തിരുവനന്തപുരം: വെയിറ്റിങ് ലിസ്റ്റില്‍ ടിക്കറ്റ് ഉറപ്പാകാത്ത യാത്രക്കാര്‍ക്ക് താരതമ്യേന കുറഞ്ഞനിരക്കിലെ വിമാന ടിക്കറ്റ് ലഭ്യമാക്കുന്ന പദ്ധതി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് (ഐആര്‍സിടിസി) നടപ്പിലാക്കുന്നു. ഇതിനായി ഗോ എയര്‍, സ്പൈസ് ജെറ്റ് വിമാനക്കമ്പനികളുമായി ഐആര്‍സിടിസി ധാരണയിലെത്തി.ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടും ലഭിക്കാത്തതിന്റെ പേരില്‍ യാത്ര ഉപേക്ഷിക്കുന്നത് ഒഴിവാക്കാനാണിത്.
ട്രെയിനിന്റെ റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിയതിനുശേഷം വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട, ഐആര്‍സിടിസി വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാര്‍ക്കും ഐആര്‍സിടിസി ഇമെയില്‍ അയക്കും. യാത്രയ്ക്ക് മൂന്ന് ദിവസം മുന്‍പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നല്കുന്ന അതേ പേരിലായിരിക്കും യാത്ര ചെയ്യാന്‍ ഉദ്ദേശിച്ച ദിവസമോ തൊട്ടടുത്ത ദിവസത്തേക്കോ വിമാന ടിക്കറ്റ് ലഭ്യമാക്കുക.
യാത്രക്കാര്‍ക്ക് ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റ് റദ്ദു ചെയ്ത് ഐആര്സിടിസിയുടേതന്നെ ംംം.മശൃ.ശൃരരേ.രീ.ശി എന്ന വെബ്സൈറ്റിലൂടെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം. ട്രെയിന്‍ റൂട്ടുകളിലേക്കുള്ള വിമാനങ്ങളില്‍ മാത്രമേ ഈ സൗകര്യം ലഭ്യമാകൂ. അതത് ദിവസത്തെ പ്രത്യേക വിമാനനിരക്കിനേക്കാള്‍ 30 മുതല്‍ നാല്പത് ശതമാനം വരെ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റാണ് നല്‍കുക.
ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ ക്രമം അനുസരിച്ചായിരിക്കും പരിമിതമായ വിമാന ടിക്കറ്റുകള്‍ ലഭ്യമാക്കുക. ഇതിനായി ഗോ എയറുമായി ധാരണയിലെത്തി. സ്പൈസ്ജെറ്റുമായുള്ള സഹകരണ ശ്രമങ്ങള്‍ നടക്കുകയാണെന്നും മറ്റു വിമാനക്കമ്പനികളുമായും ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. 1999ല്‍ സ്ഥാപിതമായ മിനിരത്ന പദവിയുള്ള പൊതുമേഖലാ സ്ഥാപനമായ ഐആര്‍സിടിസി കാറ്ററിംഗ്, ടൂറിസം, ഓണ്‍ലൈന്‍ ടിക്കറ്റ് എന്നീ സേവനങ്ങള്‍ക്കാണ് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: