എന്‍എസ്‌സിഎന്‍-കെയ്ക്ക് കോണ്‍ഗ്രസ് സാമ്പത്തിക സഹായം നല്‍കി

Saturday 13 June 2015 9:28 pm IST

ന്യൂദല്‍ഹി: മണിപ്പൂരില്‍ 18 സൈനികരെ വധിച്ച  ഭീകരസംഘടനയായ നാഗാ ഖാപ്‌ലാങ് വിഭാഗമായ എന്‍എസ്‌സിഎന്‍(കെ)യെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ജൂണ്‍ 10ന് ചേര്‍ന്ന കേന്ദ്ര കാബിനറ്റാണ് ഖാപ്‌ലാങ് വിഭാഗത്തെ നിരോധിച്ചത്. ഇന്നലെ ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഖാപ്‌ലാങ് ഉള്‍പ്പെടെയുള്ള ഭീകരര്‍ക്ക് അനുകൂല നടപടികള്‍ സ്വീകരിച്ചിരുന്നതായി വിവരമുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി തങ്ങള്‍ക്ക് ധനസഹായം നല്‍കാറുണ്ടെന്ന് ഖാപ്‌ലാങ് 2007ല്‍ പത്രപ്രസ്താവന നടത്തിയതിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റ്(എന്‍എസ്‌സിഎന്‍) പിളര്‍ന്നുണ്ടായ സംഘടനയായ ഖാപ്‌ലാങ് വിഭാഗത്തെ കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് നിരോധിച്ചിരുന്നതാണ്. 2001ല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന സൈനിക നടപടി സമയത്ത് നിരോധിത സംഘടനയായിരുന്നു എന്‍എസ്‌സിഎന്‍(കെ) എങ്കിലും പിന്നീട് വന്ന യുപിഎ സര്‍ക്കാര്‍ ഖാപ്‌ലാങ് വിഭാഗത്തിന്റെ നിരോധനം പിന്‍വലിച്ചു. 2007 ഫെബ്രുവരി 19ന് എന്‍എസ് സിഎന്‍-കെ പുറത്തിറക്കിയ പത്രപ്രസ്താവനയിലാണ് കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ തേടി പണം നല്‍കിയ വിവരം വ്യക്തമാക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും 5 ലക്ഷം രൂപ ലഭിച്ചതിന് നന്ദി പ്രകടിപ്പിക്കുന്ന പ്രസ്താവന, നിയമസഭാ തെരഞ്ഞെടുപ്പിലെ പിന്തുണയ്ക്ക് വേണ്ടിയാണെന്നും പറയുന്നു. ഖാപ് ലാങ് വിഭാഗത്തിന്റെ ധനകാര്യമന്ത്രാലയമാണ് അന്ന് പ്രസ്താവന പുറത്തിറക്കിയത്. മ്യാന്മര്‍, ഭൂട്ടാന്‍ സര്‍ക്കാരുകള്‍ തങ്ങളുടെ രാജ്യത്തെ ഭീകരസംഘടനകളെ അമര്‍ച്ച ചെയ്യുന്നതിനായി നടത്തിയ സംയുക്ത ഓപ്പറേഷനിടെ ഭീകരര്‍ ഭാരതത്തിലേക്ക് കയറാന്‍ സാധ്യതയുണ്ടെന്നും ഭാരതത്തിന്റെ സഹകരണം ഉണ്ടെങ്കില്‍ രണ്ടുവശത്തുനിന്നും ഭീകരരെ തടയാനാവുമെന്നും കഴിഞ്ഞ യുപിഎ ഭരണകാലത്ത് കേന്ദ്രസര്‍ക്കാരിന് സന്ദേശം എത്തിയിരുന്നു. എന്നാല്‍ ഭാരതം ആവശ്യമായ നടപടി സ്വീകരിക്കാതിരുന്നതോടെയാണ് മ്യാന്മറും ഭൂട്ടാനും സ്വന്തം പ്രദേശത്ത് ഭീകരത ഒഴിവാക്കിയിട്ടും ഭീകരര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കടന്ന് രക്ഷ നേടിയത്. വിഘടനവാദ ഗ്രൂപ്പുകളുടെ സഹായത്തോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭരണം നേടിയെടുക്കുന്നതിന് കോണ്‍ഗ്രസ് ശ്രമിച്ചെന്ന ആക്ഷേപത്തിന് ശക്തിപകരുന്നതാണ് ഖാപ്‌ലാങ് വിഭാഗത്തിന് സാമ്പത്തിക സഹായം നല്‍കിയെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍. നാഗാ ഖാപ്‌ലാങ് വിഭാഗത്തിന് പിന്നില്‍ ഉള്‍ഫ മേധാവി പരേഷ് ബറുവ ആണെന്ന നിഗമനത്തിലാണ് രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍. ഖാപ്‌ലാങ് വിഭാഗത്തിന്റെ തലവനായ എസ്എസ് ഖാപ്‌ലാങ് മ്യാന്മറിലെ യങ്കൂണില്‍ ചികിത്സയിലാണെന്നും ഉള്‍ഫ മേധാവി പരേഷാണ് ഖാപ്‌ലാങിനെ നിയന്ത്രിക്കുന്നതെന്നുമാണ് ഏജന്‍സികള്‍ പറയുന്നത്. നിലവില്‍ ചൈനയിലെ യുന്നന്‍ പ്രവിശ്യയില്‍ കഴിയുന്നെന്ന് കരുതപ്പെടുന്ന പരേഷിനാവശ്യമായ ധനസഹായം ചൈനീസ് എന്‍ജിഒകള്‍ വഴിയാണ് ലഭിക്കുന്നത്. ഉള്‍ഫയ്ക്കാവശ്യമായ ആയുധങ്ങളും ചൈനീസ് എന്‍ജിഒകള്‍ വഴിയാണ് ലഭിക്കുന്നത്. മ്യാന്മര്‍ സൈന്യത്തിലെ ഒരുവിഭാഗത്തിന് നാഗാ ഭീകരരുമായും ചൈനീസ് എന്‍ജിഒകളുമായും ബന്ധമുണ്ടെന്നും ഭാരതം കരുതുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.