ലണ്ടന്‍: അടുത്ത വര്‍ഷം ഫ്രാന്‍സില്‍ നടക്കുന്ന യൂറോ 2016 ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാ മത്സരങ്ങളില്‍ മികച്ച വിജയവുമായി ഇംഗ്ലണ്ടും സ്ലൊവാക്യയും യോഗ്യതക്കടുത്തെത്തി. ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്ലൊവേനിയയെയും ഗ്രൂപ്പ് സിയില്‍ സ്ലൊവാക്യ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മാസിഡോണിയെയും പരാജയപ്പെടുത്തിയാണ് യോഗ്യതയ്ക്കടുത്തെത്തിയത്.
സ്ലൊവേനിയക്കെതിരായ കളിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ഇംഗ്ലണ്ട് വിജയം പിടിച്ചെടുത്തത്. ഇരട്ട ഗോളുകള്‍ നേടിയ വില്ഷയറിന്റെയും വിജയഗോള്‍ നേടിയ വെയ്ന്‍ റൂണിയുടെയും മികവാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. ഈ ഗോളോടെ റൂണി എക്കാലത്തെയും മികച്ച താരമായ ഗ്യാരി ലിനേക്കറുടെ 48 ഗോളുകള്‍ എന്ന റെക്കോര്‍ഡിനൊപ്പം രണ്ടാം സ്ഥാനത്താണ്.
106 കൡകളില്‍ നിന്ന് 49 ഗോള്‍ നേടിയ സര് ബോബി ചാള്‍ട്ടനാണ് ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഗോള്വേട്ടക്കാരന്. ഈ റെക്കോര്‍ഡിനൊപ്പമെത്താന്‍ റൂണിക്ക് ഇനി ഒരു ഗോള്‍ കൂടി മതി. സ്ലൊവേനിയക്ക് വേണ്ടി നൊവാകോവിച്ചും പെക്നിക്കും ലക്ഷ്യം കണ്ടു. ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളില്‍ സ്വിറ്റ്സര്‍ലന്‍ഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലിത്വാനിയയെയും എസ്റ്റോണിയ 2-0ന് സാന്‍ മരിനോയെയും പരാജയപ്പെടുത്തി. കളിച്ച ആറ് കളികളും വിജയിച്ച ഇംഗ്ലണ്ട് 18 പോയിന്റുമായാണ് മുന്നിട്ടുനില്‍ക്കുന്നത്.
ബാക്കിയുള്ള നാല് കളികളില്‍ നിന്ന് നാല് പോയിന്റുകൂടി നേടിയാല്‍ ഇംഗ്ലണ്ടിന് യൂറോകപ്പിലേക്ക് യോഗ്യത നേടാം. രണ്ടാം സ്ഥാനത്തുള്ള സ്വിറ്റ്സര്‍ലന്‍ഡിന് 12 പോയിന്റും മൂന്നാമതുള്ള സ്ലൊവേനിയക്ക് 9 പോയിന്റുമുണ്ട്.
ഗ്രൂപ്പ് സിയില്‍ സ്ലൊവാക്യ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മാസിഡോണിയയെ തകര്‍ത്താണ് യോഗ്യതക്കരികിലെത്തിയത്. ആറ് കളികളും ജയിച്ച സ്ലൊവാക്യക്ക് 18 പോയിന്റുകളാണുള്ളത്. മറ്റൊരു മത്സരത്തില്‍ സ്പെയിന് ഡേവിഡ് സില്‍വ നേടിയ ഏക ഗോളിന്റെ ബലത്തില്‍ 1-0ന് ബെലാറസിനെയും ഉക്രെയിന് 3-0ന് ലക്സംബര്‍ഗിനെയും കീഴടക്കി. സ്പെയിനിന് 15 പോയിന്റും ഉക്രെയിന് 12 പോയന്റുമാണുള്ളത്.
ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരങ്ങൡ ഒന്നാം സ്ഥാനത്തുള്ള ആസ്ട്രിയ 1-0ന് റഷ്യയെയും സ്വീഡന് 3-0ന് മോണ്ടനഗ്രോയെയും പരാജയപ്പെടുത്തി. സൂപ്പര്‍താരം ഇബ്രാഹിമോവിച്ചിന്റെ ഇരട്ടഗോളുകളാണ് സ്വീഡന് മിന്നുന്ന വിജയം സമ്മാനിച്ചത്. ഗ്രൂപ്പില്‍ ഒന്നാമതുള്ള ആസ്ട്രിയക്ക് ആറ് കളികൡ നിന്ന് 16 പോയിന്റാണുളളത്. 12 പോയിന്റുള്ള സ്വീഡന് രണ്ടാമതും 8 പോയിന്റുമായി റഷ്യ മൂന്നാം സ്ഥാനത്തുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: