അവതാരങ്ങള്‍

Sunday 14 June 2015 10:44 pm IST

പുത്രകാമേഷ്ടി കഴിഞ്ഞ് ആറു ഋതുക്കള്‍ കടന്നുപോയി. ഭഗവാന്റെ അവതാരത്തിനായി പ്രകൃതിദേവി  ഒരുക്കങ്ങള്‍ ആരംഭിച്ചു. ചൈത്രമാസം പിറന്നു. ശുക്ലപക്ഷത്തില്‍ നവമി തിഥിയും അദിതിയാകുന്ന ദേവതയോടുകൂടിയ പുണര്‍തം നക്ഷത്രവും ഒത്തുചേര്‍ന്നു. (നമുക്കു മേടമാസം) അഞ്ചു ഗ്രഹങ്ങള്‍ അവരുടെ ഉച്ചസ്ഥാനത്തിലെത്തി. ആദിത്യന്‍ മേടരാശിയില്‍ വ്യാഴവും ചന്ദ്രനും കര്‍ക്കിടരാശിയില്‍ ശനി, തുലാം രാശിയില്‍ ശുക്രന്‍ മീനരാശിയിലും എത്തിച്ചേര്‍ന്നു. ലഘ്‌നം കര്‍ക്കിടകം ഇത്തരമൊരു പുണ്യമുഹൂര്‍ത്തത്തില്‍ വിഷ്ണുഭഗവാന്‍ കൗസല്യാ ഗര്‍ഭത്തില്‍ നിന്നും ഭൂമിയില്‍ അവതരിച്ചു. ദേവന്മാര്‍ ആനന്ദനൃത്തമാടി. ജാതകവിധിപ്രകാരം വ്യാഴവും ചന്ദ്രനും ഒന്നിച്ചുചേര്‍ന്നതിനാല്‍ കേസരിയോഗം. സൂര്യന്‍ പത്താമിടത്തില്‍ വന്നതിനാല്‍ കര്‍മ്മശക്തി. നാലാമിടത്തില്‍ കണ്ടകശ്ശനിയാണ്. അതിന്റെ ഫലം വനവാസം. മേടം രാശിയില്‍ ചൊവ്വ വന്നതിനാല്‍ ഭാര്യദുഃഖവും ഫലം. ഈശ്വരാവതാരം ഭൂമിയില്‍ വന്ന് മനുഷ്യജന്മമെടുത്താല്‍ സുഖദുഃഖങ്ങള്‍ അനുഭവിച്ചുതന്നെ തീരണം എന്നു സാരം.അടുത്തദിനത്തില്‍ പൂയം നക്ഷത്രത്തില്‍ മീനലഗ്നത്തില്‍ കൈകേയി എല്ലാഗുണങ്ങളും തികഞ്ഞവനും മഹാവിഷ്ണുവിന്റെ നാലിലൊരംശം (ശംഖ്) സത്യസന്ധനുമായ ഒരു പുത്രനും ജന്മം നല്‍കി. ആയില്യം നക്ഷത്രത്തില്‍ കര്‍ക്കിടക ലഗ്നത്തില്‍ സുമിത്ര മഹാവിഷ്ണുവിന്റെ അംശത്തോടുകൂടിയ രണ്ടു പുത്രന്മാര്‍ക്കു ജന്മമേകി. (ഒരാള്‍ അനന്തന്‍, മറ്റേത് ചക്രം) അങ്ങനെ ഒരു പൂര്‍ണ്ണാവതാരം! കൗസല്യയ്ക്ക് ഭഗവദ് ദര്‍ശനം ജന്മഹിതനും പത്മേക്ഷണനും ഭുവനേശ്വരനുമായ സാക്ഷാല്‍ ജഗദീശ്വരന്‍ മഹാവിഷ്ണുവിന്റെ ചിഹ്നങ്ങളോടുകൂടി അവതരിച്ചപ്പോള്‍ ആയിരം സൂര്യന്മാര്‍ ഒന്നിച്ചുയരുന്നതുപോലെയാണ് കൗസല്യയ്ക്കു തോന്നിയത്. മനോഹരമായ നിര്‍മ്മലാകുടവും സുന്ദരമായ അളകങ്ങളുടെ ശോഭയും കാരുണ്യാമൃതം വഴിഞ്ഞൊഴുകുന്ന നേത്രങ്ങളും ചുവപ്പുനിറമുള്ള വസ്ത്രംകൊണ്ട് ശോഭിക്കുന്ന അരക്കെട്ടും ശംഖിനു തുല്യമായ കഴുത്തില്‍ തിളങ്ങുന്ന കൗസ്തുഭവും ഭക്തവാത്സല്യത്തിനു തെളിവായി മാറില്‍ ശോഭിക്കുന്ന ശ്രീവത്സവും കുണ്ഡലങ്ങള്‍, മുത്തുമാല, അരഞ്ഞാണ്‍, കാല്‍ചിലമ്പ് തുടങ്ങിയ ആഭരണങ്ങളും ചന്ദ്രബിംബത്തിനു തുല്യമായ മുഖാംബുജവും എല്ലാം കൗസല്യ വ്യക്തമായി ദര്‍ശിച്ചു. ഭാഗ്യം. മഹാഭാഗ്യം! ആയിരക്കണക്കിന് സൂര്യന്മാര്‍ ഒന്നിച്ചുദിച്ചതുപോലെ കൗസല്യക്കു തോന്നി. ഇത് മോക്ഷദനായ സാക്ഷാല്‍ നാരായണന്‍ തന്നെയെന്നു ബോദ്ധ്യമായപ്പോള്‍ ഭഗവാനെ സ്തുതിക്കാന്‍ തുടങ്ങി. കൗസല്യാസ്തുതി