നാലു വര്‍ഷത്തിനിടെ വിമാനത്താവളങ്ങളില്‍ 30 സുരക്ഷാവീഴ്ച

Sunday 14 June 2015 11:58 pm IST

കൊച്ചി: രാജ്യത്തെ വിമാനത്താവളങ്ങളില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ 30 സുരക്ഷാ വീഴ്ചകള്‍ ഉണ്ടായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 2011 ജൂണ്‍ 8നും ജൂലൈ 25നുമായി രണ്ട് സുരക്ഷാവീഴ്ചകളുണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ കരിപ്പൂരില്‍ ഇക്കാലയളവില്‍ സുരക്ഷാവീഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ഫെബ്രുവരി 25ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഹരിബായി പ്രതിഭായി ചൗധരി രാജ്യസഭയെ അറിയിച്ചതാണിത്. ഏറ്റവുംകൂടുതല്‍ സുരക്ഷാ വീഴ്ചകള്‍ സംഭവിച്ചത് മുംബൈ വിമാനത്താവളത്തിലാണ്. ഇവിടെ ഏഴ് സംഭവങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. മധുര വിമാനത്താവളത്തില്‍ മൂന്നും ചെന്നൈ, ദല്‍ഹി (ടി 3 ടെര്‍മിനല്‍), ദല്‍ഹി, ഗോവ, കാംഗ്ര, കൊല്‍ക്കത്ത, നാഗ്പൂര്‍ വിമാനത്താവളങ്ങളില്‍ രണ്ടും ഭുവനേശ്വര്‍, കോയമ്പത്തൂര്‍, ഗുവാഹത്തി, ഉദയ്പൂര്‍ വിമാനത്താവളങ്ങളില്‍ ഒന്നുവീതവും സുരക്ഷാവീഴ്ചയുണ്ടായി. ഏറ്റവും കൂടുതല്‍ വീഴ്ചകളുണ്ടായ 2011ല്‍ 16 സുരക്ഷാ പിഴവുകള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടു. 2012ല്‍ പത്തും 2013ല്‍ ഒന്നും 2014ല്‍ രണ്ടും 2015ല്‍ ഒന്നും സുരക്ഷാവീഴ്ചകളുണ്ടായി. വേ്യാമയാനമന്ത്രാലയത്തിന് കീഴിലുള്ള സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി വിഭാഗമാണ് വിമാനത്താവളങ്ങളുടെ സുരക്ഷക്കായി കാലാകാലങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്. സുരക്ഷാപിഴവുകളെ സംബന്ധിച്ച് അന്വേഷണം നടത്തുകയും പരിഹാരനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സിഐഎസ്എഫ് വിഭാഗത്തെയും വിമാനത്താവളങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കുകയും ഡമ്മി പരിശോധനകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. വിമാനത്താവളങ്ങളിലെ ടെര്‍മിനല്‍ കെട്ടിടങ്ങളിലും സമീപപ്രദേശങ്ങളിലും പൂര്‍ണ നിരീക്ഷണത്തിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലെ സുരക്ഷാ മേല്‍നോട്ടം സിഐഎസ്എഫിനാണെന്ന് മന്ത്രിയുടെ മറുപടിയില്‍ വ്യക്തമാണ്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ഏറ്റുമുട്ടി വെടിയേറ്റു മരിച്ച സംഭവം സുരക്ഷാസംവിധാനത്തിലെ പാളിച്ചയാണ് വ്യക്തമാക്കുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ.ഡി.ബി. ബിനു പറഞ്ഞു. ഉത്തരമേഖലാ എഡിജിപിയും സിഐഎസ്എഫ് എഡിജിയും കൂടിക്കാഴ്ച നടത്തി കോഴിക്കോട്: ഉത്തരമേഖലാ എഡിജിപി എന്‍. ശങ്കര്‍റെഡ്ഡിയുമായി സിഐഎസ്എഫ് എഡിജി കൂടിക്കാഴ്ച നടത്തി. സിഐഎസ്എഫ് എയര്‍പോര്‍ട്ട് സെക്ടര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍ പച്ച്‌നന്ദയാണ് എഡിജിപി എന്‍. ശങ്കര്‍റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തിയത്. കോഴിക്കോട് വിമാനത്താവളത്തിലെ അഗ്നിരക്ഷാസേനാംഗങ്ങളും സിഐഎസ്എഫ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ സംഘര്‍ഷവും ജവാന്‍ സുരേഷ്‌സിംഗ് യാദവിന്റെ മരണവും സംബന്ധിച്ച കേസിന്റെ പുരോഗതി ഇരുവരും ചര്‍ച്ച ചെയ്തു. ഉത്തരമേഖലാ എഡിജിപിയുടെ നടക്കാവിലെ ഔദ്യോഗിക വസതിയില്‍ ഇന്നലെ വൈകീട്ടോടെയായിരുന്നു കൂടിക്കാഴ്ച. സംഭവത്തെക്കുറിച്ച് സിഐഎസ്എഫ് ഐജി ആര്‍.എന്‍. സഹായിയുടെ നേതൃത്വത്തില്‍ സിഐഎസ്എഫ് പ്രത്യേകം റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.