നെടുമ്പാശ്ശേരിയില്‍ ഹജ്ജ് ഹൗസിന് മുസ്ലീം ലീഗ് സമ്മര്‍ദ്ദം

Saturday 13 June 2015 10:30 pm IST

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള (സിയാല്‍) ത്തിന്റെ ഭാഗമായി ഹജ്ജ് ഹൗസ് നിര്‍മ്മിക്കാന്‍ മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദം. കരിപ്പൂരില്‍ നടക്കുന്ന ഹജ്ജ് ക്യാമ്പ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റുന്നതിന് വേണ്ടിയാണിതെന്നാണ് ആരോപണം. കരിപ്പൂരില്‍ റണ്‍വേ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇത്തവണത്തെ ഹജ്ജ് ക്യാമ്പ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ച് ഹജ്ജ് ക്യാമ്പ് സ്ഥിരമായി നെടുമ്പാശ്ശേരിയിലെത്തിക്കുന്നതിനാണ് ലീഗിന്റെ ശ്രമം. ചില വ്യവസായ പ്രമുഖര്‍ക്ക് വേണ്ടിയാണ് മുസ്ലീം സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ച് ലീഗ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന സിയാലിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യവും ചര്‍ച്ചയ്ക്ക് വന്നിരുന്നു. അംഗങ്ങള്‍ എല്ലാവരും ഹജ്ജ് ഹൗസ് നിര്‍മ്മാണത്തിന് അനുകൂലമായാണ് സംസാരിച്ചത്. നിര്‍മ്മാണവുമായി മുന്നോട്ട് പോകാന്‍ ഏകദേശ തീരുമാനവുമായി. ഹജ്ജ് ക്യാമ്പുമായി ഇതിന് ബന്ധമില്ലെന്നും ഉംറ തീര്‍ത്ഥാടകര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഹജ്ജ് ഹൗസ് നിര്‍മ്മിക്കാനുള്ള ആലോചനയെന്നുമാണ് സിയാല്‍ അധികൃതര്‍ വിശദീകരിക്കുന്നത്. എന്നാല്‍ മധ്യ കേരളത്തിലെ തീര്‍ത്ഥാടകര്‍ക്ക് നിലവില്‍ കരിപ്പൂരില്‍ എല്ലാവിധ സൗകര്യങ്ങളുമുള്ള ഹജ്ജ് ഹൗസ് ഉണ്ടെന്നിരിക്കെ നെടുമ്പാശ്ശേരിയില്‍ പുതിയത് നിര്‍മ്മിക്കുന്നതിലെ താത്പര്യമാണ് സംശയത്തിനിടയാക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയാണെങ്കില്‍ തിരുവനന്തപുരത്താണ് ഇനി സൗകര്യമൊരുക്കേണ്ടത്. നെടുമ്പാശ്ശേരിയില്‍ സ്ഥിരം ഹജ്ജ് ഹൗസ് നിര്‍മ്മിക്കുമെന്ന് നേരത്തെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെ വിവിധ മുസ്ലീം സംഘടനകളും രംഗത്തെത്തുകയുണ്ടായി. സിയാലില്‍ ഓഹരിയുള്ള ലീഗിലെ വ്യവസായ പ്രമുഖര്‍ക്ക് വേണ്ടിയാണ് ഇപ്പോഴത്തെ നീക്കം. ലീഗിന്റെ പാര്‍ലമെന്റംഗവും ഗള്‍ഫ് വ്യവസായിയുമാണ് ഇതിന് ഏറെ സമ്മര്‍ദ്ദം ചെലുത്തുന്നത്. പ്തംബര്‍ രണ്ട് മുതലാണ് ഹജ്ജ് തീര്‍ത്ഥാടനം. ആറായിരത്തിലധികം തീര്‍ത്ഥാടകരാണ് ഇത്തവണയുള്ളത്. താത്കാലിക സൗകര്യമൊരുക്കുന്നതിനായി 25 ലക്ഷം രൂപ ചെലവഴിക്കുന്നതിനും സിയാല്‍ തീരുമാനിച്ചിട്ടുണ്ട്. രത്തെ നെടുമ്പാശ്ശേരിയിലാണ് ഹജ്ജ് ക്യാമ്പ് നടന്നിരുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് തീര്‍ത്ഥാടകരില്‍ ഭൂരിഭാഗമെന്നത് പരിഗണിച്ചാണ് കരിപ്പൂരേക്ക് മാറ്റിയത്. വ്യവസായ താത്പര്യങ്ങളുടെ പുറത്ത് ഇത് വീണ്ടും നെടുമ്പാശ്ശേരിയിലെത്തിക്കാനാണ് നീക്കം. നെടുമ്പാശ്ശേരിയില്‍ ഹജ്ജ് ഹൗസ് നിര്‍മ്മിക്കാനുള്ള നീക്കം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രാധാന്യം കുറയ്ക്കാനുള്ള ഗൂഢാലോചനയാണെന്ന് പി.ടി.എ. റഹീം എംഎല്‍എ പ്രതികരിച്ചു. സിയാലില്‍ മുസ്ലീംലീഗ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോടികളുടെ ഓഹരിയുണ്ട്. വര്‍ഷത്തില്‍ മുപ്പത് ദിവസം മാത്രം പ്രവര്‍ത്തിക്കുന്ന കരിപ്പൂരിലെ ഹജ്ജ് ഹൗസിന് എട്ട് കോടി രൂപ ചിലവില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നുണ്ട്. നെടുമ്പാശ്ശേരിയിലേത് ലീഗിന്റെ സാമ്പത്തിക താത്പര്യങ്ങളാണെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.