ഹേ ഭഗവന്‍, ദേവദേവ, ശംഖ ചക്ര ധരാ, വാസുദേവാ സമസ്‌തേ, ഹേ മധുസൂദനാ, ഹരേ നാരായണാ, നരകാരിയും നമസ്‌തേശ്വരനും ഗൗരിയും ജഗല്‍പതിയുമായവനേ, അങ്ങേയ്ക്കു നമസ്‌കാരം. അങ്ങ് മായാദേവിയെക്കൊണ്ട് ഈ വീര്യത്തെ സൃഷ്ടിച്ച് രക്ഷിച്ച് സംഹരിക്കുന്നു. അങ്ങ് സത്യ-രജോ-തമോ ഗുണാദികളെ ആശ്രയിച്ച് ഇങ്ങനെ ചെയ്യുന്നതെന്തിനാണെന്ന് ഉത്തമന്മാര്‍ക്കുപോലും അറിയാന്‍ കഴിയുന്നില്ല. പരമശ്രേഷ്ഠനായ അങ്ങ് പരത്തെ അതിക്രമിച്ചവനാണ്. പരബ്രഹ്മവും പരമാത്മാവും ആദിപുരുഷനും പരിപൂര്‍ണനുമാണങ്ങ്. അങ്ങയുടെ ഗുണഗണങ്ങള്‍ക്ക് അന്തമില്ല. നാശരഹിതന്‍, അനന്തന്‍, അവ്യക്തന്‍, വ്യയമില്ലാത്തവന്‍, ഏകന്‍, നിശ്ചലന്‍, ഉപമയില്ലാത്തവന്‍, മോക്ഷദന്‍, നിത്യന്‍, നിര്‍മ്മലന്‍, ദുഃഖങ്ങളും വികാരങ്ങളുമില്ലാത്തവന്‍, അഹങ്കാരസ്പര്‍ശമില്ലാത്തവന്‍ എന്നൊക്കെ അങ്ങയെ വിശേഷിപ്പിക്കാം. അവിടന്ന് കളങ്കരഹിതവും നീതിമാനും നിര്‍ഗുണനും വേദാന്തവാക്യര്‍ത്ഥം കൊണ്ടുമാത്രം അറിയപ്പെടേണ്ടവനുമാണ്. ദേവന്മാരാല്‍ സേവിക്കപ്പെടുന്നവനും നിഷ്‌കാമനും യോഗിമാരുടെ ഹൃദയവാസിയും, അദ്യയനും ജനിക്കാത്തവനും അമൃതാനന്ദനും നാരായണനുമായ ഹേ ഭഗവന്‍ വിദ്യാന്മാരുടെ മനസ്സാകുന്ന താമരപ്പൂവിന് വണ്ടായിട്ടുള്ളവനുമാണ്. മധുവൈരിയും സത്യജ്ഞാനമാകുന്ന ആത്മാവും അങ്ങുതന്നെ. സമസ്‌തേശ്വരനും ശാശ്വതനും സര്‍വ്വ പ്രാണികള്‍ക്കും ജീവനും സനകാദിസേവ്യനും യഥാര്‍ത്ഥ തത്ത്വജ്ഞാനമാകുന്ന ബോധസ്വരൂപത്താല്‍ സകല ജഗത്തിലും നിറഞ്ഞിരിക്കുന്നവനുമായ അങ്ങ് ഉണ്ടെന്ന് പറയാന്‍ മാത്രമേ കഴിയൂ. അവിടത്തെ ഉദരത്തില്‍ അനന്തരമായ ബ്രഹ്മാണ്ഡങ്ങള്‍ ശയിക്കുന്നു. അങ്ങനെയുള്ള അവിടന്ന് ഈയുള്ളവളുടെ ഉദരത്തില്‍ വന്നു പിറക്കാന്‍ കാരണമെന്ത്? ഭക്തന്മാര്‍ക്ക് വിഷയസുഖം ദുഃഖമാണെന്ന് എനിക്കറിയാം. ഭര്‍ത്താവ്, പുത്രന്‍, അര്‍ത്ഥം, കുലം എന്നിങ്ങനെ സംസാരസാഗരത്തില്‍ മുങ്ങി നിന്നുടെ മായയില്‍പെട്ട് ഞാനുഴലുന്നു. ഭ്രമിക്കുന്നു,  എന്നാലിപ്പോള്‍ എനിക്ക് അങ്ങയുടെ പാദാംബുജം ദര്‍ശിക്കുവാനുള്ള ഭാഗ്യമുണ്ടായി. എന്നെന്നും അങ്ങയെ എന്റെ മനക്കാമ്പില്‍ കാണാന്‍ കഴിയണം. എന്റെ പാപങ്ങളൊക്കെ നശിക്കാന്‍ കരുണയുണ്ടാകണം. നിന്റെ മായ എന്നെ ഒരിക്കലും വലയ്ക്കാനിടയാക്കരുത്. എനിക്ക് തൃപ്തിയായി. ഈ ദിവ്യരൂപം മറ്റുള്ളവരില്‍ കാണുന്നതിനുമുമ്പ് ദയവായി മായാരൂപമായ മനുഷ്യസ്വരൂപമെടുക്കണം. മാതാവായി അവിടത്തെ ഓമനിച്ച് സേവിച്ച് ഈ മായാസാഗരം കടക്കാന്‍ എനിക്കു സാധിക്കണം. അതിനായി എന്നെ അനുഗ്രഹിക്കണം. .... തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.