കരിപ്പൂര്‍ വിമാനത്താവള വികസനം : മുസ്ലിം ലീഗിന്റെ ഇരട്ടത്താപ്പ് വെളിച്ചത്ത്

Monday 15 June 2015 10:30 pm IST

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് വിഘാതമായി നില്‍ക്കുന്ന ഭൂമിയേറ്റെടുക്കലിന് കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് മുസ്ലിം ലീഗ് ഭരിക്കുന്ന നെടിയിരുപ്പ്, പള്ളിക്കല്‍, കൊണ്ടോട്ടി പഞ്ചായത്തുകള്‍. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന മുസ്ലിം ലീഗ് നേതൃയോഗം ഭൂമിയേറ്റെടുക്കലിന് മുമ്പില്‍ നില്‍ക്കുമെന്ന് പ്രഖ്യാപിക്കുമ്പോഴും ഭൂമിയേറ്റെടുക്കലിനെതിരെയുള്ള സമരസമിതിയുടെ നേതൃത്വം മുസ്ലിം ലീഗിന്. മുസ്ലിംലീഗ് നേതാക്കളായ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.പി. മുഹമ്മദ്, കൊണ്ടോട്ടി ബ്ലോക്ക്  പഞ്ചായത്ത് മെമ്പര്‍ അബുബക്കര്‍ ഹാജി എന്നിവരാണ് സമരസമിതിയുടെ അമരത്തുള്ളത്. സമരസമിതിയുടെ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിക്കുന്നത് നെടിയിരുപ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മൂസക്കുട്ടിയാണ്. കോണ്‍ഗ്രസ് നേതാവ് ചുക്കാന്‍ ബിച്ചു ചെയര്‍മാനായും സിപിഎം നേതാവായ ശിവരാമന്‍ കണ്‍വീനറുമായി മുസ്ലിംലീഗ് നയിക്കുന്ന സമരത്തെ പിന്തുണക്കുന്നു. ഭൂമി ഏറ്റെടുക്കലിനെതിരെ നിരന്തരം സമരം ചെയ്യുന്ന ലീഗ് നേതൃത്വമാണ് വിമാനത്താവള വികസനത്തിന് മുന്നില്‍ നില്‍ക്കുമെന്ന് ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വിമാനത്താവളത്തിന് ചുറ്റുമുള്ള മൂന്ന് പഞ്ചായത്തുകള്‍ ഭരിക്കുന്നത് മൃഗീയ ഭൂരിപക്ഷത്തോടെ മുസ്ലിം ലീഗാണ്. നെടിയിരുപ്പ് , പള്ളിക്കല്‍, കൊണ്ടോട്ടി എന്നീ പഞ്ചായത്തുകളില്‍ പ്രതിപക്ഷം പേരിന് മാത്രമാണ്. മുസ്ലിം ലീഗിന്റെ ജില്ലാ-പ്രാദേശിക നേതൃത്വങ്ങളുടെ കടുത്ത എതിര്‍പ്പാണ് വിമാനത്താവള വികസനത്തെ ഇല്ലാതാക്കിയത്. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, പിഡിപി തുടങ്ങിയ സംഘടനകളും ഈ സമരത്തെ ശക്തമായി പിന്തുണക്കുന്നു. ഇന്ത്യയിലെ അപൂര്‍വം ടേബിള്‍ ടോപ്പ് വിമാനത്താവളങ്ങളിലൊന്നാണ് കരിപ്പൂരിലേത്. ഇവിടെ സുഗമമമായി വിമാന സര്‍വീസ് നടത്തണമെങ്കില്‍ 13000 അടിയെങ്കിലും റണ്‍വേ ഉണ്ടായിരിക്കണം. നിലവില്‍ ഇത് 9000 അടി മാത്രമാണ്. വിമാനത്താവള വികസനത്തിനായി 385.3 ഏക്കര്‍ ഭൂമി ഏറ്റെടുക്കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ട് പതിറ്റാണ്ടുകളായി. എന്നാല്‍ ഭൂമി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന പ്രദേശങ്ങളില്‍ വന്‍ കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കിക്കൊണ്ടാണ് ചുററുമുള്ള പഞ്ചായത്ത് ഭരണസമിതികള്‍ ഭൂമി ഏറ്റെടുക്കലിനെതിരെ പുതിയ തന്ത്രം മെനയുന്നത്. 2013 മുതല്‍ നിലവിലുള്ള റണ്‍വേയുടെ തകര്‍ച്ച തുടങ്ങിയിരുന്നു. റണ്‍വേയുടെ ഇരുവശങ്ങളിലുമായി 150 മീറ്റര്‍ വീതമെങ്കിലും ഒഴിച്ചിടണം. എന്നാല്‍ നിലവില്‍ അത് 75 മീറ്റര്‍ വീതമാണ്. അപായ സാദ്ധ്യത ഏറെയുള്ള ഈ വിമാനത്താവളത്തിന്റെ വികസനത്തിന് കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുന്ന മുസ്ലിംലീഗാണ് ഇപ്പോള്‍ പ്രവാസികളുടെയും പൊതുജനങ്ങളുടെയും കണ്ണില്‍ പൊടിയിടാന്‍ സമരവും പ്രഖ്യാപനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.