വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ്; ഒരാള്‍ പിടിയില്‍

Monday 15 June 2015 8:32 pm IST

പോലീസ് പിടിയിലായ ജിന്റോ

ആലപ്പുഴ: വ്യാജ എടിഎം കാര്‍ഡ് നിര്‍മ്മിച്ച് എടിഎമ്മുകളില്‍ നിന്നും പണം തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. ചാലക്കുടി വാലക്കുളം കരിപ്പായി വീട്ടില്‍ ജിന്റോ ജോയി (30)യെയാണ് ഡിവൈഎസ്പി: കെ. ലാല്‍ജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തട്ടിപ്പിന്റെ ആസൂത്രകന്‍ കാഞ്ഞങ്ങാട് സ്വദേശി ഫഹദ് (30) ദുബായില്‍ സുരക്ഷിതന്‍.
ജിന്റോ ജോയി ആലപ്പുഴ പുന്നമടയിലെ പ്രമുഖ റിസോര്‍ട്ടില്‍ ഫ്രണ്ട് ഓഫീസറായി ജോലി ചെയ്യുകയാണ്. ഏതാനും ദിവസം മുമ്പ് ഇവിടെ താമസിച്ച ഹൈദരാബാദ് സ്വദേശി രഘുകുമാറിന്റെ പണം തട്ടിയെടുത്തതോടെയാണ് ഈ സംഘം നടത്തുന്ന തട്ടിപ്പ് വെളിച്ചത്തായത്.

രഘുകുമാര്‍ തന്റെ എടിഎം കാര്‍ഡ് ഹോട്ടലിലെ ബില്‍ അടയ്ക്കുന്നതിനായി നല്‍കിയപ്പോള്‍ അതിലെ നമ്പരുകള്‍ മനസിലാക്കി അത് ദുബായില്‍ കഴിയുന്ന ഫഹദിനെ ജിന്റോ അറിയിച്ചു. ഹോട്ടലില്‍ എടിഎം കാര്‍ഡ് സൈ്വപ്പ് ചെയ്യുന്ന സമയവും ഫഹദിനെ യഥാസമയം അറിയിച്ചുകൊണ്ടിരുന്നു. ഫഹദ് ദുബായിലിരുന്ന് തന്നെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്ത് എടിഎം കാര്‍ഡ് ഉടമയുടെ പാസ്‌വേര്‍ഡ് അടക്കമുള്ള എല്ലാ കാര്‍ഡ് വിവരങ്ങളും സ്വന്തമാക്കി. പിന്നീട് വ്യാജകാര്‍ഡ് നിര്‍മ്മിച്ച് കൊറിയര്‍ മുഖേന ജിന്റോയ്ക്ക് അയച്ചുനല്‍കി.

ഈ വ്യാജകാര്‍ഡ് ഉപയോഗിച്ച് എസ്ബിടിയുടെ എടിഎമ്മില്‍ നിന്ന് 60,000 രൂപയും എസ്ബിഐയുടെ എടിഎമ്മില്‍ നിന്ന് 40,000 രൂപയും രഘുകുമാറിന്റെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചു. അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിച്ചതായി മൊബൈല്‍ ഫോണില്‍ അറിയിച്ച് ലഭിച്ചപ്പോഴാണ് രഘുകുമാര്‍ താന്‍ തട്ടിപ്പിനിരയായ വിവരം അറിയുന്നത്. ഇതേത്തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

റിസോര്‍ട്ട് കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജിന്റോ കുടുങ്ങിയത്. ഇയാളില്‍ നിന്ന് 19 എടിഎം കാര്‍ഡുകളും ഒരു ലാപ്‌ടോപ്പും ജിപിഎസ് സംവിധാനമുള്ള ഒരു കാര്‍ഡ് ഡിവൈസും പിടിച്ചെടുത്തു. എടിഎമ്മുകളില്‍ നിന്ന് പിന്‍വലിച്ച ഒരു ലക്ഷം രൂപയില്‍ 600 രൂപ മാത്രമെ ഇയാള്‍ ചെലവഴിച്ചിരുന്നുള്ളു. ബാക്കി മുഴുവന്‍ പണവും കണ്ടെടുക്കാന്‍ സാധിച്ചതായി ജില്ലാ പോലീസ് മേധാവി വി. സുരേഷ്‌കുമാര്‍ അറിയിച്ചു.

ഫഹദുമായി ചേര്‍ന്ന് ജിന്റോ നേപ്പാളില്‍ പോയി പര്‍ച്ചെയ്‌സ് നടത്തിയതായും വിവരമുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് എടിഎം കാര്‍ഡിന്റെ വിവരങ്ങള്‍ തട്ടിയെടുക്കുന്നതിനായി കാര്‍ഡ് ഡിവൈസ് ഫഹദ് തനിക്ക് നല്‍കിയതെന്ന് ജിന്റോ പോലീസിനോട് പറഞ്ഞു. ഇക്കാലയളവില്‍ കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആലപ്പുഴ നോര്‍ത്ത് സിഐ: വി. ബാബു, ടൂറിസം എസ്‌ഐ: മുരളീധരന്‍, സിപിഒമാരായ സജിമോന്‍, മോഹനന്‍, ശരത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ഫഹദിനായി അന്വേഷണം വ്യാപിപ്പിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

