മെഡിക്കല്‍ കോളേജ്: കൂടുതല്‍ വികസന പദ്ധതികള്‍ നടപ്പാക്കും- മുഖ്യമന്ത്രി

Sunday 14 June 2015 10:08 pm IST

കോട്ടയം: മെഡിക്കല്‍ കോളേജില്‍ ഹൃദയ ചികിത്സയ്ക്ക് പുതിയ കാത്ത് ലാബും സി.റ്റി. സ്‌കാന്‍, എംആര്‍ഐ സെന്ററുകളും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ പുതുതായി ആരംഭിച്ച ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന്റെയും മറ്റ് 10 പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ തന്നെ മികച്ച ഡിപ്പാര്‍ട്ടുമെന്റുകളാണ് ഇവിടുത്തെ നെഫ്രോളജി-കാര്‍ഡിയോ-തോറാസിക് വിഭാഗങ്ങള്‍. ഒരു വര്‍ഷം 1,000 ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറികളും ഏറ്റവും കൂടുതല്‍ ആഞ്ചിയോപ്ലാസ്റ്റിയും ഇവിടെ നടക്കുന്നു. 30 മെഷീനുകളോടെയാണ് പുതിയ ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നത്. കൂടുതല്‍ സൗജന്യ ചികിത്സയ്ക്ക് മെഡിക്കല്‍ കോളേജുകളിലൂടെ അവസരമൊരുക്കും. എല്ലാ ജില്ലകളിലും ഓരോ മെഡിക്കല്‍ കോളേജ് എന്ന നയത്തിന്റെ ഭാഗമായി 11 പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിച്ചു. സാമ്പത്തികമായി ഇതുണ്ടാകുന്ന ബാധ്യത സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. കോട്ടയം മെഡിക്കല്‍ കോളേജിലെ ഓരോ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും നേതൃത്വം കൊടുക്കുന്ന മേധവികളുടെ അര്‍പ്പണബോധവും പ്രവര്‍ത്തന മികവും പ്രശംസനീയമാണ്. ഇവിടുത്തെ പിജി വിദ്യാര്‍ത്ഥികളുടെ സ്റ്റൈപ്പന്റ് പ്രശ്‌നത്തിനും ഹൗസ് സര്‍ജന്‍മാരുടെ പ്രശ്‌നങ്ങള്‍ക്കും വേഗത്തില്‍ പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഡയാലിസില് സെന്ററിന്റെയും ജിഎന്‍എം നഴ്‌സിങ് സ്‌കൂളിന്റെയും ഉദ്ഘാടനവും നഴ്‌സിങ് കോളേജ് ഓഡിറ്റോറിയം, ലൈബ്രറി കോംപ്ലക്‌സ്, ഫാര്‍മസി കോളേജ് കെട്ടിടം എന്നിവയുടെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു. സംസ്ഥാനത്തെ ആദ്യത്തെ മെഡിക്കല്‍ കോളേജുകളിലൊന്നായ കോട്ടയം മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് പ്രധാന മന്ത്രിയുടെ വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പദ്ധതികളാവിഷ്‌കരിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. 120 കോടി രൂപയുടെ കേന്ദ്രവിഹിതവും 30 കോടി രുപയുടെ സംസ്ഥാന വിഹിതവും ഉള്‍പ്പെട്ടതാണ് പദ്ധതി. സംസ്ഥാനത്ത് ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ ഓരോ മെഡിക്കല്‍ കോളേജിലും മിനി റീജിയണല്‍ ക്യാന്‍സര്‍ സെന്ററുകള്‍ സ്ഥാപിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ വന്ധ്യതാ ചികിത്സാ കേന്ദ്രമാണ് ഇവിടെ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആദ്യത്തേത് തിരുവനന്തപുരത്താണ്. സര്‍ക്കാര്‍ ഈ ബജറ്റില്‍ 660 കോടി രൂപ ആരോഗ്യവകുപ്പിന് മാറ്റി വച്ചിട്ടുണ്ട്. ഗര്‍ഭാവസ്ഥ മുതല്‍ വാര്‍ദ്ധക്യകാലം വരെയുള്ള രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമായി കേരളം മാറി. 30 ലക്ഷം കുട്ടികള്‍ക്ക് എപിഎല്‍ ബിപിഎല്‍ വ്യത്യാസമില്ലാതെ സൗജന്യ ചികിത്സയും 35 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യ ക്യാന്‍സര്‍ ചികിത്സയും ലഭ്യമാക്കാന്‍ കഴിഞ്ഞു. വന്ധ്യതാ കേന്ദ്രത്തിന്റെയും കോക്ലിയാര്‍ ഇംപ്ലാന്റ് യൂണിറ്റിന്റെയും ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച ജെറിയാട്രിക് കെയര്‍-ടെലി-ഓഫ്താല്‍മോളജി യൂണിറ്റുകളുടെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. മധ്യകേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയായ കോട്ടയം മെഡിക്കല്‍ കോളേജില്‍ 33 കോടി രൂപയുടെ വികസന പദ്ധതികളാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളേജ് അഭിമുഖീകരിച്ചിരുന്ന ശുദ്ധജല പ്രശ്‌നത്തിനും ഇപ്പോള്‍ പരിഹാരമായി. ഫാര്‍മസി വിദ്യാര്‍ത്ഥികളുടെ പ്രശനങ്ങല്‍ക്കും വേഗത്തില്‍ പരിഹാരം കാണും. രോഗികള്‍ക്ക് ഭക്ഷണം എത്തിക്കാനും മറ്റും സന്നദ്ധ സംഘടനകളും ഇവിടെ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നത് നാട്ടുകരുടെ കൂട്ടായ്മ കൂടിയാണ്. -അദ്ദേഹം പറഞ്ഞു. നവീകരിച്ച സര്‍ജിക്കല്‍ ഐസിയുവിന്റെ ഉദ്ഘാടനം മന്ത്രി കെ.സി. ജോസഫ് നിര്‍വഹിച്ചു. ഡ്രഗ് അനാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ജോസ്.കെ.മാണി എം.പിയും നവീകരിച്ച മൂന്നാം വാര്‍ഡിന്റെ ഉദ്ഘാടനം അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എയും നിര്‍വഹിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എ.റംലാ ബീവി ആമുഖപ്രഭാഷണം നടത്തി. പി.ഡബ്ല്യു.ഡി (കെട്ടിട വിഭാഗം) ചീഫ് എഞ്ചിനീയര്‍ എം. പെണ്ണമ്മ നിര്‍മ്മാണ പ്രവര്‍ത്തന റിപ്പോര്‍ട്ടവതരിപ്പിച്ചു. കളക്ടര്‍ യു.വി.ജോസ് സ്വാഗതവും സൂപ്രണ്ട് ഡോ. റ്റിജി. തോമസ് ജേക്കബ്ബ് നന്ദിയും പറഞ്ഞു. മോന്‍സ് ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ആര്‍.ജി. വാര്യര്‍, തോമസ് ചാഴികാടന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.