മത്സ്യ മാംസ അവശിഷ്ടങ്ങളുമായി എത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു

Friday 12 June 2015 10:12 pm IST

ഈരാറ്റുപേട്ട: ഗ്രാമപഞ്ചായത്തിന്റെ തേവരുപാറയിലുള്ള മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേയ്ക്ക് ചീഞ്ഞളിഞ്ഞ മത്സ്യ മാംസ അവശിഷ്ടങ്ങളുമായി എത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ രാവിലെ മാലിന്യ സംസ്‌കാരണ കേന്ദ്രത്തിനു സമീപമാണ് വാഹനം തടഞ്ഞത്. ചീഞ്ഞളിഞ്ഞ മാലിന്യങ്ങള്‍ ഇവിടെ നിക്ഷേപിക്കാനാകില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. പൊലീസെത്തി മാലിന്യങ്ങള്‍ കുഴിച്ചു മൂടാമെന്ന് സമ്മതിപ്പിച്ചിട്ടാണ് നാട്ടുകാര്‍ വാഹനം വിട്ടു നല്‍കിയത്. ഇതിന് മുന്‍പും പലപ്രാവശ്യം നാട്ടുകാര്‍ മാലിന്യ ലോറി തടഞ്ഞിട്ടുണ്ടെങ്കിലും കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ദിവസവും ഈരാറ്റുപേട്ട ടൗണില്‍ നിന്നും ശേഖകരിക്കുന്ന ലോഡ് കണക്കിന് മാലിന്യമാണ് ഇവിടെ കൊണ്ടുവന്ന് തള്ളുന്നത്. ടണ്‍ കണക്കിന് മാലിന്യ കുന്നുകൂടിക്കിടക്കുകയാണിവിടെ. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ വേനല്‍ക്കാലത്ത് ഇവിടയിട്ട് കത്തിക്കുകയല്ലാതെ യാതൊരു സംസ്‌കരണവും ഇപ്പോളിവിടെ നടത്തുന്നുമില്ല. മഴയെത്തുന്നതോടെ കത്തിക്കാനും സാധിക്കാത്ത സ്ഥിതിയാണുള്ളത്. ഇതിനെതിരെ നാട്ടുകാര്‍ പലപ്രാവശ്യം പരാതികളുമായി രംഗത്തെത്തിയെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ല.ഇതിനാല്‍ മഴക്കാലം തുടങ്ങിയതോടെ സംസ്‌കരണ കേന്ദ്രത്തിന് സമീപം താമസിക്കുന്ന നൂറു കണ്ക്കിന് കുടുംബങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിടേണ്ടി വരുന്നത്്. ആവശ്യത്തിന് സംരക്ഷണഭിത്തിപോലുമില്ലാത്ത സംസ്‌കരണ കേന്ദ്രത്തിലെ മാലിന്യങ്ങള്‍ മഴക്കാലമാകുമ്പോള്‍ ഒഴുകിയെത്തുന്നതും മീനച്ചിലാറ്റിലേയ്ക്കാണ്. പതിനായിരക്കണക്കിന് ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന മീനച്ചിലാര്‍ അതിന്റെ ഉത്ഭവസ്ഥാനത്തു നിന്നു തന്നെ മലിനമാക്കുകയാണിതിലൂടെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.