തപസ്യ സാംസ്‌കാരിക സമ്മേളനം ഇന്ന്

Saturday 13 June 2015 8:03 pm IST

കൊല്ലം: തപസ്യ കലാസാഹിത്യവേദി സാസ്‌കാരിക തീര്‍ത്ഥയാത്രയ്ക്ക് മുന്നോടിയായുള്ള സാംസ്‌കാരിക സമ്മേളനങ്ങള്‍ക്ക് ജില്ലയില്‍ ഇന്ന് തുടക്കമാകും. ഇന്ന് വൈകിട്ട് 4ന് പുതിയകാവ് ക്ഷേത്രാങ്കണ ത്തില്‍ നടക്കുന്ന സമ്മേളനം പ്രശസ്ത നര്‍ത്തകി ഡോ. ദ്രൗപദി പ്രവീണ്‍ ഉദ്ഘാടനം ചെയ്യും. എന്റെ ഭാഷ, എന്റെ ഭൂമി, എന്റെ സംസ്‌കാരം എന്ന വിഷയത്തെ മുന്‍നിര്‍ത്തി സൈദ്ധാന്തികനും ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖുമായ ആര്‍. ഹരി പ്രഭാഷണം നടത്തും. തപസ്യ സാംസ്‌കാരിക തീര്‍ത്ഥാടകസമിതി ചെയര്‍മാന്‍ എന്‍. ബാലമുരളി അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ പ്രമുഖ വ്യവസായി പ്രഭുകുമാര്‍ ആദ്യ തീര്‍ത്ഥാടന നിധി സമര്‍പ്പിക്കും. കവിയും വിദ്യാഭ്യാസ വിചക്ഷണനുമായ പത്മശ്രീ ജേതാവ് പുരുഷോത്തമ മല്ലയ്യയെ സമ്മേളനം ആദരിക്കും. തപസ്യ സംസ്ഥാന സെക്രട്ടറി ഡോ. ആര്‍. അശ്വതി, മേഖലാ സഹസംയോജകന്‍ കെ. നരേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് ഡോ. പട്ടത്താനം രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ ജനറല്‍ സെക്രട്ടറി ആര്‍. അജയകുമാര്‍ സ്വാഗതവും തീര്‍ത്ഥാടനസമിതി ജോയിന്റ് കണ്‍വീനര്‍ അനില്‍കുമാര്‍ ഉപ്പൂട് നന്ദിയും പറയും. കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ തപസ്യ വിഭാവനം ചെയ്തിട്ടുള്ള സാംസ്‌കാരിക തീര്‍ത്ഥയാത്രയെ വരവേല്‍ക്കാന്‍ കൊല്ലം ഒരുങ്ങുകയാണ്. എന്റെ ഭാഷ, എന്റെ ഭൂമി, എന്റെ സംസ്‌കാരം എന്ന മന്ത്രസദൃശമായ ആപ്തവാക്യവുമായി നവംബര്‍ 15ന് കന്യാകുമാരിയില്‍ ആരംഭിക്കുന്ന തീര്‍ത്ഥയാത്ര 18ന് കൊല്ലത്തെത്തും. യാത്രയുടെ പ്രചാരം മുന്‍നിര്‍ത്തി ജില്ലയിലെമ്പാടും സെമിനാറുകളും സാംസ്‌കാരിക സമ്മേളനങ്ങളും സാഹിത്യസംവാദങ്ങളും വിവിധ മത്സരങ്ങളും തീര്‍ത്ഥാടക സമിതിയുടെ പേരില്‍ സംഘടിപ്പിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ആര്‍. അജയകുമാര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.