സൂക്ഷിക്കുക; നിങ്ങളുടെ എടിഎം
പാസ്‌വേര്‍ഡുകള്‍ സുരക്ഷിതമല്ല

ആലപ്പുഴ: നമ്മള്‍ വളരെ രഹസ്യമായി സൂക്ഷിക്കേണ്ട എടിഎം കാര്‍ഡിന്റെ പിന്‍കോഡ് ഒട്ടും സുരക്ഷിതമല്ലെന്ന് ആലപ്പുഴയിലെ റിസോര്‍ട്ട് ജീവനക്കാരന്‍ നടത്തിയ തട്ടിപ്പ് വ്യക്തമാക്കുന്നു.
ബാങ്കുകളില്‍ നിന്ന് എടിഎം കാര്‍ഡിനൊപ്പം നല്‍കുന്ന രഹസ്യ പിന്‍കോഡുകള്‍ ഉറപ്പായും മാറ്റണം. പകരം ഉപഭോക്താവ് പുതിയ നമ്പര്‍ ആക്ടിവേറ്റ് ചെയ്യണം, പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

എടിഎം കാര്‍ഡുകളുടെ പാസ്‌വേര്‍ഡ് നല്‍കുന്ന ഐബിഎം സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടുകഴിഞ്ഞുവെന്ന് ആലപ്പുഴയിലെ തട്ടിപ്പ് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ ഉറപ്പായും പിന്‍നമ്പര്‍ മാറുന്നതാണ് നല്ലതെന്ന് പോലീസ് ഉപദേശിക്കുന്നു. ഉപഭോക്താക്കള്‍ സ്വയം നിശ്ചയിക്കുന്ന പിന്‍നമ്പരുകള്‍ ഹാക്ക് ചെയ്യുക ബുദ്ധിമുട്ടാണ്. ആലപ്പുഴയിലെ റിസോര്‍ട്ടിലെത്തിയ ഹൈദരാബാദ് സ്വദേശിയുടെ ഒരുലക്ഷം രൂപ ഇത്തരത്തില്‍ പിന്‍നമ്പര്‍ ഹാക്ക് ചെയ്ത് തട്ടിയെടുത്ത സംഘത്തിലെ പ്രധാനി ഫഹദ് ദുബായിലടക്കം മറ്റ് സ്ഥലങ്ങളിലും ഇത്തരത്തില്‍ ഏജന്റുമാരെ നിയോഗിച്ച് കാലങ്ങളായി പണം തട്ടിയെടുക്കുന്നതായി സംശയമുയര്‍ന്നിട്ടുണ്ട്.

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് റദ്ദ് ചെയ്തപ്പോള്‍ ഫഹദ് നേപ്പാളി യുവതിയെ വിവാഹം ചെയ്ത് അവിടത്തെ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് നിലവില്‍ ദുബായില്‍ തങ്ങുന്നതത്രെ. എടിഎം കാര്‍ഡിന്റെ പിന്‍നമ്പര്‍ ഹാക്ക് ചെയ്യുന്ന ജിപിഎസ് സംവിധാനമുള്ള കാര്‍ഡ് ഡിവൈസ് അടക്കം നല്‍കിയാണ് ഇയാള്‍ വന്‍ റിസോര്‍ട്ടുകളിലെയും ഹോട്ടലുകളിലെയും ജീവനക്കാരെ തന്റെ  ഏജന്റുമാരായി നിയോഗിച്ചിട്ടുള്ളതത്രെ. ജിന്റോയടക്കം നിയോഗിച്ചിട്ടുള്ള മുഴുവന്‍ ഏജന്റുമാരും തട്ടിപ്പ് നടത്തി കൃത്യമായ വിഹിതം ഫഹദിന് നല്‍കണം.

ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ബില്‍ അടയ്ക്കുന്നതിനായി എടിഎം കാര്‍ഡ് നല്‍കുന്നതും ഏറെ സൂക്ഷിച്ച് വേണമെന്നും ഇവിടത്തെ അനുഭവം മുന്നറിയിപ്പ് നല്‍കുന്നു.
മറ്റൊരു സുഹൃത്ത് മുഖേനയാണ് പുന്നമടയിലെ റിസോര്‍ട്ട് ജീവനക്കാരനായ ജിന്റോ ജോസ് ബംഗളൂരുവില്‍ വച്ച് ഫഹദിനെ പരിചയപ്പെടുന്നത്.

സമ്പന്ന കുടുംബാംഗമായ ജിന്റോയെ കൂടുതല്‍ പണം ഉണ്ടാക്കണമെന്ന ആഗ്രഹമാണ് തട്ടിപ്പ് സംഘത്തിലെത്തിച്ചത്. ബികോം പാസായ ശേഷം സിഎയ്ക്ക് പാര്‍ട്ട് ടൈമായി പഠിക്കുകയാണ് ജിന്റോ. സഹോദരി ഡോക്ടറാണ്. ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപിച്ച് ധാരാളം പണം ജിന്റോക്ക് നഷ്ടപ്പെട്ടിരുന്നു. ഇതും ഇയാളെ തട്ടിപ്പ് നടത്താന്‍ പ്രേരിപ്പിച്ചു. വിശദമായ അന്വേഷണം നടത്തിയാല്‍ വന്‍തട്ടിപ്പിന്റെ ചുരുളുകളാകും അഴിയുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.