അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ സുപ്രീംകോടതി റദ്ദാക്കി

Monday 15 June 2015 10:24 pm IST

ന്യൂദല്‍ഹി: ചോദ്യപ്പേപ്പറുകള്‍ ചോര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞമാസം നടന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ സുപ്രീംകോടതി റദ്ദാക്കി. പുതിയ പരീക്ഷ നാലാഴ്ചയ്ക്കകം നടത്തണമെന്നും കോടതി ഉത്തരവിട്ടു. ഇതോടെ 6.30 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ എഴുതേണ്ടിവരും. മെയ് 3ന് നടന്ന പ്രവേശന പരീക്ഷയില്‍ പത്തു സംസ്ഥാനങ്ങളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ഹരിയാന പോലീസ് റിപ്പോര്‍ട്ട് കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ നടപടി. പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്നും പരീക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി അവധിക്കാല ബെഞ്ചിന്റെ ഉത്തരവ്. ചോദ്യപേപ്പര്‍ ചോര്‍ന്നതിന്റെ പ്രയോജനം ഒരാള്‍ക്കെങ്കിലും ലഭിച്ചിട്ടുണ്ടെങ്കില്‍ പ്രവേശന പരീക്ഷയുടെ പ്രാധാന്യം നഷ്ടപ്പെടുമെന്ന് ജസ്റ്റിസുമാരായ ആര്‍.കെ അഗര്‍വാള്‍, അമിതാവ് റോയ് എന്നിവര്‍ പറഞ്ഞു. ഒരുമാസത്തിനകം സിബിഎസ്ഇ പുതിയ പ്രവേശന പരീക്ഷ നടത്തണമെന്നും മെഡിക്കല്‍ കോളേജുകള്‍ സിബിഎസ്ഇയുമായി സഹകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.700ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യപ്പേപ്പര്‍ ചോര്‍ന്നുകിട്ടിയെന്ന് ചോര്‍ച്ചയെപ്പറ്റി ലഭിച്ച പരാതിയിന്മേല്‍ അന്വേഷണം നടത്തിയ ഹരിയാന പോലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ 44 പേരെ തിരിച്ചറിയുകയും ചെയ്തു. പരീക്ഷ റദ്ദാക്കണമെന്ന് ഹരിയാന പോലീസ് കോടതിയോട് അഭ്യര്‍ത്ഥിച്ചു. പോലീസ് റിപ്പോര്‍ട്ടടക്കം ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. പരീക്ഷയുടെ ഉത്തരസൂചിക മൊബൈല്‍ ഫോണ്‍വഴി കൈമാറിയെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. വീണ്ടും പ്രവേശനപരീക്ഷ നടത്തണമെന്ന ആവശ്യത്തെ സിബിഎസ്ഇക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ എതിര്‍ത്തെങ്കിലും പരീക്ഷ റദ്ദാക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. പരീക്ഷ വീണ്ടും നടത്തുന്നതുമൂലം പ്രവേശന നടപടികള്‍ വൈകാന്‍ സാധ്യതയുണ്ടെന്നും മെഡിക്കല്‍ കോളേജുകള്‍ ഇതിനോട് സഹകരിക്കണമെന്നും പരീക്ഷാനടത്തിപ്പിനെ സഹായിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതിനിടെ അഖിലേന്ത്യാ പ്രവേശന പരീക്ഷ റദ്ദാക്കിയതോടെ സംസ്ഥാനത്തെ 15 ശതമാനം മെഡിക്കല്‍ സീറ്റുകളില്‍ പ്രവേശനം വൈകുമെന്നുറപ്പായി.സംസ്ഥാനത്തുള്ള 1250 മെഡിക്കല്‍ സീറ്റുകളില്‍ 200 സീറ്റുകളിലേക്കുള്ള പ്രവേശനമാണ് വൈകുക. എന്നാല്‍ 85 ശതമാനം സീറ്റുകളിലെ പ്രവേശനം നിലവില്‍ നിശ്ചയിച്ച പ്രകാരം തന്നെ നടത്താനാകും. അഖിലേന്ത്യാതലത്തില്‍ പുതിയ പ്രവേശന പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കുന്നതിനും റാങ്ക്പട്ടികയും അലോട്ട്‌മെന്റ് പട്ടികയും തയ്യാറാക്കുന്നതിനുമായി രണ്ടുമാസത്തോളം സമയം വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദന്തല്‍ വിഭാഗത്തില്‍ 50ശതമാനം പ്രവേശനവും അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയെ അടിസ്ഥാനമാക്കിയായതിനാല്‍ ദന്തല്‍ ക്ലാസുകള്‍ ആരംഭിക്കാനും വൈകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.