംഗങ്ങളും പിടിച്ചെടുക്കുവാന്‍ കഴിവുള്ള തരത്തിലുള്ള ഉപകരണങ്ങളും ഇതിലുണ്ട്. തിരച്ചില്‍ കുടുതല്‍ മേഖലയിലേക്ക് വ്യാപിപിക്കുന്നതിന്റെ ഭാഗമായി ഐഎന്‍എസ് സിന്ധുധ്വജ് ഇന്ന് രക്ഷാദൗത്യസംഘത്തില്‍ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ പറക്കലിനിടയില്‍ തിങ്കളാഴ്ച രാത്രിയാണ് വിമാനം കാണാതായത്. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ എവിടെയോ വിമാനം കാണാതായതായിട്ടാണ് നിഗമനം. വിമാനത്തില്‍ പരിചയ സമ്പന്നരായ മൂന്ന് ഉദ്യോഗസ്ഥന്‍മാര്‍ ഉണ്ടായിരുന്നു. തമിഴ്‌നാട് തീരത്ത് നിന്നും 36 കിലോമീറ്റര്‍ അകലെ വരെ വിമാനം റഡാറില്‍ ദൃശ്യമായിരുന്നു. നാഷണല്‍ റിമോട്ട് സെന്‍സിങ് ഏജന്‍സി ഈ മേഖലയിലെ ഉപഗ്രഹ ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഇതിലൂടെ വിമാനം എവിടെയാണെന്ന് കണ്ടെത്തുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.  ഹൈദരാബാദിലെ ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫോര്‍മേഷന്‍ സര്‍വ്വീസിനോട് 'സാര്‍' മോഡല്‍ പ്രോഗ്രാമിലൂടെ വിമാനം കാണാതായ മേഖല കണ്ടെത്തുവാനായി പ്രതിരോധമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കാണാതായ ഡോണിയര്‍ വിമാനം കണ്ടെത്തുവാനുള്ള ശ്രമങ്ങള്‍ ശ്രമങ്ങള്‍ പുരോഗതിയിലാണെന്നും ഉടനെ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷയെന്നും പ്രതിരോധമന്ത്രലയ വൃത്തങ്ങള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.