കരിപ്പൂര്‍ വികസനം അട്ടിമറിച്ചത് ലീഗ്

Saturday 13 June 2015 10:26 pm IST

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് തടസ്സം നില്‍ക്കുന്നത് മുസ്ലീം ലീഗ് നേതൃത്വം. മലബാറിലെ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനായി വാജ്‌പേയി സര്‍ക്കാരും മന്‍മോഹന്‍ സിംഗ് സര്‍ക്കാരും നിര്‍ദ്ദേശിച്ച പദ്ധതികള്‍ ലീഗ് നേതൃത്വം അട്ടിമറിച്ചു. റണ്‍വേ വികസനത്തിനും ടെര്‍മിനല്‍ വികസനത്തിനുമായി സ്ഥലമേറ്റെടുക്കാനുള്ള നീക്കത്തെപ്പോലും മുസ്ലീം ലീഗ് നേതൃത്വം പ്രാദേശികമായി എതിര്‍പ്പുയര്‍ത്തി അട്ടിമറിക്കുകയായിരുന്നു. കരിപ്പൂരിന്റെ വികസനത്തിന് അനുകൂലമായ നിലപാടായിരുന്നു എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടേതും.  സമര്‍പ്പിക്കപ്പെട്ട പദ്ധതികള്‍ക്കെല്ലാം അതോറിറ്റി അംഗീകാരം നല്‍കിയെങ്കിലും വികസന പദ്ധതികളില്‍ ഒന്നു പോലും പ്രാവര്‍ത്തികമായിട്ടില്ല. പൂര്‍ണ്ണമായും അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പദവിയിലേക്ക് കരിപ്പൂര്‍ ഉയരുന്നതോടെ ഇവിടെ സുരക്ഷാ സംവിധാനങ്ങളും കുറ്റമറ്റതാകും. ഇത് ചിലര്‍ ഇഷ്ടപ്പെടുന്നില്ല. രാജ്യത്ത് ഏറ്റവുമധികം കള്ളക്കടത്തും മനുഷ്യക്കടത്തും നടക്കുന്ന വിമാനത്താവളങ്ങളിലൊന്നാണ് ഇപ്പോള്‍ കരിപ്പൂര്‍. സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുന്നതോടെ ഇത്തരം ഇടപാടുകള്‍ തടസ്സപ്പെടും. കരിപ്പൂര്‍ കേന്ദ്രീകരിച്ച് നടന്ന വന്‍ മനുഷ്യക്കടത്തില്‍ മുസ്ലീം ലീഗിലെ ചിലര്‍ക്ക് ബന്ധമുള്ളതായി നേരത്തെ വ്യക്തമായിരുന്നു. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസില്‍ ഇതിനായിനടന്ന ക്രമക്കേടുകളും തെളിയുകയുണ്ടായി. കുറ്റാരോപിതനായ പാസ്‌പോര്‍ട്ട് ഓഫീസര്‍ ലീഗിലെ പ്രമുഖ മന്ത്രിയുടെ അടുത്ത ആളായിരുന്നു. വര്‍ഷങ്ങളായി വികസനപ്രവര്‍ത്തനങ്ങള്‍ മുരടിച്ച് നില്‍ക്കുന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഇപ്പോള്‍ കള്ളക്കടത്തുകാരുടെ  പ്രധാന താവളമാണ്. വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം 300 മീറ്റര്‍ കൂട്ടുക, പുതിയ ടെര്‍മിനല്‍ കെട്ടിടം നിര്‍മ്മിക്കുക എന്നീ കാര്യങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയത്. ഇതോടെ ഇവിടെ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകളും ആരംഭിക്കാന്‍ കഴിയുമായിരുന്നു. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത്് നിര്‍ദ്ദേശിച്ച പദ്ധതികള്‍ അട്ടിമറിക്കപ്പെട്ടു. ഈ പദ്ധതികള്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത്് വീണ്ടും പരിഗണിച്ചിരുന്നു. ഇതിനായി സിവില്‍ ഏവിയേഷന്‍ സഹമന്ത്രിയായിരുന്ന കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ കരിപ്പൂരില്‍ യോഗവും നടന്നു. റണ്‍വേ നിര്‍മ്മാണത്തിനായി എയര്‍ പോര്‍ട്ട് അതോറിറ്റി 200 കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാല്‍ കേന്ദ്ര മന്ത്രിയായിരുന്ന ഇ. അഹമ്മദും കൂട്ടരും ഇതിനോട് വേണ്ടത്ര താത്പര്യം കാണിച്ചില്ല. ഇപ്പോള്‍ റണ്‍വേയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്. 54 വിള്ളലുകളാണ് റണ്‍വേയില്‍ അടുത്തകാലത്ത് കണ്ടെത്തിയത്. ഇത് യാത്രക്കാരുടെ ജിവന് തന്നെ ഭീഷണിയാകുമെന്ന  ഘട്ടം വന്നതോടെയാണ് റണ്‍വേ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത്. പേരില്‍ അന്താരാഷ്ട്ര വിമാനത്താവളം ആണെങ്കിലും കരിപ്പൂരില്‍ 300 യാത്രക്കാരിലധികമുള്ള വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനാകില്ല. എന്നാല്‍ ഇതിനിടയിലും എമിഗ്രേഷന്‍ കൗണ്ടറുകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. നിലവില്‍ 20 എമിഗ്രേഷന്‍ കൗണ്ടറുകളാണ് ഇവിടെയുള്ളത്. രാജ്യത്തെ മറ്റുവിമാനത്താവളങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെയധികമാണ്. ഇതിനര്‍ത്ഥം ഇവിടെ യാത്രക്കാരുടെ തിരക്കുണ്ടെന്നാണ്. കരിപ്പൂരിനെ തങ്ങളുടെ പോക്കറ്റിലൊതുങ്ങുന്ന ഒരു സ്വകാര്യ വിമാനത്താവളമായി കൊണ്ടു നടക്കാനാണ് ലീഗ് നേതൃത്വം ആഗ്രഹിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിന് കാരണവും ഇതു തന്നെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.