മഴ: ആദ്യഘട്ടം ദുര്‍ബലം

Friday 12 June 2015 10:01 pm IST

തൃശൂര്‍: കാലവര്‍ഷം തുടങ്ങി ദിവസങ്ങള്‍ പിന്നിട്ടെങ്കിലും സംസ്ഥാനത്ത് മണ്‍സൂണ്‍ സീസണിന്റെ ആദ്യഘട്ടത്തില്‍ ലഭിക്കേണ്ട മഴ ദുര്‍ബലം. പകുതി ശതമാനം മഴ പോലും ലഭിച്ചില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ പറയുന്നു. ജൂണ്‍ ഒന്നുമുതല്‍ 10 വരെയുള്ള മണ്‍സൂണ്‍ സീസണിന്റെ ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് 56 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 192 മില്ലിമീറ്റര്‍ മഴയായിരുന്നു  ഈ സീസണിന്റെ ആദ്യഘട്ടത്തില്‍  സംസ്ഥാനത്ത് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ 84.2 മില്ലി  മീറ്റര്‍ മഴയാണ് 10 ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് ലഭിച്ചത്. കോഴിക്കോട് ജില്ലയിലാണ് മഴ ഏറ്റവും കുറവ് ലഭിച്ചത്. എറണാകുളം, ഇടുക്കി ജില്ലകളില്‍  ആദ്യ ഘട്ടത്തില്‍ മഴ കൂടുതല്‍ ലഭിച്ചു. തൃശൂര്‍ ജില്ലയില്‍ 63 ശതമാനം മഴ കുറഞ്ഞതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതരുടെ വിലയിരുത്തല്‍. 215.2 മില്ലി മിറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിക്കേണ്ടത്. ഇപ്പോള്‍ ലഭിച്ചതാകാട്ടെ 79.9 മില്ലിമീറ്റര്‍ മഴയാണ്. അതേസമയം, അടുത്ത അഞ്ച് ദിവസങ്ങളില്‍ ശക്തമായ സംസ്ഥാനത്ത് ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അധികൃതര്‍ വിലയിരുത്തുന്നത്. പല ജില്ലകളിലും പരക്കെ മഴ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് ഇത്തവണ മഴ കുറയുമെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ടെങ്കിലും സംസ്ഥാനത്ത് ഇത്തവണ ശരാശരി മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 12 ശതമാനം മഴയാണ് സംസ്ഥാനത്ത് കൂടുതലായി ലഭിച്ചത്. ദിവസങ്ങള്‍ വൈകി ജൂണ്‍ അഞ്ചു മുതല്‍ മഴ ആരംഭിച്ചതും, കലവര്‍ഷത്തിന്റെ തുടക്കം ദുര്‍ബലമായി പോയതുമാണ് മഴകുറയാന്‍ കാരണമായതെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അധികൃതര്‍ പറയുന്നു. വേനല്‍ മഴ കാര്യമായി ലഭിച്ചതാണ് കുടിവെള്ള പ്രശ്‌നം രൂക്ഷമാകാതിക്കാന്‍ കാരണം. എന്നാല്‍ കാലവര്‍ഷം വളരെ ദുര്‍ബലമായാല്‍ വൈദ്യുതി ഉദ്പാദനം ഉള്‍പ്പടെ വന്‍ പ്രതിസന്ധിക്ക് ഇടയാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.